ഭക്തസഹസ്രങ്ങള്‍ പേട്ടതുള്ളി നിര്‍വൃതി നേടി

Friday 11 January 2013 11:06 pm IST

എരുമേലി: ശരണം വിളികളുടെയും വാദ്യമേളഘോഷങ്ങളുടെയും നിറഞ്ഞ ദേവചൈതന്യത്തില്‍ കാനനവാസനായ മണികണ്ഠസ്വാമിയുടെ സ്മരണകളുണര്‍ത്തിയ എരുമേലി പേട്ടതുള്ളല്‍ ജനസഹസ്രങ്ങളെ ആനന്ദനിര്‍വൃതിയിലാഴ്ത്തി.
ആചാരാനുഷ്ഠാനത്തിന്റെ ശരണമന്ത്രശീതികളായി മാറ്റിയ മണികണ്ഠസ്വാമിയുടെ തൃപ്പാദസ്പര്‍ശമേറ്റ പുണ്യഭൂമിയായ എരുമേലിയെ അമ്പലപ്പുഴ-ആലങ്ങാട്ട്‌ സംഘങ്ങളുടെ പേട്ടതുള്ളല്‍ അക്ഷരാര്‍ത്ഥത്തില്‍ ആദ്ധ്യാത്മികതയുടെ സംഗമഭൂമിയാക്കി.
ചരിത്രഭൂമിയില്‍ ഭഗവത്‌ ചൈതന്യവുമായി എത്തിയ ശ്രീകൃഷ്ണപ്പരുന്ത്‌ ചരിത്രഭൂമിക്ക്‌ മുകളിലൂടെ വട്ടമിട്ടു പറക്കുന്നതോടെയാണ്‌ ആദ്യപേട്ട തുള്ളലായ അമ്പലപ്പുഴ ദേശക്കാരുടെ പേട്ടതുള്ളല്‍ തുടക്കമായത്‌. സ്വാമി തിന്തകത്തോം തോം....അയ്യപ്പതിന്തകത്തോം തോം... എന്ന ശരണാരവം വാനിലുയര്‍ത്തിയ മാതൃസ്ഥാനീയരായ അമ്പലപ്പുഴ ദേശാംഗങ്ങളുടെ പേട്ടതുള്ളല്‍ ഉച്ചയ്ക്ക്‌ 1.15 ഓടെ കൊച്ചമ്പലത്തില്‍നിന്നും തുടക്കമായി. അസുരവാദ്യമേളക്കൊഴുപ്പില്‍ കൊച്ചമ്പലത്തില്‍നിന്നും നടന്നു നീങ്ങി. അമ്പലപ്പുഴ പേട്ട സംഘം സമൂഹപെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന്‍നായര്‍, പ്രസിഡണ്ട്‌ ആര്‍.ശങ്കരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പേട്ടതുള്ളലിന്‌ എരുമേലി നൈനാര്‍ ജുമാ മസ്ജിദ്‌ ഭാരവാഹികള്‍ പ്രൗഢഗംഭീരമായ സ്വീകരണവും നല്‍കി.
ഐശ്വര്യത്തിന്റെയും സമാധാനത്തിന്റെയും നിര്‍വ്വചനങ്ങള്‍ നല്‍കിയാണ്‌ രണ്ടാമത്തെ ആലങ്ങാട്ട്‌ സംഘത്തിന്റെ പേട്ടതുള്ളല്‍. ദേഹമാസകലം ചാലിച്ച കളഭക്കുറികള്‍ വാരിപൂശിയാണ്‌ പിതൃസ്ഥാനീയരായവരുടെ പേട്ടതുള്ളല്‍ ഉച്ചകഴിഞ്ഞ്‌ 3.20 ഓടെ കൊച്ചമ്പലത്തില്‍നിന്നും തുടങ്ങിയത്‌.
പേട്ടതുള്ളല്‍ സംഘങ്ങളെ ദേവസ്വം ബോര്‍ഡ്‌ ഡെപ്യൂട്ടി കമ്മീഷണര്‍ ബി.ഉണ്ണികൃഷ്ണന്‍, അസി.കമ്മീഷണര്‍ എന്‍.ആര്‍.പ്രേംകുമാര്‍, എ.ഇ.ബൈജു, എ.ഒ.മോഹനന്‍ എന്നിവരുടെ നേതൃത്വത്തില്‍ വലിയ അമ്പലഗോപുര നടയില്‍വച്ച്‌ സ്വീകരണം നല്‍കി. തുടര്‍ന്ന്‌ പ്രദക്ഷിണം വച്ച്‌ വെളിച്ചപ്പാടിന്റെ സാന്നിധ്യത്തില്‍ തുള്ളുന്ന സംഘം ശബരീശനാഥനില്‍ സര്‍വ്വസ്വവും സമര്‍പ്പിച്ച്‌ ഈ വര്‍ഷത്തെ ശബരിമല തീര്‍ത്ഥാടനത്തിന്‌ സമാപനം കുറിക്കുകയും ചെയ്തു. പേട്ടതുള്ളല്‍ സംഘങ്ങള്‍ക്ക്‌ പള്ളികമ്മറ്റിയുടെ ഭാരവാഹികളായ പ്രസിഡന്റ്‌ പി.എച്ച്‌.അബ്ദുള്‍ സലാം, സെക്രട്ടറി പി.എ.ഇര്‍ഷാദ്‌, ട്രഷറര്‍ സി.യു.അബ്ദുള്‍കരീം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്വീകരണം നല്‍കി.
** എസ്‌. രാജന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.