കേസരീന്ദ്രതുല്യന്‍

Saturday 12 January 2013 8:01 pm IST

അയ്യായിരം വര്‍ഷങ്ങള്‍കൊണ്ട്‌ ആര്‍ഷഭാരതം ആര്‍ജിച്ച ആദ്ധ്യാത്മികവിജ്ഞാനം അമ്പത്‌ സംവല്‍സരങ്ങള്‍കൊണ്ട്‌ സാക്ഷാത്കരിക്കുകയും അതിന്റെ അപാരതയും അദ്വിതീയതയും സരളഭാഷണത്തിലൂടെ ആവിഷ്ക്കരിക്കുകയും ചെയ്ത അവതാരവരിഷ്ഠനായിരുന്നു ശ്രീരാമകൃഷ്ണപരമഹംസന്‍ എങ്കില്‍ പ്രസ്തുത ദൗത്യം ആസേതുഹിമാചലം മാത്രമല്ല, അലയാഴികള്‍ക്കുമപ്പുറം ആഗോളവ്യാപകമായി പ്രഘോഷണം ചെയ്തത്‌ അദ്ദേഹത്തിന്റെ ശിഷ്ഠാഗ്രഗണ്യനായ ശ്രീമദ്‌ വിവേകാനന്ദസ്വാമികള്‍ ആയിരുന്നു.
ഗംഗയാറൊഴുകുന്ന ഭാരതം. ഗീതയ്ക്ക്‌ മാതാവായ ഭാരതം. ഗോവിനെ പരിലാളിക്കുകയും ഗോവിന്ദനെ പൂജിക്കുകയും ചെയ്യുന്ന ഭാരതം അതായിരുന്നു സ്വാമിജിയുടെ പ്രചോദനം. മനുഷ്യചിന്തയുടെ പരകോടിയായി പ്രഖ്യാപിതമായിരുന്ന ഉപനിഷത്ത്‌ കാഹളമായിരുന്നു, അദ്ദേഹത്തിന്റെ പ്രേരകശക്തി. എന്തായിരുന്നു ആ ആഹ്വാനം. ലൗകിക പ്രലോഭനങ്ങളില്‍നിന്ന്‌ ഒഴിഞ്ഞ്‌ കാട്ടില്‍ പ്രവേശിച്ച്‌ കാനല്‍ജലം കുടിച്ച്‌ ഫലമൂലാദികള്‍ ഭുജിച്ച്‌ പര്‍ണശാലകളില്‍ ധ്യാനനിരതരായി ജീവിതം കഴിച്ച ഋഷിപുംഗവന്‍മാര്‍ പ്രഖ്യാപിച്ചു. മനുഷ്യാത്മാവിന്റെ അമൃതത്വത്തെപ്പറ്റി അവരുടെ പ്രതിനിധിയായ ശ്വേതാശ്വതര മഹര്‍ഷി, ഉത്തുംഗമമായ ഗിരിശൃംഗത്തില്‍ നിന്നുകൊണ്ടും ഊര്‍ദ്ധ്വബാഹുവായി സമസ്തലോകത്തിലുമുള്ള മാനവരാശിയോട്‌ ഉദ്ഘോഷിച്ചു. ശൃണ്വന്തു വിശ്വേ അമൃതസ്യ പുത്രാഃ ലോകമേ ശ്രമിച്ചാലും അമരതത്വത്തിന്റെ അമരക്കിടാവാണ്‌ മനുഷ്യന്‍. അവനില്‍ അനന്തശക്തി കുടികൊള്ളുന്നു. ഈ വേദാന്ത ദര്‍ശനമായിരുന്നു വിവേകാനന്ദസ്വാമികളുടെ സ്ഥായീഭാവം. അതേ ഭാരതവും ഭാരതീയ തത്വചിന്തയുമായിരുന്നു, സ്വാമികളുടെ വ്യക്തിത്വത്തിന്റെ ഊടും പാവും, അഥവാ ഓതപ്രോതങ്ങള്‍.
സ്വാമിജിക്ക്‌ ഒരു ദര്‍ശനമുണ്ടായിരുന്നു. യവന കാല്‍പ്പനീകതയില്‍ അധിഷ്ഠിതമായ ആദര്‍ശങ്ങളോ ഭൗതികവാദത്തില്‍നിന്നും സംജാതമായ സിദ്ധാന്തങ്ങളോ അല്ല, പ്രമുഖ മനുഷ്യന്റെ മഹത്വത്തെയും ദിവ്യത്വത്തേയും വിളിച്ചോതുന്ന ഭാരതീയോപനിഷത്തുകളുടെ പ്രത്യയശാസ്ത്രമാണ്‌ ലോകത്തിന്‌ മാര്‍ഗദര്‍ശകമായിട്ടുള്ളത്‌ എന്നായിരുന്നു അത്‌. അതുകൊണ്ട്‌ അദ്ദേഹം ശ്രമിച്ചതും വേദങ്ങളിലും ഉപനിഷത്തുകളിലും ഗീതയിലും നിര്‍ലീനമായിരിക്കുന്ന സനാതന ധര്‍മങ്ങളെ ജനതാമധ്യത്തില്‍ വിളംബരം ചെയ്യുക എന്നതായിരുന്നു. അതിനുവേണ്ടിയത്രെ അദ്ദേഹം ഭാരതത്തില്‍ ഉടനീളവും അമേരിക്കയിലും യൂറോപ്പിലും സഞ്ചരിച്ചത്‌.
