സൈനികരുടെ വധം: ഇന്ത്യ പ്രതിഷേധമറിയിച്ചു

Wednesday 9 January 2013 3:50 pm IST

ന്യൂദല്‍ഹി: ജമ്മുകാശ്മീരില്‍ നിയന്ത്രണരേഖ ലംഘിച്ചെത്തി പാക്‌ സൈന്യം ഇന്ത്യന്‍ സൈനികരെ വധിച്ച സംഭവത്തെക്കുറുച്ച്‌ അന്വേഷിക്കണമെന്ന്‌ ഇന്ത്യ പാക്കിസ്ഥാനോട്‌ ആവശ്യപ്പെട്ടു. പാക്‌ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തിയാണ്‌ ഇന്ത്യ പ്രതിഷേധമറിയിച്ചത്‌. വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമാണ്‌ പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുണ്ടായത്‌. സൈനികരുടെ മൃതദേഹം വികൃതമാക്കിയ നടപടി മനുഷ്യത്വ രഹിതവും പ്രകോപനപരവുമാണെന്നും ഇത്തരം നടപടികള്‍ ആവര്‍ത്തിക്കരുതെന്നും ഇന്ത്യ പാക്കിസ്ഥാന്‌ മുന്നറിയിപ്പ്‌ നല്‍കി. ഇന്ത്യന്‍ സൈനികരെ വെടിവെച്ചുകൊന്ന സംഭവം തികച്ചും പ്രകോപനപരമാണെന്ന്‌ കേന്ദ്ര പ്രതിരോധമന്ത്രി എ.കെ ആന്റണി പറഞ്ഞു. ദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. സൈനികരെ വെടിവെച്ചുകൊല്ലുക മാത്രമല്ല. അവരുടെ മൃതദേഹത്തോട്‌ മനുഷ്യത്വരഹിതമായാണ്‌ പാക്‌ സൈന്യം പെരുമാറിയതെന്നും ആന്റണി പറഞ്ഞു. ഇക്കാര്യത്തിലുള്ള ഇന്ത്യയുടെ പ്രതിഷേധം ഔദ്യോഗികമായിതന്നെ പാക്കിസ്ഥാനെ അറിയിക്കും. അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ സസൂഷ്മം നിരീക്ഷിച്ചുവരികയാണെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു. ഇരു രാജ്യങ്ങളിലേയും മിലിറ്ററി ഓപ്പറേഷന്‍ ഡയറക്ടര്‍ ജനറല്‍മാര്‍ തമ്മില്‍ ഉടന്‍ കൂടിക്കാഴ്ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ജമ്മുകാശ്മീരിലെ പുഞ്ച്‌ ജില്ലയില്‍ നിയന്ത്രണ രേഖ മറികടന്ന്‌ നൂറ്‌ മീറ്ററോളം ഇന്ത്യന്‍ പ്രദേശത്തേക്ക്‌ കടന്നാണ്‌ പാക്‌ സൈനികരെ വധിച്ചത്‌. സംഭവത്തില്‍ വിദേശകാര്യമന്ത്രാലയം അപലപിച്ചിരുന്നു. പാക്‌ സൈന്യത്തിന്റെ നടപടിയെ തികച്ചും വൈകാരികമായാണ്‌ കാണുന്നത്‌. സംഭവം എല്ലാവരുടെയും ഇടയില്‍ വലിയ ആശങ്കകള്‍ക്ക്‌ ഇടയാക്കിയിട്ടുണ്ടെന്ന്‌ വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്‌ പറഞ്ഞു. പാക്‌ സൈന്യത്തിന്റെ ഭാഗത്തുനിന്നുണ്ടായ നടപടിയെ കോണ്‍ഗ്രസും, ബിജെപിയും അപലപിച്ചു. പാക്‌ സൈന്യത്തിന്റെ നടപടി ഇന്ത്യയ്ക്കുള്ള മുന്നറിയിപ്പാണെന്ന്‌ ബിജെപി നേതാവ്‌ അരുണ്‍ ജെയ്റ്റിലി പ്രതികരിച്ചു. എല്ലാ തെളിവുകളും ഇന്ത്യ ശേഖരിക്കണം. അന്താരാഷ്ട്ര സമൂഹത്തിനുമുമ്പില്‍ പാക്കിസ്ഥാനെ തുറന്നുകാട്ടണം. യാതൊരു പ്രകോപനവുമില്ലാതെയാണ്‌ പാക്ക്‌ സൈന്യത്തിന്റെ ഭാഗത്തുനിന്നും ആക്രമണമുണ്ടായതെന്നും ജെയ്റ്റിലി പറഞ്ഞു. പാക്കിസ്ഥാനുമായുള്ള ഓരോ നടപടിയേയും ഇന്ത്യ ജാഗ്രതയോടെ വേണം കാണാന്‍, ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും ജെയ്റ്റിലി ആവശ്യപ്പെട്ടു. അതേസമയം, അതിര്‍ത്തിയില്‍ നുഴഞ്ഞുകയറി രണ്ടു സൈനികരെ വധിച്ച സംഭവത്തില്‍ ഇന്ത്യയുടെ വാദം പാക്കിസ്ഥാന്‍ നിഷേധിച്ചു. പാക്‌ സൈന്യം ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക്‌ നുഴഞ്ഞുകയറുകയും, ഇന്ത്യന്‍ സൈനികരെ വധിക്കുകയും, മൃതദേഹത്തെ അപമാനിക്കുകയും ചെയ്യുകയായിരുന്നു എന്ന ഇന്ത്യയുടെ വാദം പാക്‌ സൈന്യമാണ്‌ നിഷേധിച്ചത്‌. പ്രകോപനമില്ലാതെയാണ്‌ ആക്രമണം നടത്തിയതെന്ന ഇന്ത്യയുടെ ആരോപണം ശരിയല്ല. തങ്ങളല്ല വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്‌. ഞായറാഴ്ച്ച പാക്‌ പോസ്റ്റിലേക്ക്‌ ഇന്ത്യന്‍ സൈന്യം നടത്തിയ വെടിവെയ്പ്പില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടുവെന്നും അവര്‍ അവകാശപ്പെട്ടു. അതേസമയം, അതിര്‍ത്തിയില്‍ നിരീക്ഷണം ശക്താമാക്കി. വടക്കന്‍ മേഖല കമാന്‍ഡര്‍ സംഘര്‍ഷം നടന്ന പുഞ്ച്‌ മേഖലയിലെത്തി സൈനികോദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.