സ്വകാര്യ ബസ് സമരം തുടങ്ങി

Monday 7 January 2013 11:52 am IST

കൊച്ചി: സംസ്ഥാനത്ത് സ്വകാര്യ ബസ് ജീവനക്കാരുടെ പണിമുടക്ക് ആരംഭിച്ചു. വിവിധ സംഘടനകളുടെ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് സമരം. എല്ലാ ജില്ലകളിലും സമരം പൂര്‍ണമാണ്. കഴിഞ്ഞ ദിവസം ലേബര്‍ കമ്മീഷണറുടെ അധ്യക്ഷതയില്‍ കൊച്ചിയില്‍ ചേര്‍ന്ന അനുരഞ്ജന ചര്‍ച്ച പരാജയപ്പെട്ടിരുന്നു. കെ.എസ്.ആര്‍.ടി.സി സര്‍വ്വീസുകള്‍ കൂടുതലുള്ള തിരുവനന്തപുരം നഗരത്തിലും സമരം യാത്രാക്ലേശം രൂക്ഷമാക്കി. ട്രാന്‍സ്‌പോര്‍ട്ട് ബസുകളില്‍ വന്‍ തിരക്കായിരുന്നു. അതേസമയം, നഗരത്തില്‍ നാമാത്രമായി സ്വകാര്യബസുകള്‍ രാവിലെ സര്‍വ്വീസ് നടത്തി. സ്വകാര്യബസുകള്‍ കൂടുതലുള്ള മേഖലകളില്‍ യാത്ര തടസ്സപ്പെട്ടു. ഗ്രാമ പ്രദേശങ്ങളെയാണ് സമരം കാര്യമായി ബാധിച്ചത്. നാല് തൊഴിലാളി സംഘടനകള്‍ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. ഭരണ പ്രതിപക്ഷ ട്രേഡ് യൂണിയന്‍ സംഘടനകള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. കാലോചിതമായ വേതന വര്‍ദ്ധനവ്, ജോലി സമയത്തിന്റെ ഏകീകരണം തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. 2008 സെപ്റ്റംബറിലായിരുന്നു തൊഴിലാളികളുടെ വേതനയിനത്തില്‍ അവസാന വര്‍ദ്ധനയുണ്ടായത്. ഇതിനിടെ പല തവണ ബസ്‌കൂലി വര്‍ദ്ധിപ്പിച്ചിട്ടുണ്ടെങ്കിലും തങ്ങള്‍ പരിഗണിക്കപ്പെട്ടില്ലെന്ന് തൊഴിലാളികള്‍ പറയുന്നു. ഇതാണ് സമരത്തിനിറങ്ങാനുള്ള സാഹചര്യമെന്നും അവര്‍ വ്യക്തമാക്കി. അതേസമയം സമരത്തേ നേരിടാന്‍ കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസുകള്‍ നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. പങ്കാളിത്ത പെന്‍ഷന്‍ പിന്‍‌വലിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും നാളെമുതല്‍ അനിശ്ചിതകാല സമരം തുടങ്ങുന്നതോടെ സര്‍ക്കാര്‍ ഓഫീസുകളും സ്തംഭിക്കും. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കെ.എസ്.ആര്‍.ടി.സിയില്‍ നാളെ രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെ ഒരു വിഭാഗം ജീവനക്കാര്‍ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. അതോടെ ജനം നാളെ കഷ്ടത്തിലാകും. വൈദ്യുതി ബോര്‍ഡിലെ ഒരു വിഭാഗവും നാളെ സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇടതു സര്‍വ്വീസ് സംഘടന ജീവനക്കാരും അധ്യാപകരും നാളെമുതല്‍ തുടങ്ങുന്ന സമരത്തെ നേരിടാന്‍ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സമരം തുടങ്ങുന്നതോടെ സേവനമേഖലകളിലെ പ്രവര്‍ത്തനവും തടസ്സപ്പെടും. സമരങ്ങളെ തുടര്‍ന്ന് കാലിക്കറ്റ് സര്‍വ്വകലാശാല ഇന്നുമുതല്‍ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി. തീയതികള്‍ പിന്നീട് അറിയിക്കും. എം.ജി, കേരള, കണ്ണൂര്‍ സര്‍വ്വകലാശാലകളുടെ പരീക്ഷകളില്‍ മാറ്റമില്ല. പി.എസ്.സി പരീക്ഷയും മാറ്റിവച്ചിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.