ഭാരതത്തിന്റെ അന്തരീക്ഷത്തില്‍ ഒരു ദുര്‍ഭൂതം വട്ടമിട്ടു കറങ്ങുന്നുവെന്നും അത്‌ പൂര്‍വസൂരികള്‍ നല്‍കിയ വിജ്ഞാനത്തെ സംബന്ധിച്ച വിസ്മൃതിയാണെന്നും അദ്ദേഹം കണ്ടെത്തി. അതുകൊണ്ട്‌ അദ്ദേഹം പ്രഖ്യാപിച്ചു. ഗീതോപനിഷത്തുകളിലെ സന്ദേശം, ഭാരതം വിസ്മരിച്ചതാണ്‌ അടിമത്വത്തിന്‌ കാരണം. യൂറോപ്പും അമേരിക്കയും പ്രസ്തുത സന്ദേശങ്ങള്‍ സ്വീകരിച്ചതുകൊണ്ടോ അവര്‍ ലോകജേതാക്കളായി മാറി. സ്വാമിജി പ്രഖ്യാപിച്ച ഹിന്ദുത്വത്തിന്റെ വിജ്ഞാനമകുടമായ വേദാന്തത്തിലേക്ക്‌ മടങ്ങൂ. വക്ഷസ്‌ വിരിച്ചുകൊണ്ട്‌ ഞാന്‍ ഹിന്ദുവാണ്‌ എന്ന്‌ അഭിമാനത്തോടെ പ്രഖ്യാപിക്കൂ. ഋഷിപുംഗവന്‍മാരുടെ പാദസ്പര്‍ശംകൊണ്ട്‌ പവിത്രമായ ഈ മണ്ണും മൂര്‍ദ്ധാവില്‍ തിലകമായി അണിയൂ. ഇതാണ്‌ അദ്ദേഹം ജീവിതത്തില്‍ ചെയ്തതും. ഇത്‌ വിശദീകരിക്കുവാന്‍ സ്വാമിജിയുടെ ജീവിതത്തിലെ മൂന്നു സംഭവങ്ങളെ ഉദ്ധരിക്കാം.
ആദ്യത്തെ സംഭവം അമേരിക്കയിലേക്ക്‌ യാത്രപുറപ്പെട്ട കപ്പലില്‍ വച്ചായിരുന്നു. മുംബൈ തുറമുഖത്തുനിന്നും മന്ദഗതിയില്‍ നീങ്ങിയ കപ്പലിന്റെ മേല്‍ത്തട്ടില്‍നിന്നുകൊണ്ട്‌ അദ്ദേഹം പ്രിയപ്പെട്ട മാതൃഭൂമിയെ നോക്കിക്കൊണ്ട്‌ നില്‍ക്കുകയായിരുന്നു. മുഖത്തും വിചാരവികാരവേലിയേറ്റ ഭാവങ്ങള്‍ പ്രകടമായിരുന്നു. ആരോ അദ്ദേഹത്തിന്റെ പുറത്തുതട്ടി. സ്വാമിജി തിരിഞ്ഞുനോക്കിയപ്പോള്‍ കണ്ടത്‌ ഒരു വിദേശിയെയായിരുന്നു. ഇംഗ്ലീഷ്കാരനെന്ന്‌ സ്വയം പരിചയപ്പെടുത്തിയ അദ്ദേഹം സ്വാമിജിയുമായി കുശലാന്വേഷണം നടത്തിയശേഷം ഭാരതീയരെ പുകഴ്ത്തുന്ന രീതിയില്‍ പറഞ്ഞു. "താങ്കളുടെ ജനത എത്രയോ വിധേയത്വമുള്ളവരാണ്‌?" സ്വാമിജിയുടെ രാജകീയഭാവം ഉണര്‍ന്ന്‌ അദ്ദേഹം പ്രതിവചിച്ചു. "എന്റെ ജനങ്ങളുടെ സ്വഭാവം മറിച്ചായിരുന്നെങ്കില്‍ എന്ന്‌ ഞാന്‍ ആഗ്രഹിക്കുന്നു." ഭാരതീയരുടെ വിധേയത്വ സ്വഭാവമാണ്‌ വിദേശികളെ ഭാരതത്തിന്റെ മേലാളന്മാരായി തീര്‍ത്തത്‌ എന്ന്‌ അപഗ്രഥനപാടവമായ ആ മനീഷി മനസിലാക്കിയിരുന്നു.
