ഇന്‍ഫോസിസിന്റെ ലാഭം ഉയര്‍ന്നു; വരുമാന ലക്ഷ്യവും ഉയര്‍ത്തി

Friday 11 January 2013 8:03 pm IST

ബാംഗ്ലൂര്‍: രാജ്യത്തെ മുന്‍നിര ഐടി കമ്പനിയായ ഇന്‍ഫോസിസ്‌ മൂന്നാം ത്രൈമാസ ഫലം പുറത്ത്‌ വിട്ടു. ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ ഇന്‍ഫോസിസിന്റെ അറ്റ ലാഭം 2,369 കോടി രൂപയായിരുന്നു. വാര്‍ഷിക വരുമാനം പ്രതീക്ഷിച്ചതിനേക്കാള്‍ ഉയര്‍ന്നതിനാല്‍ കമ്പനിയുടെ ഓഹരി വില ഏകദേശം 15 ശതമാനത്തോളം കുതിച്ച്‌ ഉയര്‍ന്നു. മുന്‍ വര്‍ഷം ഒക്ടോബര്‍ - ഡിസംബര്‍ കാലയളവില്‍ ഇന്‍ഫോസിസിന്റെ അറ്റലാഭം 2,372 കോടി രൂപയായിരുന്നു. വരുമാനം 12.1 ശതമാനം ഉയര്‍ന്ന്‌ 10,424 കോടി രൂപയിലെത്തി. സ്വിറ്റ്സര്‍ലന്റ്‌ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കണ്‍സള്‍ട്ടിംഗ്‌ സ്ഥാപനമായ ലോഡ്സ്റ്റോണിനെ ഏറ്റെടുത്തതും വരുമാനം ഉയരാന്‍ കാരണമായി. ഏറ്റെടുക്കലിലൂടെ വരുമാനത്തില്‍ 3.6 ശതമാനം വര്‍ധനവാണ്‌ ഉണ്ടായിട്ടുള്ളത്‌. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇന്‍ഫോസിസിന്റെ വരുമാനം 9,298 കോടി രൂപയായിരുന്നു.
731 ദശലക്ഷം ഡോളര്‍ മൂല്യമുള്ള പുറംജോലികരാര്‍ ലഭിച്ചതായും ഇന്‍ഫോസിസ്‌ അധികൃതര്‍ അറിയിച്ചു. ഡിസംബറില്‍ അവസാനിച്ച കാലയളവില്‍ ഇന്‍ഫോസിസിലേയും അനുബന്ധ സ്ഥാപനങ്ങളിലേയും ജീവനക്കാരുടെ എണ്ണം 7,499 ആയി ഉയര്‍ത്തിയെന്നും കമ്പനി റിപ്പോര്‍ട്ടില്‍ പറയുന്നു. വന്‍കിട കരാറുകള്‍ ലഭിച്ചതോടെ ആത്മവിശ്വാസം വീണ്ടെടുക്കാന്‍ സാധിച്ചതായി ഇന്‍ഫോസിസ്‌ സിഇഒയും മാനേജിംഗ്‌ ഡയറക്ടറുമായ എസ്‌.ഡി.ഷിബുലാല്‍ പറഞ്ഞു. ഡോളര്‍ അടിസ്ഥാനപ്പെടുത്തിയുള്ള ലാഭം 5.2 ശതമാനം ഇടിഞ്ഞ്‌ 434 ദശലക്ഷം ഡോളറിലെത്തി. അതേസമയം വരുമാനം 5.8 ശതമാനം ഉയര്‍ന്ന്‌ 1,911 ദശലക്ഷം ഡോളറിലെത്തിയതായും ഇന്‍ഫോസിസിന്റെ ത്രൈമാസ ഫല അവലോകനത്തില്‍ പറയുന്നു.
നടപ്പ്‌ സാമ്പത്തിക വര്‍ഷത്തെ വരുമാന ലക്ഷ്യവും ഇന്‍ഫോസിസ്‌ ഉയര്‍ത്തി. നേരത്തെ കണക്കാക്കിയിരുന്ന 39,580 കോടി രൂപയില്‍ നിന്നും 40,750 കോടി രൂപയായാണ്‌ ഉയര്‍ത്തിയത്‌. ഡോളര്‍ അടിസ്ഥാനപ്പെടുത്തിയുള്ള വരുമാനം 7.34 ബില്യണ്‍ ഡോളറില്‍ നിന്ന്‌ 7.45 ബില്യണ്‍ ഡോളറായും ഉയര്‍ത്തി. എട്ട്‌ ത്രൈമാസങ്ങള്‍ക്ക്‌ ശേഷമാണ്‌ ഇന്‍ഫോസിസ്‌ വളര്‍ച്ചാ അനുമാനം ഉയര്‍ത്തുന്നതെന്ന പ്രത്യേകതയും ഉണ്ട്‌.
അസ്ഥിരമായ അന്തരീക്ഷത്തിലും മികച്ച പ്രകടനമാണ്‌ ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ കാഴ്ചവച്ചതെന്ന്‌ കമ്പനി സിഇഒ ഷിബുലാല്‍ പറഞ്ഞു. സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ജനുവരി-മാര്‍ച്ച്‌ കാലയളവിലും മികച്ച പ്രകടനം തന്നെ കാഴ്ചവയ്ക്കാന്‍ സാധിക്കുമെന്നാണ്‌ പ്രതീക്ഷയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.