ആരണ്‍ സ്വാര്‍ട്സ്‌ തൂങ്ങിമരിച്ച നിലയില്‍

Sunday 13 January 2013 10:06 pm IST

ന്യൂയോര്‍ക്ക്‌: പ്രമുഖ സോഷ്യല്‍ ന്യൂസ്‌ എന്റര്‍ടൈന്‍മെന്റ്‌ വെബ്സൈറ്റായ റെഡിറ്റിന്റെ സഹസ്ഥാപകനും ഇന്റര്‍നെറ്റ്‌ ആക്ടിവിസ്റ്റുമായ ആരണ്‍ സ്വാര്‍ട്സിനെ (26)തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ന്യൂയോര്‍ക്ക്‌ ബ്രൂക്ക്‌ ലൈനിലെ അപ്പാര്‍ട്ട്മെന്റില്‍ വെള്ളിയാഴ്ച്ച വൈകിട്ടാണ്‌ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്‌. സ്വാര്‍ട്സിന്റെ കാമുകിയില്‍ നിന്നുള്ള വിവരം അനുസരിച്ചാണ്‌ പോലീസ്‌ അപ്പാര്‍ട്ട്മെന്റില്‍ എത്തിയത്‌. ഇന്റര്‍നെറ്റ്‌ ഹാക്കിങ്ങിന്‌ സ്വാര്‍ട്സിനെതിരെ പോലീസ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്തിരുന്നു. റിച്ച്‌ സൈറ്റ്‌ സമ്മറി എന്നറിയപ്പെടുന്ന ആര്‍എസ്‌ എസ്‌ സംവിധാനം ഉപയോഗിച്ച്‌ വിവിധ സൈറ്റുകളില്‍ നിന്ന്‌ അമേരിക്കന്‍ കോടതികളുടെ വിവരങ്ങള്‍ ചോര്‍ത്തി ആവശ്യക്കാര്‍ക്ക്‌ നല്‍കിയിരുന്നു. ഇതിനെതിരെ സ്വാര്‍ട്സിനെതിരെ കേസ്‌ രജിസ്റ്റര്‍ ചെയ്തിരുന്നു. കേസില്‍ അടുത്ത മാസം വിചാരണ നടക്കാനിരിക്കെയാണ്‌ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്‌. മാസച്ച്യുസെറ്റ്‌ സര്‍വകലാശാലയില്‍ നിന്നും 19 ലക്ഷം പേജുകളുള്ള രേഖകള്‍ ചോര്‍ത്തിയതിനു സ്വാര്‍ട്സിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. വിവരങ്ങളാണ്‌ ഏറ്റവും ശക്തിയുള്ളത്‌. ഈ വിവരങ്ങള്‍ ആവശ്യമുള്ളവര്‍ക്ക്‌ നല്‍കുക എന്നതാണ്‌ തന്റെ നയമെന്ന്‌ 2008ല്‍ സ്വാര്‍ട്സ്‌ എഴുതിയ കത്തില്‍ പറയുന്നു. സമൂഹത്തിന്റെ നന്മയ്ക്ക്‌ ഈ വിവരങ്ങള്‍ ശേഖരിച്ച്‌ നല്‍കണം എന്നാണ്‌ സ്വാര്‍ട്‌ പലപ്പോഴായി പറഞ്ഞിരുന്നത്‌. ഇന്റര്‍നെറ്റിലെ സെന്‍സര്‍ഷിപ്പിനെതിരായി പ്രവര്‍ത്തിച്ച സംഘത്തിന്‌ പിന്നില്‍ പ്രവര്‍ത്തിച്ചതും സ്വാര്‍ട്സ്‌ തന്നെയായിരുന്നു. രേഖകള്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട്‌ 2011 ജനുവരി ആറിന്‌ സ്വാര്‍ട്സിനെ അറസ്റ്റ്‌ ചെയ്തിരുന്നു. കുറ്റം തെളിയിക്കപ്പെട്ടാല്‍ സ്വാര്‍ട്സിന്‌ കടുത്ത ശിക്ഷ ലഭിക്കുമായിരുന്നു. ഇതിനിടെയാണ്‌ സ്വാര്‍ട്സിനെ മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്‌. കുട്ടിക്കാലം മുതല്‍ക്കെ കംപ്യൂട്ടര്‍ പ്രോഗ്രാം ചെയ്യാന്‍ ആരംഭിച്ച സ്വാര്‍ട്സ്‌ പതിനാലാം വയസില്‍ ആര്‍എസ്‌എസിന്റെ ആദ്യ പതിപ്പ്‌ കണ്ടുപിടിക്കുന്നതില്‍ പങ്കുവഹിച്ചു. ഇന്റര്‍നെറ്റ്‌ സെന്‍സര്‍ഷിപ്പിനെതിരെ പോരാടുന്ന ഡിമാന്റ്‌ പ്രോഗ്രാം എന്ന സംഘടന സ്ഥാപിക്കുന്നതിലും സ്വാര്‍ട്സ്‌ പങ്കുവഹിച്ചു. കാലിഫോര്‍ണിയ ആസ്ഥാനമായുള്ള റെഡിറ്റ്‌ വഴി പൊതു സ്വഭാവമുള്ള വാര്‍ത്തകളും ലേഖനങ്ങളും,കോടതി സര്‍ക്കാര്‍ രേഖകളും ഇന്റര്‍നെറ്റ്‌ വഴി സൗജന്യമായി പ്രസിദ്ധീകരിച്ച്‌ പൊതുജനങ്ങള്‍ക്കിടയില്‍ സജീവ ചര്‍ച്ചയ്ക്ക്‌ വിട്ടുകൊടുത്താണ്‌ സ്വാര്‍ട്സ്‌ പ്രശസ്തനായത്‌. കോടതി രേഖകള്‍ ചോര്‍ത്തിയതിനെതിരെ എഫ്ബിഐ അന്വേഷണം നടത്തിയിരുന്നുവെങ്കിലും കുറ്റം ചുമത്തിയിരുന്നില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.