രണ്ടാമത്തെ സംഭവം ചിക്കാഗോയിലെ മതമഹാസമ്മേളനത്തിലാണ്‌. അമേരിക്കയിലെ കത്തോലിക്കാ സഭയുടെ പരമോന്നത കര്‍ദിനാള്‍ ഗ്രിബണ്‍സ്‌ ആയിരുന്നു പ്രസ്തുത സമ്മേളനത്തിന്റെ അധ്യക്ഷന്‍. ഏഴായിരത്തിലധികം നേതാക്കള്‍ കൂടിയിരുന്നു അവിടെ. പ്രസംഗത്തിന്റെ ഊഴം വന്നപ്പോള്‍ സ്വാമിജി, ഭാരതീയരീതിയില്‍ ദക്ഷിണാമൂര്‍ത്തിയെ ധ്യാനിച്ചുകൊണ്ടും ദക്ഷിണേശ്വരത്തില്‍ കുടികൊള്ളുക. തന്റെ ഗുരുനാഥന്‍ ശ്രീരാമകൃഷ്ണ ദേവനെ സ്മരിച്ചുകൊണ്ടും അമേരിക്കയിലെ സഹോദരന്മാരെ, സഹോദരിമാരെ എന്നും അഭിവാദനം ചെയ്തുകൊണ്ട്‌ പ്രസംഗം ആരംഭിച്ചു. ചെകിടടയ്ക്കുമാറുള്ള കരഘോഷം സദസില്‍നിന്നും ഉയര്‍ന്നു. ആരവം അവസാനിച്ചപ്പോള്‍ അഭിമാന പുളകിതനായി അദ്ദേഹം തുടര്‍ന്നു. മതങ്ങളുടെ മാതാവായ ഹിന്ദുധര്‍മത്തിന്റെ പ്രതിനിധിയായിട്ടാണ്‌ ഞാന്‍ വന്നിരിക്കുന്നത്‌. വീണ്ടും കരഘോഷം. ശബ്ദം ഒടുങ്ങിയപ്പോള്‍ സ്വാമിജി പറഞ്ഞു ലോകത്തിലെ ഏറ്റവും പ്രാചീനമായ സന്യാസ പരമ്പരയുടെ പ്രതിനിധിയായിട്ടാണ്‌ ഞാന്‍ വന്നിരിക്കുന്നത്‌. ശ്രോതാക്കള്‍ ആര്‍ത്തുതിമിര്‍ത്തു. സദസ്‌ ശാന്തമായപ്പോള്‍ സ്വാമിജി പ്രഭാഷണം തുടര്‍ന്നു.
കേവലം ഏഴ്‌ മിനിട്ട്‌ മാത്രം നീണ്ട പ്രസംഗത്തില്‍ ഭാരതത്തിന്റെയും ഹിന്ദുത്വത്തിന്റെയും അപ്രതിമപ്രഭാവത്വം അദ്ദേഹം സാരമായി സരളമായി പ്രഖ്യാപിച്ചു. പ്രസംഗം അവസാനിച്ചപ്പോള്‍ സദസ്‌ മുഴുവനും എഴുന്നേറ്റ്നിന്നും ഭാരതത്തിലെ യുവസന്ന്യാസി അഞ്ജലീബദ്ധമായ ആദരവും നല്‍കി. അധ്യക്ഷനായ കര്‍ദിനാള്‍ ഗ്രിബര്‍ഗും തൊലിയുടെ നിറഭേദം നോക്കാതെ ഊതനിറക്കാരനും അടിമരാജ്യത്തിന്റെ അംഗവുമായ സ്വാമിജിയെ ആലിംഗനം ചെയ്തു. ഭാരതം താത്വിക വിജ്ഞാനംകൊണ്ടും പാശ്ചാത്യനാടിനെ പ്രബുദ്ധമാക്കിയപ്പോള്‍ അവര്‍ നല്‍കിയ ഗുരുദക്ഷിണയായി നമുക്ക്‌ ഈ സംഭവത്തെ ചിത്രീകരിക്കാം. പിറ്റേദിവസം പുറപ്പെട്ട അമേരിക്കന്‍ പത്രങ്ങള്‍ വിവേകാനന്ദജിയെപറ്റി മുക്ത കണ്ഠം പ്രശംസിച്ചെഴുതി. സ്വാമിജിയുടെ ഒറ്റപ്രസംഗംകൊണ്ട്‌ ഹിന്ദുത്വം ബഹുമാനിതമായി. ന്യൂയോര്‍ക്ക്‌ ഹെറാള്‍ഡ്‌ എന്ന പത്രം സാരസ്പര്‍ശിയായ ഒരു ചോദ്യം ഉന്നയിച്ചു. സ്വാമി വിവേകാനന്ദനെപ്പോലെയുള്ള സന്യാസിമാര്‍ അധിവസിക്കുന്ന ഭാരതത്തിലേക്ക്‌ മിഷനറിമാരെ അയക്കേണ്ട ആവശ്യമുണ്ടോ എന്നതായിരുന്നു ആ ചോദ്യം.
