ലോകത്തിന്റെ കേന്ദ്രബിന്ദുവാകുക

Tuesday 8 January 2013 10:39 pm IST

ഒരിക്കല്‍ ഒരു ഉറുമ്പ്‌ തടാകത്തില്‍ ഒരു ഇലയിലിരുന്ന്‌ ഒഴുകി നടക്കുകയായിരുന്നു. ഉണങ്ങിയ ഇല ആയതിനാല്‍ അത്‌ എപ്പോള്‍ വേണമെങ്കിലും വെള്ളത്തിനടിയിലാകാം. ഇതറിഞ്ഞ ഉറുമ്പ്‌ ഉറക്കെ നിലവിളിക്കാന്‍ തുടങ്ങി. ലോകമിതാ വെള്ളത്തിലാണ്ടുപോകാന്‍ തുടങ്ങുന്നു. ഞാന്‍ മുങ്ങിയാല്‍ ഈ ഭൂമിയും വെള്ളത്തിനടിയിലാകും. കാരണം ഞാനാണീ ഭൂമിയുടെ കേന്ദ്രം. ഇത്‌ പ്രാചീനകാലത്ത്‌ ഇന്ത്യ ലോകത്തിനു നല്‍കിയ ഒരു തത്വശാസ്ത്രമായിരുന്നു. നിങ്ങള്‍ ഈ അസ്ഥിത്വത്തിന്റെ കേന്ദ്രമാണ്‌. നിങ്ങള്‍ ദുഃഖിതനായാല്‍, അത്‌ നിങ്ങള്‍ നിങ്ങള്‍ക്കുചുറ്റും പ്രസരിപ്പിക്കും. അതുപോലെ, നിങ്ങള്‍ ദയാലുവാണെങ്കില്‍ ആ ദയയും നിങ്ങള്‍ക്കുചുറ്റും പ്രസരിക്കും. അതുപോലെ സന്തോഷം, സ്നേഹം ഇവയൊക്കെ ചുറ്റും പരത്താന്‍ നിങ്ങള്‍ക്കാകും. സ്വത്വത്തില്‍നിന്നാണ്‌ സ്നേഹം പ്രസരിക്കപ്പെടുന്നത്‌. നിങ്ങള്‍ നിങ്ങളെത്തന്നെ സ്നേഹിക്കാന്‍ തുടങ്ങുന്നു. നിങ്ങളുടെ കഴിവുകള്‍ കഴിവുകേടുകള്‍ എല്ലാം എല്ലാം ഉള്‍ക്കൊണ്ട്‌ ഒരു വ്യവസ്ഥകളുമില്ലാത്ത സ്നേഹം. ആ സ്നേഹം നിങ്ങളുടെ കഴിവിനെയും കഴിവുകേടിനെയും സ്വീകരിക്കാന്‍ പഠിക്കുന്നു. അപ്പോള്‍ മാത്രമേ ആധ്യാത്മികപാതയില്‍ നിങ്ങളൊരു കാതം മുന്നോട്ടുപോയി എന്നു പറയാന്‍ കഴിയൂ. കാലക്രമേണ നിങ്ങളില്‍ ഒരു പോരായ്മയും കാണാന്‍ പറ്റാത്ത ഒരു സമയം വരും. ഈയൊരു അവസ്ഥയാണ്‌ നാം വിദ്യാഭ്യാസത്തിനും നല്‍കേണ്ടത്‌. കാര്യങ്ങള്‍ മനസിലാക്കുക, കഴിവുകള്‍ പരിപോഷിപ്പിക്കുക എന്നിവ ഒരു സ്കൂളില്‍ ആവശ്യം വേണ്ടതാണ്‌. കുട്ടികള്‍ അവരുടെ നിഷ്ക്കളങ്കത കാത്തുസൂക്ഷിക്കേണ്ടതാണ്‌. അവരുടെ സ്വഭാവനൈര്‍മല്യം, മുന്‍ധാരണകളില്ലാത്ത ബുദ്ധി എന്നീ ഗുണങ്ങളും ഒരിക്കലും കൈവിടാന്‍ പാടില്ല. ഈ ഗുണങ്ങളുടെ ഒത്തുചേരല്‍ സ്വാഭാവികമായും ആത്മീയതയിലേക്ക്‌ നയിക്കുന്നു. പ്രായഭേദമന്യേ എല്ലാവരുമായി സ്വതന്ത്രമായി ഇടപഴകാനാകണം. ഇനി നിങ്ങളുടെ ചുറ്റുമുള്ളവരോട്‌ എങ്ങനെ പെരുമാറുന്നു എന്നു ശ്രദ്ധിക്കുക. നഴ്സറിക്കുട്ടികളോട്‌, പ്രായം ചെന്നവരോട്‌, അമ്മാവന്മാരോട്‌, അച്ഛനമ്മമാരോട്‌ എങ്ങനെയാണ്‌ പെരുമാറുന്നത്‌. എപ്പോഴും സ്വതന്ത്രവും സ്വാഭാവികവുമാണോ. ഇമ്മാതിരി ചോദ്യങ്ങള്‍ നിങ്ങള്‍ നിങ്ങളോടുതന്നെ ചോദിക്കുക. നിങ്ങളിലെ തന്റേതെന്ന തോന്നല്‍ സത്യസന്ധമാണെങ്കില്‍ നിങ്ങള്‍ക്ക്‌ തിളങ്ങുന്ന വ്യക്തിത്വത്തിന്റെ ഉടമയാകാം. ഉന്നത ബിരുദങ്ങള്‍ നേടി ഉയര്‍ന്ന പദവിയിലിരിക്കുന്ന പലര്‍ക്കും മാതൃകാപരമായ ഒരു വ്യക്തിത്വമില്ലെന്ന്‌ കാണാനാകും. നേരെ തിരിച്ചുള്ള സന്ദര്‍ഭങ്ങളും ഉണ്ട്‌. ഇനി ചിലര്‍ക്ക്‌ ഇവ രണ്ടും ഉണ്ടാകും. അവര്‍ പ്രസിദ്ധരാണ്‌. ചിലപ്പോള്‍ അവരുടെ സ്വകാര്യ ജീവിതം പരാജയമായിരിക്കാം. അവരുടെ മുഖത്ത്‌ നിങ്ങള്‍ക്ക്‌ ഒരിക്കലും പുഞ്ചിരി കാണാനാകില്ല.

  • ശ്രീ ശ്രീ രവിശങ്കര്‍
 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.