ഒവൈസി അറസ്റ്റില്‍

Tuesday 8 January 2013 10:45 pm IST

ഹൈദരാബാദ്‌: നിസാമബാദില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കുംവിധം പ്രസംഗിച്ചതിന്‌ മജ്ലിസ്‌ ഇ ഇത്തഹാദുള്‍ മുസ്ലിമീന്‍ (എംഐഎം) നേതാവ്‌ അക്ബറുദ്ദീന്‍ ഒവൈസിയെ പോലീസ്‌ അറസ്റ്റ്‌ ചെയ്തു. ഇന്നലെ വൈദ്യപരിശോധനയ്ക്ക്‌ വിധേയനാക്കിയ ശേഷമാണ്‌ അറസ്റ്റ്‌ ചെയ്തത്‌. അനാരോഗ്യം ചൂണ്ടിക്കാട്ടി പോലീസിനു മുന്നില്‍ ഹാജരാകാന്‍ ഒവൈസി വിസമ്മതിച്ചതിനെത്തുടര്‍ന്നാണ്‌ വൈദ്യപരിശോധനയ്ക്ക്‌ വിധേയനാക്കിയത്‌.~ഒരു സംഘം പോലീസുകാര്‍ ഒവൈസിയുടെ ബഞ്ചാര ഹില്‍സിലെ വസതിയിലെത്തിയാണ്‌ ആശുപത്രിയിലേക്ക്‌ കൊണ്ടുപോയതും, പിന്നീട്‌ അറസ്റ്റ്‌ രേഖപ്പെടുത്തിയതും. പോലീസിന്റെ ചോദ്യം ചെയ്യലിന്‌ ഒവൈസി തയ്യാറാണോയെന്ന്‌ ഉറപ്പുവരുത്തുവാനാണ്‌ വൈദ്യപരിശോധന നടത്തുന്നതെന്ന്‌ ഐജി എ.ബി വെങ്കിടേശ്വര റാവു മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞിരുന്നു. വൈദ്യ പരിശോധനയ്ക്ക്‌ എത്തിച്ചപ്പോള്‍ ആശുപത്രി വളപ്പില്‍ നേരിയ സംഘര്‍ഷം ഉണ്ടായിരുന്നു. വിവാദ പ്രസംഗം നടത്തിയതിനെതിരെ ഒവൈസിക്കെതിരെ പോലീസ്‌ കേസെടുത്തിരുന്നു. സമാനമായ മറ്റൊരു കേസില്‍ അദിലാബാദ്‌ പോലീസ്‌ ഒവൈസിക്കെതിരെ പ്രസ്തുതവകുപ്പുകള്‍ ചേര്‍ത്ത്‌ കേസെടുത്തിട്ടുണ്ട്‌. നിസാമബാദില്‍ ഡിസംബര്‍ എട്ടിനായിരുന്നു വര്‍ഗീയവികാരം ഇളക്കിവിട്ടുകൊണ്ട്‌ അക്ബറുദ്ദീന്‍ പ്രസംഗിച്ചതെങ്കില്‍ അദിലാബാദിലെ നിര്‍മല്‍ ടൗണില്‍ ഡിസംബര്‍ 24നാണ്‌ അത്തരത്തില്‍ സംസാരിച്ചത്‌. ഇയാള്‍ക്കെതിരെ നടപടിയെടുക്കണമെന്ന്‌ വിവിധകോണുകളില്‍ നിന്നും ആവശ്യമുയര്‍ന്നെങ്കിലും ആന്ധ്രാപ്രദേശ്‌ നിയമസഭയില്‍ എംഐഎം കക്ഷിനേതാവും എംഎല്‍എയും കൂടിയായ അക്ബറുദ്ദീനെതിരെ ചെറുവിരലനക്കാന്‍ പോലീസ്‌ തയ്യാറായില്ല. ഇയാളുടെ മൂത്തസഹോദരന്‍ അസാദുദ്ദീന്‍ ഒവൈസി ഹൈദരാബാദില്‍ നിന്നുള്ള ലോക്സഭാ അംഗമാണ്‌. വിവിധ സമുദായങ്ങള്‍ തമ്മില്‍ മനപ്പൂര്‍വം കലഹമുണ്ടാക്കുംവിധം പ്രസംഗിച്ചു എന്ന കുറ്റത്തിന്‌ ഐപിസി വകുപ്പ്‌ 153(എ) പ്രകാരമാണ്‌ അക്ബറുദ്ദീനെതിരെ കേസെടുത്തിരിക്കുന്നത്‌. ഡിസംബര്‍ 24ന്‌ നിര്‍മല്‍ ടൗണില്‍ രണ്ടുമണിക്കൂര്‍ നീണ്ടുനിന്ന പ്രസംഗത്തില്‍ ഒരു പ്രത്യേക മതവിഭാഗത്തെ ശക്തിപരീക്ഷണത്തിന്‌ ഇയാള്‍ വെല്ലുവിളിക്കുകയും ചെയ്തു. നിര്‍മല്‍ പ്രസംഗത്തിനെതിരെ അഭിഭാഷകനായ കാഷിംഷെട്ടി കരുണാ സാഗര്‍ എന്നയാള്‍ നല്‍കിയ പരാതിയില്‍ പ്രാദേശിക കോടതി വിധി വരുന്നതിന്‌ മണിക്കൂറുകള്‍ മുമ്പാണ്‌ അക്ബറുദ്ദീനെതിരെ പോലീസ്‌ നടപടി ഉണ്ടായത്‌. വൈദ്യ പരിശോധനയ്ക്ക്‌ ഹാജരാകണമെന്ന്‌ നിര്‍മ്മല്‍ റൂറല്‍ പോലീസ്‌ ഒവൈസിക്ക്‌ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ്‌ ഒവൈസി ഇന്നലെ വൈദ്യപരിശോധനയ്ക്ക്‌ ഹാജരായത്‌. സുരക്ഷാ സ്ഥിതിഗതികള്‍ കണക്കിലെടുത്ത്‌ വന്‍ പോലീസ്‌ സന്നാഹമാണ്‌ ആശുപത്രിയില്‍ ഉണ്ടായിരുന്നത്‌. വിവാദ പ്രസംഗവുമായി ബന്ധപ്പെട്ട്‌ ഇന്നലെ പോലീസ്‌ സ്റ്റേഷനില്‍ ഹാജരാകുവാനും ഈ മാസം പത്തിന്‌ മുമ്പ്‌ ഒസ്മാനിയ യൂണിവേഴ്സിറ്റി പോലീസിനു മുന്നില്‍ ഹാജരാകുവാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. വിവാദ പ്രസംഗങ്ങളെത്തുടര്‍ന്ന്‌ ഒവൈസിക്കെതിരെ വിവിധ പോലീസ്‌ സ്റ്റേഷനുകള്‍ കേസെടുത്തിട്ടുണ്ട്‌. ഈ കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട്‌ ഒവൈസി ഹര്‍ജികള്‍ സമര്‍പ്പിച്ചിട്ടുണ്ട്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.