അടുത്ത സംഭവം തമിഴ്‌നാട്ടിലെ ചിദംബരം കടല്‍പ്പുറത്താണ്‌. വിശ്വവിഖ്യാതനായിക്കഴിഞ്ഞിരുന്ന വിവേകാനന്ദസ്വാമികളെ സ്വീകരിക്കുവാന്‍ കുബേരകുചേലഭേദമന്യേ പണ്ഡിതപാമര വ്യത്യാസം കൂടാതെ ഒരു വലിയ ജനതതി തടിച്ചുകൂടിയിരുന്നു അവിടെ. സ്വാമിജിയെ എതിരേല്‍ക്കുവാന്‍ ഭരണാധിപന്‍മാരും നവാബുമാരും അഹമഹമിഹയാ മത്സരിച്ചിരുന്നു. കപ്പലില്‍നിന്നിറങ്ങിയ സ്വാമിജി അവരെ ആരേയും തീരെ ഗൗനിച്ചില്ല മറിച്ച്‌ പാംസു സ്നാനം ചെയ്യുന്ന മത്തേഭനെപ്പോലെ കടല്‍പ്പറത്തെ പൊടിമണ്ണെടുത്ത്‌ ആ പാദ ചൂഡം വിതറി. ഇതെന്ത്‌ എന്ന്‌ ജനം അത്ഭുപ്പെട്ടു. പക്ഷേ സ്വാമിജി ആ പ്രവൃത്തി തുടര്‍ന്ന്‌ കുറേനേരത്തേയ്ക്ക്‌ ഏതാണ്ട്‌ അഞ്ചുമിനിറ്റ്‌ കഴിഞ്ഞപ്പോള്‍ സ്വാമിജി സ്വസ്ഥനായി. ജിജ്ഞാസുക്കളുടെ ചോദ്യത്തിനുത്തരമായി സ്വാമിജി നല്‍കിയ മറുപടി ഋഷിനാടായ ആര്‍ഷഭാരതത്തിന്‌ വിലതീരാത്ത ഒരു ടിപ്പണിയാണ്‌. അദ്ദേഹം പറഞ്ഞു, കഴിഞ്ഞ രണ്ടുമൂന്നു വര്‍ഷങ്ങളായി ഞാന്‍ ഭോഗരാജ്യങ്ങളായ അമേരിക്കയിലും യൂറോപ്യന്‍ സംസ്ഥാനങ്ങളിലുമായിരുന്നു. ആ അന്തരീക്ഷത്തിലെ ഭോഗേഛ എന്റെ ശരീരത്തില്‍ സ്വാഭാവികമായും പറ്റിപ്പിടിച്ചിട്ടുണ്ടാകാം ത്യാഗനാടായ ഈ പുണ്യഭൂമിയിലെ പാംസുക്കള്‍കൊണ്ട്‌ എന്റെ ശരീരം ശുദ്ധീകരിച്ചെങ്കിലേ പവിത്രത ഉണ്ടാകൂ എന്ന വിശ്വാസംകൊണ്ടാണ്‌ ഞാന്‍ ഇത്‌ ചെയ്തത്‌.
ചിദംബരത്തെ സ്വീകരണത്തിനുശേഷം സ്വാമിജി മദിരാശി സര്‍വകലാശാലയിലെ യുവാക്കളെ അഭിസംബോധന ചെയ്യുവാനാണ്‌ പോയത്‌. അദ്ദേഹത്തിന്റെ ആ പ്രസംഗം ഭഗവാന്‍ ശ്രീകൃഷ്ണന്റെ ഗീതോപദേശ സദൃശമായിരുന്നു. ഗാഢമായി ചിന്തിക്കുവാനും ചിന്തിച്ച്‌ ചര്‍ച്ചചെയ്യുവാനും അതില്‍ പലതും ഉണ്ട്‌. ശരീരമാദ്യം ഖലു ധര്‍മസാധനം എന്ന പ്രഖ്യാപനത്തെ അനുസ്മരിപ്പിക്കുമാറ്‌ ശരീരത്തെ പുഷ്ടിപ്പെടുത്തുവാന്‍ അദ്ദേഹം യുവജനങ്ങളെ ആഹ്വാനം ചെയ്തു.
