കൊച്ചി: എയര്‍ കേരള ആരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വ്യവസ്ഥയില്‍ ഇളവ് നല്കുന്നില്ലെങ്കില് എയര്‍ ഇന്ത്യയില്‍ സംസ്ഥാനം ഓഹരി പങ്കാളിത്തം ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കൊച്ചിയില്‍ പ്രവാസി ഭാരതീയ ദിവസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എയര്‍ കേരള സര്‍വീസ് ആരംഭിച്ചാല്‍ ആദ്യദിനം തന്നെ അന്താരാഷ്ട്ര സര്‍വീസുകള്‍ നടത്തണമെന്നാണ് പ്രവാസികളുടെ ആവശ്യം. ഇല്ലെങ്കില്‍ ഓഹരി പങ്കാളിത്തത്തില്‍ നിന്നും പിന്മാറുമെന്ന് ലുലു ഗ്രൂപ്പ് ചെയര്മാന് എംഎ യുസുഫലി വ്യക്തമാക്കുകയും ചെയ്തു എന്നാല്‍ എയര്‍ കേരളയ്ക്ക് അന്താരാഷ്ട്ര സര്‍വീസുകള്‍ നടത്താന്‍ അനുമതി നല്കുന്നതില് തടസങ്ങളുണ്ടെന്നാണ് വ്യോമയാന മന്ത്രാലയത്തിന്റെ വാദം.
അഞ്ച് വര്‍ഷമെങ്കിലും ആഭ്യന്തര സര്‍വീസ് നടത്താത്ത കമ്പനികള്‍ക്ക് അന്താരാഷ്ട്ര സര്‍വീസുകള്‍ നടത്താന്‍ അനുമതി നല്കാന് കഴിയില്ല. ഈ നിയമത്തില്‍ ഭേദഗതി വേണമെന്നാണ് കേരളം ആവശ്യപ്പെടും. കേരളത്തില്‍ നിന്നുള്ള പ്രവാസികള്‍ക്കായി ആഗോള ഉപദേശകസമിതി രൂപീകരിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
പ്രവാസി ഭാരതീയ ദിവസ് ഇന്ന് സമാപിക്കും. നാല് മലയാളികള്‍ ഉള്‍പ്പെടെ പതിനാല് പേര്‍ക്ക് പ്രവാസി ഭാരതീയ പുരസ്കാരം നല്‍കും. വൈകിട്ട് നടക്കുന്ന ചടങ്ങ് രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജി ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: