സൈനക്ക്‌ വിജയത്തുടക്കം

Monday 1 September 2014 9:54 pm IST

സിയോള്‍: പുതുവര്‍ഷത്തിലെ ആദ്യ ബാഡ്മിന്റണ്‍ സൂപ്പര്‍ സീരീസില്‍ ഇന്ത്യന്‍ എയ്സ്‌ സൈന നെഹ്‌വാളിന്‌ വിജയത്തുടക്കം. കൊറിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരിസിന്റെ വനിതാ വിഭാഗം ആദ്യ റൗണ്ടില്‍ തായ്‌ലന്റിന്റെ സപ്സിരി റൊട്ടന്‍ചായിയെ മൂന്ന്‌ സെറ്റ്‌ നീണ്ട പോരാട്ടത്തിനൊടുവില്‍ കീഴടക്കിയാണ്‌ ലോക മൂന്നാം നമ്പര്‍ താരമായ സൈന രണ്ടാം റൗണ്ടിലേക്ക്‌ കുതിച്ചത്‌. സ്കോര്‍: 17-21, 21-9, 21-19. 58 മിനിറ്റ്‌ നീണ്ട മത്സരത്തിനൊടുവിലാണ്‌ സൈന വിജയം സ്വന്തമാക്കിയത്‌.
ആദ്യ സെറ്റ്‌ 17-21ന്‌ നഷ്ടപ്പെട്ടശേഷമാണ്‌ സൈന വിജയം പിടിച്ചെടുത്ത്‌. കളിയുടെ തുടക്കത്തില്‍ സൈനയേക്കാള്‍ മുന്‍തൂക്കം എതിരാളിക്കായിരുന്നെങ്കിലും പിന്നീട്‌ അതിശക്തമായ തിരിച്ചുവരവാണ്‌ ഇന്ത്യന്‍ താരം നടത്തിയത്‌. പിന്നീട്‌ റാലിയിലും നെറ്റ്‌ ഗെയിമിലും സൈന ഒരുപോലെ ആധിപത്യം പുലര്‍ത്തിയതോടെ എതിരാളി കുഴഞ്ഞു.
നെടുനീളന്‍ വോളികളും ഡ്രോപ്ഷോട്ടുകളും നെറ്റിലെ തന്ത്രപരമായ പ്ലെയ്സിങ്ങും കൊണ്ടാണ്‌ രണ്ട്‌ ഗെയിമിലും സൈന എളുപ്പത്തില്‍ പോയിന്റുകള്‍ വാരിയത്‌. രണ്ടാം ഗെയിമില്‍ വെറും 9 പോയിന്റുകളാണ്‌ സൈന എതിരാളിക്ക്‌ വിട്ടുകൊടുത്തത്‌. നിര്‍ണായകമായ മൂന്നാം സെറ്റില്‍ പക്ഷേ പോരാട്ടം കനത്തതായിരുന്നു. ഇരുവരും ഒപ്പത്തിനൊപ്പം മുന്നേറിയെങ്കിലും നിര്‍ണായക നിമിഷങ്ങളില്‍ പതറാതെ പൊരുതിയ സൈന വിജയം സ്വന്തമാക്കുകയായിരുന്നു. സപ്സിരിക്കെതിരെ സൈനയുടെ തുടര്‍ച്ചയായ നാലാം വിജയമാണിത്‌. രണ്ടാം റൗണ്ടില്‍ സിംഗപ്പൂരിന്റെ മിംഗ്യാന്‍ ഫു ആണ്‌ സൈനയുടെ എതിരാളി. ബള്‍ഗേറിയയുടെ പെറ്റ്യ നെഡല്‍ഷേവയെ 18-21, 21-19, 21-13 എന്ന സ്കോറിന്‌ പരാജയപ്പെടുത്തിയാണ്‌ ഫു രണ്ടാം റൗണ്ടില്‍ കടന്നത്‌.
മറ്റൊരു മത്സരത്തില്‍ യുവതാരം പി.വി. സിന്ധുവും മികച്ച വിജയത്തോടെ രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. ഇന്തോനേഷ്യയുടെ ലിന്‍ഡാവേനി ഫനേട്രിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക്‌ കീഴടക്കിയാണ്‌ സിന്ധു രണ്ടാം റൗണ്ടില്‍ പ്രവേശിച്ചത്‌. 42 രണ്ട്‌ മിനിറ്റ്‌ നീണ്ട മത്സരത്തിനൊടുവിലാണ്‌ സിന്ധു 22-20, 21-16 എന്ന സ്കോറിന്‌ എതിരാളിയെ കീഴടക്കിയത്‌. രണ്ടാം റൗണ്ടില്‍ തായ്‌ലന്റിന്റെ പോണിപ്‌ ബുരാണാപ്രസേടകാണ്‌ സിന്ധുവിന്റെ എതിരാളി.
പുരുഷ വിഭാഗത്തില്‍ പി. കശ്യപും രണ്ടാം റൗണ്ടില്‍ പ്രവേശിച്ചിട്ടുണ്ട്‌. ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ വംശജനും മലയാളിയുമായ രാജീവ്‌ ഔസേപ്പിനെയാണ്‌ കശ്യപ്‌ കീഴടക്കിയത്‌. 37 മിനിറ്റ്‌ മാത്രം നീണ്ട പോരാട്ടത്തിനൊടുവില്‍ 21-19, 21-16 എന്ന സ്കോറിനായിരുന്നു കശ്യപിന്റെ വിജയം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.