സര്‍സംഘചാലകിനോട്‌ ചാനല്‍ ഖേദം പ്രകടിപ്പിച്ചു

Tuesday 8 January 2013 10:29 am IST

ന്യൂദല്‍ഹി: ആര്‍എസ്‌എസ്‌ സര്‍സംഘചാലക്‌ മോഹന്‍ ഭാഗവതിന്റെ പ്രസംഗങ്ങള്‍ തെറ്റായി റിപ്പോര്‍ട്ടുചെയ്ത ഇംഗ്ലീഷ്‌ വാര്‍ത്താ ചാനലായ സിഎന്‍ഐബിഎന്‍ ഖേദം പ്രകടിപ്പിച്ചു. സര്‍സംഘചാലക്‌ മോഹന്‍ ഭാഗവതിന്റെ പ്രസംഗം സ്ത്രീകളെ അപമാനിച്ചെന്നാക്ഷേപിച്ച്‌ ആദ്യം വാര്‍ത്ത പ്രചരിപ്പിച്ച സിഎന്‍എന്‍-ഐബിഎന്‍ ടിവിചാനല്‍ ഡെപ്യൂട്ടി എഡിറ്റര്‍ സാഗരിക ഘോഷാണ്‌ ആദ്യം ഖേദം പ്രകടിപ്പിച്ചത്‌. ട്വിറ്ററില്‍ അവര്‍ ഇങ്ങനെ രേഖപ്പെടുത്തി, "വാസ്തവത്തില്‍ ഭാഗവത്ജി പരാമര്‍ശിച്ചത്‌ വിവാഹത്തിലെ കരാറിനെക്കുറിച്ചാണ്‌. അദ്ദേഹത്തിന്റെ പ്രസ്താവന സ്ത്രീകളെ അപമാനിക്കുന്നതാണെന്ന്‌ അടിസ്ഥാനമില്ലാതെ ഊഹിച്ചുപോയതിന്‌ ഭാഗവത്ജിയോട്‌ വളരെ ഖേദിക്കുന്നു." സര്‍സംഘചാലകിന്റെ പ്രസംഗത്തിന്റെ വീഡിയോ ആര്‍എസ്‌എസ്‌ വ്യാപകമായി പ്രചരിപ്പിച്ചതോടെയാണ്‌ മാധ്യമങ്ങളുടെ കള്ളിവെളിച്ചത്തായത്‌. തുടര്‍ന്നാണ്‌ വിവിധ പ്രാദേശിക മാധ്യമങ്ങള്‍ തങ്ങള്‍ക്ക്‌ പിഴവു പറ്റിയതായി കുറ്റസമ്മതം നടത്തിയത്‌. സാമൂഹ്യ പ്രവര്‍ത്തകയായ കിരണ്‍ ബേഡി ഇങ്ങനെ എഴുതി,"ഭാഗവതിന്റെ പ്രസംഗം യു ട്യൂബില്‍ കേട്ടശേഷം സ്ത്രീകളെ ബഹുമാനിക്കുന്ന ഭാരത മൂല്യങ്ങളെക്കുറിച്ചാണ്‌ അദ്ദേഹം പറയുന്നതെന്ന്‌ മനസ്സിലായി. മാധ്യമങ്ങള്‍ പ്രചരിപ്പിച്ച തെറ്റിദ്ധാരണ തിരുത്തണം." പക്ഷേ, അബദ്ധം മനസ്സിലാക്കിയ പല മാധ്യമങ്ങളും നിലപാടു തിരുത്താന്‍ ഇനിയും തയ്യാറായിട്ടില്ല. അതേസമയം, സര്‍സംഘചാലക്‌ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പരാമര്‍ശങ്ങളുടെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ- "അടുത്തിടെ നമ്മുടെ രാജ്യത്തുണ്ടായ ചില സംഭവങ്ങള്‍ അടിവരയിടുന്നത്‌ ഇതാണ്‌, സ്ത്രീത്വത്തെ ബഹുമാനിക്കുന്നതും അന്യരോടുള്ള സഹാനുഭൂതിയും അതിവേഗം ഇല്ലാതായിക്കൊണ്ടിരിക്കുന്നു. സമൂഹസ്വഭാവം നാം ആഗ്രഹിക്കുന്ന തരത്തില്‍ മാറ്റിയെടുക്കാന്‍ ഈ മൂല്യങ്ങള്‍ അടിയന്തരമായി പുനഃസ്ഥാപിക്കേണ്ടതുണ്ട്‌," ഒരുപുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാമി വിവേകാനന്ദനെ ഉദ്ധരിച്ചും പുരാണങ്ങളില്‍നിന്നു കഥകള്‍ ഉദാഹരിച്ചും മാനവികതയുടെ ശോഷണത്തെക്കുറിച്ച്‌ സര്‍സംഘചാലക്‌ പരിതപിച്ചു. സംവേദനക്ഷമമായ ഒരു സമൂഹത്തെ സൃഷ്ടിക്കാന്‍ സാഹോദര്യവും സ്നേഹവും സഹാനുഭൂതിയും പോലുള്ള നല്ല മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചു. " മനുഷ്യ ജീവിതത്തില്‍ ഒട്ടേറെ സാഹചര്യമാറ്റങ്ങള്‍ സംഭവിക്കും. കാലചക്രം കൃത്യമായ ഇടവേളയില്‍ ചുറ്റിക്കൊണ്ടിരിക്കും, പക്ഷേ, മനുഷ്യര്‍ സ്ഥിരമായിരിക്കും. ഈ മാറ്റങ്ങളോടുള്ള സമീപനമാണ്‌ ഒരാളെ നല്ലതോ ചീത്തയോ ആക്കുന്നത്‌. ഇത്തരം സന്ദര്‍ഭങ്ങളെ അനുകൂലമാക്കി ചിന്തിക്കുന്നവര്‍ക്കേ ആ മാറ്റത്തെ സമൂഹത്തിന്റെ നന്മക്ക്‌ അതുപയോഗിക്കാന്‍ കഴിയൂ. അതിനാല്‍ നമ്മിലോരോരുത്തരും ഈ അനുകൂല മനഃസ്ഥിതി വളര്‍ത്തിയെടുക്കണം." മറ്റൊരു പരിപാടിയില്‍ നടന്ന ചോദ്യോത്തര വേളയില്‍ മറുപടി പറയവേ നഗരങ്ങളിലുള്ളവരുടെ പാശ്ചാത്യവല്‍കൃത ജീവിത രീതിയെ അദ്ദേഹം ഇങ്ങനെ വിമര്‍ശിച്ചു,ബലാത്സംഗമുള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ അധികവും സംഭവിക്കുന്നത്‌ ഇന്ത്യക്കാര്‍ അധികം പാശ്ചാത്യ ജീവിതമൂല്യങ്ങളാല്‍ അഗാധമായി സ്വാധീനിക്കപ്പെട്ടിട്ടുള്ള നഗരങ്ങളിലാണ്‌, അല്ലാതെ ഗ്രാമീണ ഭാരതത്തിലല്ല. പുതിയ നിയമ നിര്‍മ്മാണങ്ങള്‍ നടത്തുന്നതിനൊപ്പം ഇന്ത്യയുടെ ആചാര വിചാരങ്ങളും സ്ത്രീകളോടുള്ള മനോഭാവവും പൗരാണിക ഭാരതത്തിന്റെ മൂല്യസങ്കല്‍പ്പത്തില്‍ പുനരാവിഷ്കരിക്കുകയും വേണം," അദ്ദേഹം പറഞ്ഞു. വിദേശങ്ങളിലെ കുടുംബ ജീവിത രീതിയെക്കുറിച്ചും അദ്ദേഹം പറഞ്ഞു. അവിടെ ഭര്‍ത്താവും ഭാര്യയും തമ്മില്‍ ഒരു കരാറുണ്ടാക്കുന്നു, നിങ്ങള്‍ക്ക്‌ അതിനെ വിവാഹം എന്നും വിളിക്കാം. പക്ഷേ, ആത്യന്തികമായി അതൊരു കരാറാണ്‌. ഭര്‍ത്താവു പ്രതീക്ഷിക്കുന്നത്‌ ഭാര്യ തന്റെ വീട്ടുകാര്യങ്ങള്‍ ഭദ്രമായി നോക്കുമെന്നും അയാളെ സംതൃപ്തിപ്പെടുത്തുമെന്നുമാണ്‌. ഇതിന്‌ പകരമായി ഭര്‍ത്താവിന്റെ കടമ ഭാര്യക്ക്‌ സുരക്ഷയും സംരക്ഷയും നല്‍കുകയാണ്‌. കരാര്‍പ്രകാരമുള്ള വ്യവസ്ഥകള്‍ പാലിക്കാന്‍ ആയില്ലെങ്കില്‍ അവിടെ ഭര്‍ത്താവിനോ ഭാര്യക്കോ കരാര്‍ ഇല്ലാതാക്കാം. പുതിയൊരു കരാറിലേര്‍പ്പെടാം." സര്‍സംഘചാലകിന്റെ ഈ വാക്കുകളാണ്‌ ഏറെ തെറ്റിദ്ധാരണാജനകമായി ചില മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.