നായാമാത്മാബലഹീനേത ലഭ്യ എന്നുള്ള ഉപനിഷദ്‌ സൂക്തം അതായത്‌ ബലഹീനത ഈ ആത്മാവിനെ പ്രാപിക്കുവാന്‍ സാദ്ധ്യമല്ല എന്നുള്ള ഋഷിവാക്യം ആയിരുന്നു സ്വാമിജിയുടെ ആഹ്വാനത്തിന്‌ അടിസ്ഥാനം. അതുകൊണ്ട്‌ അദ്ദേഹം പ്രഖ്യാപിച്ചത്‌ സുവിദിതമാണ്‌. ഗീതവായിക്കുന്നതിന്‌ മുമ്പ്‌ യുവജനങ്ങളെ, നിങ്ങള്‍ ഫുട്ബോള്‍ കളിക്കൂ. അങ്ങനെ നിങ്ങളുടെ ശരീരവും മനസും ബലവത്താകട്ടെ. ഞാന്‍ പാപിയാണ്‌ എന്ന സങ്കല്‍പ്പം തന്റെ ഗുരുനാഥനായ രാമകൃഷ്ണദേവന്‌ എത്രകണ്ട്‌ അരോചകമായിരുന്നുവോ അതുപോലെയായിരുന്നു. താന്‍ ബലഹീനനാണ്‌ എന്ന്‌ ഒരുവന്‍ സ്വയം സങ്കല്‍പ്പിക്കുന്നത്‌. ആ സങ്കല്‍പ്പമാണ്‌ ഏറ്റവും വലിയ ഈശ്വരനാകൂ എന്ന്‌ സ്വാമിജി പഠിപ്പിച്ചു. ഭാരതത്തിന്റെ ആചാര്യന്‍ യുവാവായ ദക്ഷിണാമൂര്‍ത്തിയാണ്‌. അതുകൊണ്ട്‌ യുവാക്കളാണ്‌ ഭാരതത്തെ ഉദ്ബുദ്ധരാക്കേണ്ടത്‌. ആ പ്രസംഗത്തിലെ മറ്റൊരു പ്രമേയം, യുവാക്കള്‍ കഠോപനിഷത്തിലെ കഥാപാത്രമായ നചികേതസിനെപ്പോലെ 'ശ്രദ്ധാ'ലുക്കളാകണം എന്നുള്ളതാകൂ. ആത്മാവിന്റെ മരണാനന്തരം അവസ്ഥയെപ്പറ്റി അറിയുവാനുള്ള ആഗ്രഹവുമായി തന്നെ സമീപിച്ച നചികേതസിനെ യമദേവന്‍ പലവിധേനയും പ്രലോഭിപ്പിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്തതെങ്കിലും നചികേതസ്‌ ഇളകിയില്ല. നിശ്ചയദാര്‍ഢ്യമുള്ള ആ ശ്രദ്ധ ഭാരതത്തിലെ യുവാക്കള്‍ക്ക്‌ ഉണ്ടാകണമെന്ന്‌ സ്വാമിജി ആഹ്വാനം ചെയ്തു. ഉത്തിഷ്ഠിത ജാഗ്രത എന്ന ഉപനിഷദ്‌ വാക്യം സ്വാമിജി സിംഹഗര്‍ജനതുല്യം പ്രഖ്യാപിച്ചു. പ്രസ്തുത പ്രസംഗം ശ്രവിച്ച യുവാക്കളില്‍ പലരും ആകര്‍മണ്യതയില്‍നിന്നും കര്‍മകുശലതയിലേക്ക്‌ ഉയര്‍ന്നുവെന്ന്‌ വെളിവാക്കിയിട്ടുണ്ട്‌.
പ്രസംഗിക്കുന്ന അദ്ദേഹം വിദ്യാഭ്യാസത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം വെളിവാക്കി. മനുഷ്യനില്‍ സുഷുപ്തമായിരിക്കുന്ന ഈശ്വരത്വം പ്രകടമാക്കുന്നതാണ്‌ അത്‌, അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രത്യക്ഷ ദര്‍ശനമാണ്‌ ജ്ഞാനത്തിനുള്ള ഉപാധി എന്ന്‌ ഹൈന്ദവസിദ്ധാന്തം സ്വാംശീകരിച്ചതുകൊണ്ടാകാം അദ്ദേഹം