തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ സിഐടിയു വിഭാഗം ആഹ്വാനം ചെയ്ത അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു. പിരിച്ചുവിട്ട എം.പാനല്‍ ജീവനക്കാരെ തിരിച്ചെടുക്കാന്‍ ധാരണയായതോടെയാണ് പണിമുടക്ക് അവസാനിപ്പിച്ചത്.
ഇന്ന് രാവിലെ തിരുവനന്തപുരത്ത് സമരാനുകൂലികള്‍ ബസുകള്‍ തടഞ്ഞതേത്തുടര്ന്ന് ജില്ലയില്‍ കെഎസ്ആര്‍ടിസി മുഴുവന്‍ സര്‍വീസുകളും നിര്‍ത്തിവച്ചിരുന്നു. കാട്ടാക്കടയില്‍ സമരാനുകൂലികളും യാത്രക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിനിടെയാണ് പിരിച്ചുവിട്ട എം.പാനല്ക്കാരെ തിരിച്ചെടുക്കാന്‍ ധാരണയിലെത്തിയത്.
കഴിഞ്ഞ ദിവസം സൂചനാ പണിമുടക്ക് നടത്തിയതിനു 6000 എംപാനല്‍ ജീവനക്കാരോടു ജോലിയില്‍ നിന്നു വിട്ടുനില്‍ക്കാന്‍ മാനേജ്മെന്റ് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. പണിമുടക്ക് പിന്‍വലിച്ച സാഹചര്യത്തില്‍ കെഎസ്ആര്‍ടിസി സര്‍വീസ് പുനരാരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: