മകരവിളക്കിന്‌ ഇനി നാലുനാള്‍ ; പമ്പയും സന്നിധാനവും തീര്‍ത്ഥാടകത്തിരക്കില്‍

Wednesday 9 January 2013 9:42 pm IST

ശബരിമല: കല്ലുംമുള്ളുംതാണ്ടി ആപല്‍ബാന്ധവനെ കാണാനുള്ള ഭക്തരുടെ നിലയ്ക്കാത്ത പ്രവാഹം. മകരവിളക്കിന്‌ നാലുനാള്‍ മാത്രം ബാക്കി നില്‍ക്കെ പമ്പയും സന്നിധാനവും തീര്‍ത്ഥാടകത്തിരക്കിലമര്‍ന്നു.
തീര്‍ത്ഥാടന പാതകള്‍ അയ്യപ്പഭക്തരുടെ വാഹനങ്ങളേക്കൊണ്ട്‌ നിറഞ്ഞു. പാര്‍ക്കിംഗ്‌ ഗ്രൗണ്ടുകളെല്ലാം കവിഞ്ഞതിനാല്‍ വാഹനങ്ങള്‍ പലയിടത്തും റോഡരുകിലാണ്‌ പാര്‍ക്ക്‌ ചെയ്യുന്നത്‌. മകരവിളക്ക്‌ ഉത്സവത്തിന്‌ നട തുറന്ന അന്നുമുതല്‍ സന്നിധാനത്തേക്ക്‌ തീര്‍ത്ഥാടകരുടെ വന്‍ പ്രവാഹമാണ്‌ അനുഭവപ്പെടുന്നത്‌. 14 നാണ്‌ മകരവിളക്ക്‌. ഇതിനുവേണ്ടുന്ന ഒരുക്കങ്ങളെല്ലാം സന്നിധാനത്ത്‌ പൂര്‍ത്തിയായിവരുന്നു. 14 ന്‌ പുലര്‍ച്ചെ 6.56 നാണ്‌ മകര സംക്രമപൂജ. കവടിയാര്‍ കൊട്ടാരത്തില്‍ നിന്നും കന്നി അയ്യപ്പന്മാര്‍വശം കൊടുത്തുവിടുന്ന മുദ്രയിലെ നെയ്യാണ്‌ സംക്രമ പൂജാവേളയില്‍ ഭഗവാന്‌ അഭിഷേകത്തിനുപയോഗിക്കുക. വൈകിട്ട്‌ 6.30ന്‌ തിരുവാഭരണം ചാര്‍ത്തി ധര്‍മ്മശാസ്താവിന്‌ ദീപാരാധന നടത്തും. ഇതേ സമയം തന്നെ പൊന്നമ്പലമേട്ടില്‍ മകര ജ്യോതിയും കിഴക്കേ ചക്രവാളത്തില്‍ നക്ഷത്രവും തെളിയും. നാളെയാണ്‌ എരുമേലി പേട്ടതുള്ളല്‍. മകരവിളക്കിന്‌ മുന്നോടിയായുള്ള ശുദ്ധിക്രിയകള്‍ 12 ന്‌ സന്നിധാനത്ത്‌ ആരംഭിക്കും. 13 നാണ്‌ പ്രസിദ്ധമായ പമ്പാസദ്യയും വിളക്കും. എരുമേലി പേട്ടകെട്ടി പരമ്പരാഗത കാനപാതയിലുടെ അമ്പലപ്പുഴ ആലങ്ങാട്ട്‌ സംഘങ്ങള്‍ പമ്പയിലെത്തിയതിന്‌ ശേഷമാണ്‌ മണല്‍പ്പുറത്ത്‌ പമ്പാസദ്യ നടത്തുക. അന്നു സന്ധ്യയ്ക്കാണ്‌ പമ്പവിളക്ക്‌. മകരസംക്രമ സന്ധ്യയില്‍ അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണവും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര 12 ന്‌ പന്തളം കൊട്ടാരത്തില്‍ നിന്നും പുറപ്പെടും. 