ഭാരതത്തിന്റെ വൈവിധ്യവും ഏകത്വവും നേരിട്ടറിയുവാന്‍ യാത്രതിരിച്ചത്‌. ദക്ഷിണേശ്വരത്തുനിന്നും അല്‍മോറയിലെത്തി അദ്വൈതാശ്രമം സ്ഥാപിക്കുകയും സാരഗര്‍ഭമായ പ്രഭാഷണംകൊണ്ട്‌ തദ്ദേശവാസികളെ പ്രബുദ്ധരാക്കുകയും ചെയ്തു. പഞ്ചാബില്‍ വിവേകാനന്ദസ്വാമികള്‍ ചെയ്ത പ്രഭാഷണങ്ങളിലെ സിംഹഗര്‍ജനമാണ്‌ ലാഹോര്‍ സര്‍വകലാശാലയിലെ തീര്‍ത്ഥരാമനെന്ന ഗണിതശാസ്ത്ര പ്രൊഫസറെ രാമതീര്‍ത്ഥര്‍ എന്ന സുപ്രസിദ്ധ അദ്വൈതവേദാന്തിയാക്കി രൂപാന്തരപ്പെടുത്തിയത്‌. അമേരിക്കയില്‍ രാമതീര്‍ത്ഥര്‍ നടത്തിയ വേദാന്തപ്രസംഗങ്ങള്‍ വിവേകാനന്ദ സ്വാമികളുടെ പ്രസംഗങ്ങളുടെ അനുബന്ധമാണ്‌. അവ നിരവധി അമേരിക്കക്കാരെ വേദാന്തത്തിന്റെ മാസ്മരവലയത്തിലേക്ക്‌ ആകര്‍ഷിച്ചിട്ടുണ്ട്‌. പഞ്ചാബില്‍നിന്നും മഹാരാഷ്ട്രയിലെത്തിയ സ്വാമിജി ലോകമാന്യതിലകനുമായി ഭാരതത്തിന്റെ ഭാവിയെപ്പറ്റി ചര്‍ച്ചചെയ്തു. അതില്‍നിന്നും പൊന്തിവന്ന ആശയമാണ്‌ ലോകമാന്യതിലകന്‍ ആസൂത്രണം ചെയ്ത ഗണേശോത്സവം. ഹിന്ദുജനതയെ ദേശീയോദ്ബുദ്ധരും ഹിന്ദുത്വാഭിമുഖ്യരുമാക്കുന്നതിന്‌ പ്രസ്തുത സംരംഭം വലിയ പങ്ക്‌ വഹിച്ചിട്ടുണ്ട്‌. മൈസൂര്‍ രാജധാനിയില്‍ വച്ചാണ്‌ സ്വാമിജി ഹൈന്ദവ ആരാധനയുടെ അടിസ്ഥാനമായ പ്രതിമ പൂജയിലൂടെ ശാസ്ത്രീയതയെപ്പറ്റി സംശയവാദികള്‍ക്ക്‌ വിശദമാക്കിയതും ഭാര്‍ഗവക്ഷേത്രമായ കേരളത്തില്‍ സ്വാമിജിയുടെ അതിപ്രസരം ആരംഭിക്കുന്നത്‌ മൈസൂറില്‍ നടന്ന ഒരു സംഭവത്തോടുകൂടിയാണ്‌. തന്റെ സമുദായത്തോടുള്ള തിരുവിതാംകൂര്‍ സര്‍ക്കാരിന്റെ അവഹേളനത്തില്‍ മനംനൊന്ത മഹാനായ ഡോക്ടര്‍ പല്‍പ്പു മഹാത്മാവായ സ്വാമിജി കയറിയ റിക്ഷാവണ്ടി വലിച്ചുകൊണ്ടുപോയ സന്ദര്‍ഭത്തില്‍ ഹിന്ദുക്കളാണെങ്കിലും അവഗണിക്കപ്പെട്ടവരും അവശന്മാരും ആര്‍ത്തന്മാരുമായി കഴിഞ്ഞുവന്നവരായ ഈഴവരുടെ ഉദ്ധാരണത്തിനുകരണീയമായി എന്തുള്ളൂ എന്ന്‌ ചര്‍ച്ചചെയ്തു. ഹൈന്ദവരായ ഈഴവരുടെ ദുഃസ്ഥിതി കേട്ട സ്വാമിജി വ്യാകുലനായി വ്യസനാക്രാന്തനായി പ്രതികരിച്ചു. "അഹോ! കേരളം ഭ്രാന്താലയ തുലോം" ഉപശമനമാര്‍ഗം സ്വാമിജി ഉപദേശിച്ചു. ഭാരതത്തില്‍ പരിവര്‍ത്തനം വരുത്തണമെങ്കില്‍ അതിന്റെ സ്രോതസ്‌ ഒരു സന്ന്യാസിയായിരിക്കണം. ഇത്‌ ഭാരതത്തിന്റെ പാരമ്പര്യമാണ്‌. അതുകൊണ്ട്‌ തിരുവിതാംകൂറില്‍ മടങ്ങിച്ചെന്ന ഒരു സന്ന്യാസിയെ മുന്‍നിര്‍ത്തി സംഘടന രൂപീകരിച്ച്‌ പ്രവര്‍ത്തിക്കുവാന്‍ ഡോ. പല്‍പ്പുവിനെ സ്വാമിജി ഉപദേശിച്ചു. ഡോ. പല്‍പ്പു അത്‌ അംഗീകരിച്ചു. അക്കാലത്ത്‌ അവധൂതനെപ്പോലെ കഴിഞ്ഞിരുന്ന ശ്രീനാരായണ ഗുരുദേവന്റെ ആദ്ധ്യാത്മിക നേതൃത്വം. ഈഴവസമുദായം അംഗീകരിക്കുവാനും കാലക്രമത്തില്‍ ശ്രീനാരായണധര്‍മപാലനം (എസ്‌എന്‍ഡിപി) രൂപീകരിക്കുവാനും വഴിതെളിച്ചത്‌ ഇങ്ങനെയായിരുന്നു. കൊടുങ്ങല്ലൂരില്‍ എത്തിയ അദ്ദേഹത്തെ സായാഹ്നത്തില്‍ വ്യാപാര വഞ്ചിക്കാര്‍ കയറ്റി അടുത്ത പ്രഭാതത്തില്‍ എറണാകുളം ജെട്ടിയില്‍ എത്തിച്ചു. ഉദിച്ചുയരുന്ന സൂര്യ ഭഗവാന്റെ കിരണങ്ങള്‍ ഏറ്റുകൊണ്ടു നില്‍ക്കുന്ന സ്വാമിജിയെ തെരുവുബാലന്മാര്‍ സാകൂതം നോക്കി . ഇംഗ്ലീഷ്‌ സംസാരിക്കുന്ന ഒരു സ്വാമിജി വന്നിരിക്കുന്നു എന്ന ആര്‍പ്പുവിളിയോടെ അവര്‍ പലവഴിക്ക്‌ പാഞ്ഞു. വിവരം വിനാവിളംബരം ദിവാന്‍ പേഷ്കാരുടെ ചെവിയിലെത്തി. അദ്ദേഹം സ്വാമിജിയെ സ്വഗൃഹത്തിലേക്ക്‌ ആനയിച്ചു. യതിവര്യനായ ശ്രീമദ്‌ ചട്ടമ്പിസ്വാമികള്‍ അന്നും ദിവാന്‍ പേഷ്ക്കാരുടെ അതിഥിയായിട്ടുണ്ടായിരുന്നു. രണ്ട്‌ യതിവര്യന്മാര്‍ അവിടെ അങ്ങനെ സമ്മേളിച്ചു. ഖേജരി മുദ്രയെപ്പറ്റി വിശദീകരിക്കാന്‍ ചട്ടമ്പിസ്വാമികള്‍ ആവശ്യപ്പെട്ടു. വിവേകാനന്ദസ്വാമികള്‍ വിശദീകരണം ആവശ്യപ്പെട്ട ഉടന്‍തന്നെ മതി എന്ന്‌ ചട്ടമ്പിസ്വാമികള്‍ പറഞ്ഞു. കാരണം ക്രാന്തദര്‍ശിയായിരുന്ന ചട്ടമ്പിസ്വാമികള്‍ക്ക്‌ വിവേകാനന്ദസ്വാമികളുടെ ഔന്നത്യം കരതലാമലകംപോലെ മനസിലായി. വിനയാന്വിതനായ ചട്ടമ്പിസ്വാമികള്‍ വിവേകാനന്ദസ്വാമിജിയോടായി പറഞ്ഞു. അങ്ങ്‌ വേദാന്തവിഹായസില്‍ വിഹരിക്കുന്ന ഗരുഡന്‍. ഞാനോ ഇങ്ങ്‌ താഴെയുള്ള പ്രതലങ്ങളില്‍ പറക്കുന്ന ചെറുപാളിമാത്രം. ഭ്രാന്താലയ തുല്യമായ കേരളത്തില്‍ ഭ്രാന്ത്ബാധിക്കാത്ത മഹാത്മാവ്‌ എന്നാണ്‌ വിവേകാനന്ദസ്വാമികള്‍ ചട്ടമ്പിസ്വാമി തിരുവടികളെ വിശേഷിപ്പിച്ചതും.
