മാവോയിസ്റ്റ്‌ ആക്രമണ സ്ഥലത്തുനിന്ന്‌ പാക്‌ ബോംബുകള്‍ കണ്ടെടുത്തു

Friday 11 January 2013 9:21 pm IST

ന്യൂദല്‍ഹി: മാവോയിസ്റ്റ്‌ ആക്രമണമുണ്ടായ ഝാര്‍ഖണ്ഡില്‍ നിന്നും പാക്കിസ്ഥാന്‍ നിര്‍മ്മിത ഗ്രനേഡുകളും ബോംബുകളും കണ്ടെടുത്തു. ഇതാദ്യമായാണ്‌ മാവോയിസ്റ്റ്‌ ആക്രമണങ്ങള്‍ പാക്‌ നിര്‍മ്മിത ആയുധങ്ങള്‍ ഉപയോഗിച്ചതായി കണ്ടെത്തുന്നത്‌. ഇതിന്‌ മുമ്പ്‌ ചൈനീസ്‌ നീര്‍മ്മിത ആയുധങ്ങള്‍ മാവോയിസ്റ്റ്‌ ആക്രമണങ്ങള്‍ക്ക്‌ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്‌. അതിര്‍ത്തിയില്‍ കഴിഞ്ഞ മൂന്ന്‌ ദിവസമായി തുടരുന്ന ഇന്ത്യാ-പാക്ക്‌ സംഘര്‍ഷത്തിന്‌ പുതിയ വഴിത്തിരിവായിരിക്കുകയാണ്‌ പുതിയ കണ്ടെത്തല്‍. കഴിഞ്ഞ തിങ്കളാഴ്ച്ചയുണ്ടായ സംഘര്‍ഷത്തില്‍ പതിനൊന്ന്‌ സിആര്‍പിഎഫ്‌ ജവാന്മാര്‍ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ ഒരു ജവാന്റെ വയറിനുള്ളില്‍ ബോംബ്‌ കണ്ടെത്തുകയും ചെയ്തിരുന്നു.
പന്ത്രണ്ടോളം ഗ്രനേഡുകളും, സ്ഫോടനത്തില്‍ തകര്‍ന്ന ഗ്രനേഡും, ബുള്ളറ്റുകളും സംഭവ സ്ഥലത്തുനിന്നും കണ്ടെത്തിയിട്ടുണ്ട്‌. ഈ ആയുധങ്ങളെല്ലാം പാക്‌ നിര്‍മ്മിതമാണെന്ന്‌ കണ്ടെത്തിയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. മാവോയിസ്റ്റുകള്‍ക്കെതിരെ ഇതുവരെയുണ്ടായ ആക്രമണങ്ങളില്‍ ഏറ്റവും വലയി ആക്രമണമായിരുന്നു കഴിഞ്ഞ ദിവസമുണ്ടായത്‌.
അതിര്‍ത്തിയിലെ ആക്രമണങ്ങള്‍ക്ക്‌ പിന്നില്‍ ലഷ്കറിന്റെ പിന്തുണയുണ്ടെന്ന്‌ വാര്‍ത്തകള്‍ വന്നതിനുപിന്നാലെയാണ്‌ ആയുധങ്ങള്‍ പാക്‌ നിര്‍മ്മിതമാണെന്ന്‌ കണ്ടെത്തിയിരിക്കുന്നത്‌. ഇതോടെ സര്‍ക്കാരിനുമേല്‍ സമ്മര്‍ദ്ദം ഏറിയിരിക്കുകയാണ്‌. സംഭവം അന്വേഷിക്കണമെന്ന്‌ വിവിധമേഖലയില്‍ നിന്നും ആവശ്യം ഉയര്‍ന്നിരിക്കുകയാണ്‌. കഴിഞ്ഞ കുറച്ച്‌ മാസങ്ങളായി പാക്കിസ്ഥാനില്‍ നിന്നും ചൈനയില്‍ നിന്നും മാവോയിസ്റ്റുകള്‍ക്ക്‌ ആയുധങ്ങള്‍ ലഭിക്കുന്നുണ്ടെന്നാണ്‌ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്ന്ത്‌. ഇതിനുള്ള തെളിവും ഇന്ത്യയുടെ കൈവശമുണ്ട്‌.
എന്നാല്‍ മാവോയിസ്റ്റുകള്‍ക്ക്‌ പാക്കിസ്ഥാനിലെ ഏതെങ്കിലും ഏജന്‍സിയുമായി നേരിട്ട്‌ ബന്ധമുണ്ടോയെന്നതിന്‌ തെളിവില്ലെന്നും പറയുന്നു. കാശ്മീരിലെ ഭീകരവാദ സംഘടനകള്‍ മാവോയിസ്റ്റുകള്‍ക്ക്‌ സാമ്പത്തിക സഹായം ഉള്‍പ്പെടെ ചെയ്തുനല്‍കുന്നുണ്ടെന്നും അടുത്തിടെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇന്ത്യയുടെ കേന്ദ്രപ്രദേശങ്ങളില്‍ ആക്രമണം അഴിച്ചുവിടാന്‍ പാക്‌ ഭീകരവാദസംഘടനകള്‍ മാവോയിസ്റ്റുകളിലൂടെ ശ്രമിക്കുന്നുണ്ടെന്നാണ്‌ റിപ്പോര്‍ട്ടില്‍ പറയുന്നത്‌. അടുത്തിടെ ഇന്ത്യയിലുണ്ടാകുന്ന സംഭവ വികാസങ്ങള്‍ വലിയ ചോദ്യങ്ങള്‍ക്കാണ്‌ വഴിവെക്കുന്നത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.