സിഐടിയു സംസ്ഥാന സമ്മേളനത്തില്‍ വിഎസിന്‌ വിലക്ക്‌

Wednesday 9 January 2013 10:24 pm IST

കാസര്‍കോട്‌ : കാസര്‍കോട്ട്‌ നടക്കുന്ന സിഐടിയു സംസ്ഥാന സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ്‌ വിഎസ്‌ അച്യുതാനന്ദന്‌ ഔദ്യോഗിക പക്ഷത്തിന്റെ വിലക്ക്‌. വിഎസ്‌ വിഭാഗത്തിന്‌ നിര്‍ണ്ണായക സ്വാധീനമുള്ള കാസര്‍കോട്ട്‌ ജനുവരി 12 മുതല്‍ 14 വരെ നടക്കുന്ന സമ്മേളനത്തില്‍ ഒരു പരിപാടിയിലും വിഎസിനെ ഉള്‍പ്പെടുത്തിയിട്ടില്ല. സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അടക്കമുള്ള ഇടത്‌ നേതാക്കള്‍ക്കുപുറമെ ഇതര രാഷ്ട്രീയപ്രസ്ഥാനങ്ങളിലെയും തൊഴിലാളി സംഘടനകളിലെയും പ്രതിനിധികള്‍ ക്ഷണിക്കപ്പെട്ട സമ്മേളനത്തിലാണ്‌ വിഎസിനെ പൂര്‍ണമായും ഒഴിവാക്കിയത്‌.
സമ്മേളനത്തില്‍ വിഎസിന്‌ ക്ഷണമില്ലെന്നും പങ്കെടുക്കുന്നില്ലെന്നും അദ്ദേഹത്തോടടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. സമ്മേളന ദിവസങ്ങളില്‍ തിരുവനന്തപുരത്ത്‌ വിവിധപരിപാടികളില്‍ വിഎസ്‌ ഉദ്ഘാടകനായി പങ്കെടുക്കുന്നുമുണ്ട്‌. സമ്മേളനം സംബന്ധിച്ച ഒരറിയിപ്പും ഔദ്യോഗികനേതൃത്വം വിഎസിനെ അറിയിച്ചിട്ടില്ല. സിഐടിയു ദേശീയ ജനറല്‍ സെക്രട്ടറി തപന്‍ സിന്‍ഹ എംപിയാണ്‌ സമ്മേളനം ഉദ്ഘാടനം ചെയ്യുക. ഉദ്ഘാടന ദിവസം നടക്കുന്ന സെമിനാര്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും ഉദ്ഘാടനം ചെയ്യും. ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡണ്ട്‌ ആര്‍ ചന്ദ്രശേഖരന്‍, എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍, ബിഎംഎസ്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.കെ.വിജയകുമാര്‍, യുടിയുസി അഖിലേന്ത്യാ പ്രസിഡണ്ട്‌ എ എ അസീസ്‌, മുസ്ലീംലീഗ്‌ അഖിലേന്ത്യാ സെക്രട്ടറി ഇ.ടി. മുഹമ്മദ്‌ ബഷീര്‍ എംപി, എസ്ടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി അഹമ്മദ്‌ കുട്ടി, കോണ്‍ഗ്രസ്‌ എസ്‌ സംസ്ഥാന പ്രസിഡണ്ട്‌ രാമചന്ദ്രന്‍ കടന്നപ്പള്ളി തുടങ്ങിയ രാഷ്ട്രീയ തൊഴിലാളി സംഘടനകളുടെ പ്രതിനിധികളെ സമ്മേളനത്തിലേക്ക്‌ ക്ഷണിച്ചിട്ടുണ്ട്‌. 14ന്‌ നടക്കുന്ന സമാപന സമ്മേളനം സിഐടിയു ദേശീയപ്രസിഡന്റ്‌ എ.കെ. പത്മനാഭന്‍ ഉദ്ഘാടനം ചെയ്യും.
വിഎസ്‌ വിഭാഗം ഔദ്യോഗിക പക്ഷത്തിന്‌ നിരന്തര തലവേദന സൃഷ്ടിക്കുന്ന കാസര്‍കോട്ട്‌ വിഎസിനെ പ്രധാനപ്പെട്ട പരിപാടികളില്‍ പങ്കെടുപ്പിക്കാതിരിക്കാന്‍ ഔദ്യോഗിക നേതൃത്വം ശ്രമിക്കാറുണ്ട്‌. കഴിഞ്ഞ മൂന്നാം തീയതി രാജപുരത്ത്‌ സെമിനാറില്‍ പങ്കെടുക്കാന്‍ വിഎസ്‌ എത്തുമെന്ന്‌ അറിയിച്ചിരുന്നെങ്കിലും ഔദ്യോഗിക നേതൃത്വം ഇടപെട്ട്‌ തടയുകയായിരുന്നു. നീലേശ്വരം ഏരിയാ കമ്മറ്റി പരിധിയിലെ സഹകരണ ബാങ്ക്‌ ഉദ്ഘാടനത്തിന്‌ വിഎസിനെ കൊണ്ടുവരാന്‍ ശ്രമിച്ചതിന്റെ പേരില്‍ ഏരിയാ നേതാക്കള്‍ക്കെതിരെ പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിക്കുകയും പിണറായി വിജയനെക്കൊണ്ട്‌ ഉദ്ഘാടനം ചെയ്യിക്കുകയും ചെയ്തിരുന്നു. നീലേശ്വരത്തെ വിഎസ്‌ ഓട്ടോ സ്റ്റാന്റില്‍ വിഎസ്‌ വിഭാഗത്തിന്‌ സ്വാധീനമുള്ള അഢോക്ക്‌ കമ്മറ്റിയാണ്‌ നിലവിലുള്ളത്‌. സിഐടിയു സമ്മേളനത്തിന്‌ അഭിവാദ്യമര്‍പ്പിച്ച്‌ അഢോക്ക്‌ കമ്മറ്റി വച്ച പ്രചരണ ബോര്‍ഡ്‌ അപ്രത്യക്ഷമായത്‌ വിവാദമുയര്‍ത്തിയിരുന്നു. വി എസിന്‌ പാര്‍ട്ടി സീറ്റ്‌ നിഷേധിച്ചപ്പോള്‍ ശക്തമായ പ്രതിഷേധമുയര്‍ന്ന കാസര്‍കോട്ട്‌ വിഎസിനെ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുപ്പിക്കുന്നത്‌ തങ്ങള്‍ക്ക്‌ തിരിച്ചടിയാകുമെന്ന ഭയമാണ്‌ ഔദ്യോഗിക നേതൃത്വത്തിനുള്ളത്‌. പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാട്‌ വിഎസ്‌ കോട്ടകളില്‍ പ്രതിഷേധത്തിന്‌ തിരികൊളുത്തുമെന്ന്‌ ഉറപ്പാണ്‌. ** കെ.സുജിത്ത്‌

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.