ആലപ്പുഴ, ഹരിപ്പാട്‌, കൊല്ലം തിരുവനന്തപുരം വഴി അദ്ദേഹം കന്യാകുമാരിയിലെത്തി. സമുദ്രം താണ്ടി പാറയുടെ മുകളില്‍ കുമാരിക്ഷേത്രത്തിന്റെ പാശ്ചാത്യഭാഗത്തിനഭിമുഖമായി രണ്ട്‌ ദിനരാത്രങ്ങള്‍ തപം ചെയ്തു. അത്‌ 1892 ഡിസംബര്‍ 23, 24 തീയതികളില്‍ എന്നും രേഖപ്പെടുത്തിയിരിക്കുന്നു. ഈ വേളയിലാണത്രേ ശ്രീരാമകൃഷ്ണ ദേവന്‍ പ്രത്യക്ഷപ്പെട്ട്‌ അമേരിക്കയിലെ നിര്‍ദ്ദിഷ്ടമാം മതമഹാസമ്മേളനത്തില്‍ സംബന്ധിക്കണമെന്ന്‌ സ്വാമിജിക്ക്‌ നിര്‍ദ്ദേശം നല്‍കിയത്‌. സര്‍വാഭരണ വിഭൂഷിതയായി ശ്രീകോവിലില്‍ വിരാജിക്കുന്ന കുമാരി ദേവിയുടെ മുന്നില്‍ വണങ്ങിനിന്ന സ്വാമിജിയോട്‌ ദേവിയും ആജ്ഞാപിച്ചുപോലും അമേരിക്കയില്‍പ്പോയി വേദാന്ത പ്രഘോഷണം ചെയ്ത്‌ ഭാരതത്തിന്റെ യശസ്‌ ഉയര്‍ത്തുവാന്‍ അങ്ങനെ ഗുരുനിര്‍ദ്ദേശവും നിയതിനിയോഗവുമാണ്‌ പാശ്ചാത്യനാടുകളിലേക്ക്‌ പോകുവാന്‍ സ്വാമിജിക്ക്‌ പ്രേരകമായത്‌. തമിഴ്‌നാട്ടിലൂടെ മടങ്ങിയ അദ്ദേഹം ശ്രീരംഗത്തും പ്രാന്തപ്രദേശങ്ങളിലും ഭാരതത്തിന്റെ ഉത്കൃഷ്ട പാരമ്പര്യത്തെ പുരസ്കരിച്ച്‌ പ്രസംഗിച്ചു. അതില്‍നിന്നും ആവേശമുള്‍ക്കൊണ്ടാണ്‌ പ്രഗത്ഭവാഗ്മി സത്യമൂര്‍ത്തിയും സുപ്രസിദ്ധ തമിഴ്‌ കവി സുബ്രഹ്മണ്യഭാരതിയും കര്‍മോന്മുഖരായത്‌. ബംഗാളിലെ മഹര്‍ഷി അരവിന്ദനും ഉത്തര്‍പ്രദേശിലെ യോഗാനന്ദപരമഹംസനിലും മഹാത്മജിയിലും മറ്റും പല മഹാന്മാരിലും സ്വാമിജിയുടെ ആശയങ്ങളുടെ പ്രതിഫലനങ്ങള്‍ കാണാം. പ്രബുദ്ധവും പ്രഫുല്ലവുമായ രാഷ്ട്രസങ്കല്‍പ്പം പ്രായോഗികമായി പ്രചരിപ്പിക്കുന്ന രാഷ്ട്രീയ സ്വയംസേവസംഘത്തില്‍ തടസങ്ങളും നയങ്ങളും സ്വാമിജിയുടെ സിദ്ധാന്തങ്ങളുടെ നവാവിഷ്കരണമാണ്‌ എന്ന്‌ നിര്‍മത്സര ബുദ്ധികള്‍ സമ്മതിക്കും.
സംക്ഷിപ്തമായി പറഞ്ഞാല്‍ അതീതകാലംമുതലുള്ള ഭാരതീയ ആചാര്യപരമ്പരയിലെ ആധുനിക പ്രതിനിധിയായിരുന്നു സ്വാമികള്‍. ആചാര്യനുണ്ടായിരിക്കേണ്ട ചതുര്‍ഗുണങ്ങള്‍ അധീതി ബോധം, ആചരണം, പ്രചരണം എന്നിവ സ്വാമിജിയില്‍ സമഞ്ജസമായി ഉദ്ഗ്രഥനം ചെയ്തിരുന്നു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍മൂലം ഭാരതത്തിലെ ഹിന്ദുജനതയ്ക്ക്‌ സ്വാഭിമാന പുളകിതരായി ആട്ടിന്‍കൂട്ടത്തില്‍പ്പെട്ടും പൈതൃകം മറന്ന്‌ ആടുകളെപ്പോലെ മേ മേ വച്ചുകൊണ്ടും നടന്ന സിംഹക്കുട്ടിയില്‍ സഹജമായ സിംഹത്വം ഉജ്ജീവിപ്പിച്ച്‌ ഗര്‍ജിക്കുവാന്‍ പഠിപ്പിച്ച പുരാണപ്രസിദ്ധനായ കേസരീന്ദ്രതുല്യനായിരുന്നു വിവേകാനന്ദസ്വാമികള്‍. അവ ഗാഢമായ ചിന്തയിലൂടെയും സുദൃഢമായ പ്രവര്‍ത്തനങ്ങള്‍മൂലവും ഭാരത്തിന്റെ ആത്മാവിഷ്ക്കരണം സാധിച്ച സന്ന്യാസി ശ്രേഷ്ഠന്റെ ഭാരതത്തിന്റെ നവോത്ഥാനശില്‍പ്പി ആയ ആ യോഗീന്ദ്രന്റെ മുമ്പില്‍ ശതശതപ്രണാമം അര്‍പ്പിക്കാം നമുക്ക്‌.
നമസ്ക്കാരം യതിവര്യ വരിക ഭവാന്‍ നിര്‍വാണ നിമഗ്നനാവാതെ വീണ്ടും ലോകനന്മക്കായ്‌.
വന്ദേമാതരം
** പ്രൊഫ. ഒ.എം.മാത്യു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.