മനയ്ക്കച്ചിറ ടൂറിസംപദ്ധതി അവഗണനയില്‍

Sunday 24 July 2011 11:30 pm IST

ചങ്ങനാശേരി: കോടികള്‍ മുടക്കി നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയ മനയ്ക്കച്ചിറ ടൂറിസംപദ്ധതി അവഗണനയില്‍. ചങ്ങനാശേരിയില്‍ ടൂറിസം മേഖലയുടെ സമഗ്രവികസനത്തിനു വലിയ സംഭാവനകള്‍ നല്‍കുവാന്‍ കഴിയുന്ന ഈ പദ്ധതി പാതിവഴിയില്‍ ഉപേക്ഷിച്ചിരിക്കുകയാണ്‌. വാഗ്ദാനങ്ങള്‍ കടലാസില്‍ മാത്രമായിരിക്കുന്നു. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ പദ്ധതിക്ക്‌ ഇനിയും ലക്ഷ്യത്തിലെത്താന്‍ കഴിഞ്ഞിട്ടില്ല. 1.20 കോടി രൂപമുടക്കി എസി കനാലില്‍ മനയ്ക്കച്ചിറ മുതല്‍ മങ്കൊമ്പു വരെയുള്ള ഇരുപതു കിലോമീറ്റര്‍ ഭാഗത്താണ്‌ പദ്ധതി നടപ്പാക്കിയിട്ടുള്ളത്‌. അര കിലോമീറ്റര്‍ നീളത്തില്‍ പവലിയനുകളും ഇരുപത്തിയഞ്ചു പേര്‍ക്കിരിക്കാവുന്ന ഭക്ഷണ പവലിയനുകളുമൊരുക്കിയിരക്കുന്നു. പവലിയനുകളുടെ ചിലഭാഗങ്ങള്‍ അടര്‍ന്നുവീഴാറായ നിലയിലാണ്‌. പോളകള്‍ നീക്കം ചെയ്യാത്തതാണ്‌ ഇതിനുകാരണം. പുത്തനാറ്റില്‍ നടക്കുന്ന ചങ്ങനാശേരി ജലോത്സവത്തിണ്റ്റെ പേരും പ്രശസ്തിയും വര്‍ദ്ധിപ്പിക്കുന്നതിന്‌ ഈ പദ്ധതി സഹായകമാണ്‌. എന്നാല്‍ എംഎല്‍എ യുടെ സാന്നിദ്ധ്യത്തില്‍ ഏറെ പൊടിപൊടിച്ച്‌ ഉദ്ഘാടനം നടത്തപ്പെട്ട പദ്ധതിയാണ്‌ ഇപ്പോള്‍ അവഗണിക്കപ്പെട്ടുകിടക്കുന്നത്‌. ടൂറിസ്റ്റുകള്‍ക്കായി സഞ്ചരിക്കുന്ന ഭക്ഷണശാലകളും, രൌസ്ബോട്ടുകളും, മോട്ടോര്‍ ബോട്ടുകളും പെഡല്‍ബോട്ടുകളും ടൂറിസംമേഖലയിലേക്ക്‌ എത്തിക്കുമെന്ന്‌ ഉറപ്പുനല്‍കിയെങ്കിലും എല്ലാം ജലരേഖയായി മാറി.