റെയില്‍വെ യാത്രാനിരക്ക്‌ കുത്തനെ കൂട്ടി

Wednesday 9 January 2013 10:40 pm IST

ന്യൂദല്‍ഹി: ബജറ്റ്‌ സമ്മേളനത്തിന്‌ ഒന്നരമാസം മാത്രം ശേഷിക്കേ കേന്ദ്രസര്‍ക്കാര്‍ റെയില്‍വെ നിരക്കു കൂട്ടി. യാത്രക്കൂലിയില്‍ 20 ശതമാനം വര്‍ധനയാണ്‌ സര്‍ക്കാര്‍ വരുത്തിയിട്ടുള്ളത്‌. റെയില്‍വെയുടെ സുരക്ഷാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്താനും സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുമാണെന്നാണ്‌ നിരക്ക്‌ വര്‍ദ്ധനയെന്ന്‌ റെയില്‍വെ മന്ത്രി പവന്‍കുമാര്‍ ബന്‍സാല്‍ പറയുന്നത്‌. 12,000 കോടി രൂപയുടെ അധിക വരുമാനം പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
പുതിയ നിരക്കുവര്‍ദ്ധന ജനവരി 21 മുതല്‍ നിലവില്‍ വരും. പാസഞ്ചര്‍ ട്രെയിനിന്റെ യാത്രാനിരക്കു മുതല്‍ എക്സ്പ്രസ്‌ ട്രെയിനുകളിലെ എസി ഫസ്റ്റ്‌ ക്ലാസ്‌ നിരക്കു വരെ വര്‍ധിപ്പിച്ചിട്ടുണ്ട്‌. പുതിയ നിരക്കനുസരിച്ച്‌ സബര്‍ബന്‍ സെക്കന്റ്‌ ക്ലാസ്‌ ഓര്‍ഡിനറിയ്ക്ക്‌ കിലോമീറ്ററിന്‌ രണ്ട്‌ പൈസ വച്ച്്‌ വര്‍ദ്ധിക്കും. നോണ്‍ സബര്‍ബന്‍ സെക്കന്റ്‌ ക്ലാസ്‌ ഓര്‍ഡിനറിയ്ക്ക്‌ കിലോമീറ്ററിന്‌ മൂന്ന്‌ പൈസയും മെയില്‍ എക്സപ്രസില്‍ കിലോമീറ്ററിന്‌ നാല്‌ പൈസയും നിരക്ക്‌ വര്‍ദ്ധിക്കും. സാധാരണ സ്ലീപ്പര്‍ ക്ലാസിന്‌ കിലോമീറ്ററിന്‌ ആറ്‌ പൈസ്‌ കൂട്ടിയപ്പോള്‍ എ.സി ചെയര്‍ കാറിന്‌ കിലോമീറ്ററിന്‌ പത്ത്‌ പൈസ കൂട്ടിയിട്ടുണ്ട്‌. സാധാരണ ഫസ്റ്റ്ക്ലാസിന്‌ കിലോമീറ്ററിന്‌ മൂന്ന്‌ പൈസയും ത്രീ ടയര്‍ എ.സിയ്ക്ക്‌ കിലോമീറ്ററിന്‌ പത്ത്‌ പൈസയും കൂട്ടി.
സാധാരണ ഫസ്റ്റ്ക്ലാസിന്‌ 2012 ഏപ്രിലില്‍ 10 പൈസ കൂട്ടിയിരുന്നു. അതിനുപുറമെയാണ്‌ ഇപ്പോഴത്തെ വര്‍ദ്ധനവ്‌. ടു ടയര്‍ എ.സിയ്ക്ക്‌ കിലോമീറ്ററിന്‌ ആറ്‌ പൈസ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്‌. 2012 ഏപ്രിലില്‍ ഇതിന്‌ 15 പൈസ കൂട്ടിയിരുന്നു. ഫസ്റ്റ്ക്ലാസ്‌ എ.സിയ്ക്ക്‌ കിലോമീറ്ററിന്‌ 10 പൈസ വര്‍ദ്ധിപ്പിച്ചു. ഇതിന്‌ 2012 ഏപ്രിലില്‍ 30 പൈസ കൂട്ടിയിരുന്നു. തിരുവനന്തപുരത്തുനിന്ന്‌ ദല്‍ഹിക്ക്‌ സ്ലീപ്പര്‍ ക്ലാസില്‍ 180 രൂപയും എസി ത്രീ ടയറിന്‌ 300 രൂപയും വര്‍ധിക്കും. റെയില്‍വെ ബജറ്റില്‍ നിരക്കു വര്‍ധിപ്പിക്കില്ലെന്നും മന്ത്രി അറിയിച്ചു.
നിരക്ക്‌ വര്‍ദ്ധന മുമ്പേ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നതാണെങ്കിലും പ്രഖ്യാപനത്തിനായി തക്കസമയം നോക്കിയിരിക്കുകയായിരുന്നു കേന്ദ്രസര്‍ക്കാര്‍. സാധാരണഗതിയില്‍ പൊതുബജറ്റിനൊപ്പമാണ്‌ റെയില്‍വെ ബജറ്റ്‌ അവതരിപ്പിക്കാറ്‌. എന്നാല്‍ ഇത്തവണ നടക്കാനിരിക്കുന്ന ബജറ്റ്‌ സമ്മേളനം യുപിഎ സര്‍ക്കാരിന്റെ അവസാന ബജറ്റ്‌ സമ്മേളനമാണെന്നതാണ്‌ ശ്രദ്ധേയം. കൂടാതെ ഇന്ത്യന്‍ സൈനികരെ നിഷ്ഠുരമായി കൊന്ന്‌ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാക്കിസ്ഥാന്‍ നടപടി ഇന്ത്യന്‍ മാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചാ വിഷയമായിരിക്കുന്ന ഈ സമയവും സര്‍ക്കാരിന്‌ അനുകൂലമായി. തികച്ചും രാഷ്ട്രീയപരമായ നീക്കത്തോടെയാണ്‌ റെയില്‍വെ നിരക്ക്‌ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്‌. ഇനി അടുത്തമാസം അവസാനം നടക്കാനിരിക്കുന്ന പൊതുബജറ്റ്‌ വളരെ ജനപ്രിയമാകുമെന്ന്‌ എളുപ്പത്തില്‍ പ്രവചിക്കാന്‍ കഴിയും. പൊതു തെരഞ്ഞടുപ്പിലേക്ക്‌ നീങ്ങുന്ന ജനങ്ങള്‍ക്ക്‌ സമ്മേളനത്തില്‍ ഒരു നല്ല സമ്മാനം നല്‍കാനാകും സര്‍ക്കാര്‍ ശ്രമം. അതിനുള്ള സമ്മര്‍ദ്ദം യുപിഎ ഘടകകക്ഷികളില്‍ നിന്നും സര്‍ക്കാരിനുണ്ട്‌. ഇതാണ്‌ കേന്ദ്രസര്‍ക്കാരിനെ തിരക്കിട്ട്‌ നിരക്ക്‌ വര്‍ദ്ധന പ്രഖ്യാപിക്കാന്‍ പ്രേരിപ്പിച്ച ഘടകം.
** സ്വന്തം ലേഖിക

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.