തിരുവാഭരണ ഘോഷയാത്ര നാളെ; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Thursday 10 January 2013 9:30 pm IST

പന്തളം: മകരവിളക്കിന്‌ ശബരിമലയില്‍ ശബരീശനു ചാര്‍ത്തുവാനുള്ള തിരുവാഭരണങ്ങള്‍ വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഗുരുസ്വാമി കുളത്തിനാലില്‍ ഗംഗാധരന്‍ പിള്ളയുടെ നേതൃത്വത്തില്‍ നാളെ ഉച്ചയ്ക്ക്‌ 1 മണിക്ക്‌ പന്തളത്തുനിന്നും പുറപ്പെടും.
ഇതിനു മുന്നോടിയായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നാളെ വെളുപ്പിന്‌ 4 മണിക്ക്‌ തിരുവാഭരണങ്ങള്‍ ബോധ്യപ്പെട്ട്‌ ലിസ്റ്റ്‌ തയ്യാറാക്കി കൊട്ടാരം നിര്‍വ്വാഹക സംഘം ഭാരവാഹികളില്‍ നിന്നും ദേവസ്വം ബോര്‍ഡിനു വേണ്ടി അഡ്മിനിസ്ട്രേറ്റീവ്‌ ഓഫീസര്‍ ടി.പി. ശ്രീകുമാര്‍ ഏറ്റുവാങ്ങി വലിയകോയിക്കല്‍ ക്ഷേത്രത്തിലെത്തിക്കും. തുടര്‍ന്ന്‌ തിരുവാഭരണങ്ങള്‍ ഭഗവാനു ചാര്‍ത്തും. 5 മുതല്‍ ഉച്ചയ്ക്ക്‌ 12 വരെ തിരുവാഭരണ വിഭൂഷിതനായ ഭഗവാനെ തൊഴുവാന്‍ ഭക്തര്‍ക്ക്‌ സൗകര്യമുണ്ടായിരിക്കും.
11 മണിയ്ക്ക്‌ ഘോഷയാത്രയ്ക്കു മുന്നോടിയായുള്ള ചടങ്ങുകള്‍ ആരംഭിക്കും. തുടര്‍ന്ന്‌ വലിയതമ്പുരാനെയും രാജപ്രതിനിധിയെയും തിരുവാഭരണ വാഹകരെയും ക്ഷേത്രത്തിലേക്ക്‌ സ്വീകരിച്ച്‌ ആനയിക്കും. പന്ത്രണ്ടേകാലോടെ ദര്‍ശനം അവസാനിപ്പിച്ച്‌ നടയടക്കും. പിന്നീട്‌ പേടകം അടച്ച്‌ ക്ഷേത്രമേല്‍ശാന്തി പൂജിച്ചു നല്‍കുന്ന ഉടവാള്‍ വലിയതമ്പുരാന്‍ ഘോഷയാത്രയെ അനുഗമിക്കുന്ന രാജപ്രതിനിധിക്കു കൈമാറും. തുടര്‍ന്ന്‌ തിരുവാഭരണ പേടകത്തിന്‌ നീരാഞ്ജനമുഴിഞ്ഞ്‌ പേടകം ശിരസ്സിലേറ്റി കൃഷ്ണപ്പരുന്ത്‌ ക്ഷേത്രത്തിനു മുകളില്‍ വലം വയ്ക്കുന്നതോടെ ക്ഷോ,യാത്ര ശബരിമലയ്ക്കു യാത്രയാകും.
12ന്‌ രാത്രി ഒന്‍പത്‌ മണിക്ക്‌ അയിരൂര്‍ പുതിയകാവ്‌ ക്ഷേത്രത്തിലെത്തി വിശ്രമിക്കും. അടുത്തദിവസം അതിരാവിലെ രണ്ടരമണിക്ക്‌ അയിരൂര്‍ നിന്ന്‌ യാത്രതിരിച്ച്‌ ളാഹ വനം വകുപ്പ്‌ സത്രത്തിലെത്തി വിശ്രമിക്കും. തുടര്‍ന്ന്‌ 14ന്‌ വീണ്ടും യാത്രപുറപ്പെട്ട്‌ ഉച്ചയ്ക്ക്‌ ഒരുമണിയോടെ വലിയാനവട്ടത്തെത്തി വിശ്രമിക്കും. തുടര്‍ന്ന്‌ പമ്പയില്‍ എത്തുന്ന സംഘത്തെ സ്വീകരിച്ച്‌ ആനയിക്കും. വൈകിട്ട്‌ അഞ്ചരയോടെ ശരംകുത്തിയിലെത്തുന്ന സംഘത്തെ ശബരിമല എക്സിക്യൂട്ടീവ്‌ ഓഫീസറുടെ നേതൃത്വത്തില്‍ ശരംകുത്തിയിലെത്തി സ്വീകരിച്ച്‌ സോപാനത്തിലെത്തിക്കും. പതിനെട്ടാം പടിക്ക്‌ മുകളില്‍ ദേവസ്വം മന്ത്രി, പ്രസിഡണ്ട്‌, ഗവ.ചീഫ്‌ കോര്‍ഡിനേറ്റര്‍, മെമ്പര്‍ മറ്റ്‌ ദേവസ്വം ഭാരവാഹികള്‍ തുടങ്ങിയവര്‍ ചേര്‍ന്ന്‌ തിരുവാഭരണം സ്വീകരിക്കും. തുടര്‍ന്ന്‌ തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന്‌ ഭഗവാനെ തിരുവാഭരണം ചാര്‍ത്തി ദീപാരാധന നടത്തുന്നതോടെ പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയും.
തിരുവാഭരണ ഘോഷയാത്ര ജനുവരി 23ന്‌ പന്തളത്ത്‌ തിരിച്ചെത്തും. കൊട്ടാരക്കര മഹാവിഷ്ണു സേവാസമിതിയുടെ വഴിപാടായി നാളെ വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ പതിനയ്യായിരം പേര്‍ക്ക്‌ സദ്യയും ഒരുക്കും.
** സ്വന്തം ലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.