14 ന്‌ ഉച്ചയോടെ ഘോഷയാത്ര വലിയാനവട്ടത്ത്‌ എത്തിച്ചേരും. വൈകുന്നേരം 5.30 ഓടെ ശരംകുത്തിയിലെത്തിച്ചേരുന്ന ഘോഷയാത്രയെ ശബരിമല എക്സിക്യൂട്ടീവ്‌ ഓഫീസറുടെ നേതൃത്വത്തില്‍ സ്വീകരിച്ച്‌ സന്നിധാനത്തേക്ക്‌ ആനയിക്കും. കൊടിമരച്ചുവട്ടില്‍ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ എം.പി ഗോവിന്ദന്‍നായരുടെ നേതൃത്വത്തിലും സ്വീകരണം നല്‍കും. തുടര്‍ന്ന്‌ സോപാനത്ത്‌ തന്ത്രി കണ്ഠരര്‌ രാജീവരരും മേല്‍ശാന്തി എന്‍.ദാമോദരന്‍പോറ്റിയും ചേര്‍ന്ന്‌ പേടകങ്ങള്‍ ഏറ്റുവാങ്ങി തിരുവാഭരണങ്ങള്‍ അയ്യപ്പ വിഗ്രഹങ്ങളില്‍ ചാര്‍ത്തി ദീപാരാധന നടത്തും. എരുമേലി പേട്ടതുള്ളല്‍ വരുന്നതോടെ സന്നിധാനത്തെ തിരക്ക്‌ പതിന്മടങ്ങ്‌ വര്‍ദ്ധിക്കാനാണ്‌ സാധ്യത. ഇപ്പോള്‍ മണിക്കൂറുകള്‍ കാത്തു നിന്നാണ്‌ ദര്‍ശന സാധ്യമാകുന്നത്‌. മകരവിളക്ക്‌ ദിവസം ഉണ്ടാകാന്‍ സാധ്യതയുള്ള അഭൂതപൂര്‍വ്വമായ തിരക്ക്‌ കണക്കിലെടുത്ത്‌ സന്നിധാനത്തും പമ്പയിലും സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയതായി അധികൃതര്‍ അറിയിച്ചു. മകരജ്യോതി ദര്‍ശനത്തിന്‌ സന്നിധാനത്തും പമ്പയിലും കൂടുതല്‍ സ്ഥല സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്‌. സന്നിധാനത്തെ ബാരിക്കേഡുകള്‍ ബലപ്പെടുത്തിവരുന്നു.
പാണ്ടിത്താവളത്തു നിന്നും ജ്യോതിദര്‍ശനം കഴിഞ്ഞ്‌ മടങ്ങുന്നവരെ നിയന്ത്രിക്കാനായി മാളികപ്പുറം നടപ്പന്തലില്‍ നിന്നും വടക്കേനടയിലേക്ക്‌ ബാരിക്കേടുകള്‍ നിര്‍മ്മിച്ചു. സുരക്ഷയുടെ ഭാഗമായി കര്‍ശന പരിശോധന നടത്തിയതിന്‌ ശേഷമേ തീര്‍ത്ഥാടകരെ ദര്‍ശനത്തിന്‌ അനുവദിക്കൂ.
14 ന്‌ ഉച്ചയ്ക്ക്‌ ശേഷം പമ്പയില്‍ നിന്നും തീര്‍ത്ഥാടകര്‍ക്ക്‌ മല കയറുന്നതിന്‌ നിയന്ത്രണമുണ്ടാവും. പുല്ലുമേട്‌ , പാഞ്ചാലിമേട്‌, പരുന്തുംപാറ, പമ്പാ ഹില്‍ടോപ്പ്‌ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയതായി ദേവസ്വം ബോര്‍ഡ്‌ അധികൃതരും പോലീസും അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.