കേന്ദ്രസര്‍ക്കാര്‍ സൈനികരെ ബലികൊടുക്കുന്നു: തൊഗാഡിയ

Sunday 13 January 2013 10:07 pm IST

ന്യൂദല്‍ഹി: ഇന്ത്യന്‍ സൈനികരുടെ മൃതദേഹങ്ങളോട്‌ മനുഷ്യത്വം മരവിക്കുന്ന ക്രൂരത കാട്ടിയത്‌ പാക്കിസ്ഥാന്റെ നെറികെട്ട നടപടിയാണെന്ന്‌ വിഎച്ച്പി രാജ്യാന്തര വര്‍ക്കിംഗ്‌ പ്രസിഡന്റ്‌ ഡോ.പ്രവീണ്‍ തൊഗാഡിയ. എന്നാല്‍ പാക്‌ പ്രകോപനങ്ങളോട്‌ കേന്ദ്രസര്‍ക്കാര്‍ പ്രകടിപ്പിക്കുന്ന ദുര്‍ബലമായ പ്രതികരണങ്ങള്‍ അതിനെക്കാള്‍ ഗൗരവമുള്ളതാണ്‌. മെന്താര്‍ മേഖലയില്‍ നിയന്ത്രണരേഖ ലംഘിച്ച്‌ പാക്കിസ്ഥാന്‍ സൈന്യം ഇന്ത്യയുടെ 600 മീറ്റര്‍ അകത്തേക്ക്‌ കടന്നുകയറിയിരിക്കുകയാണ്‌. ഇന്ത്യന്‍സൈന്യത്തിന്റെ പട്രോളിംഗ്‌ സംഘത്തെ പ്രകോപനം കൂടാതെ ആക്രമിക്കുകയും രാജ്പുത്‌ റൈഫിള്‍സിലെ രണ്ടുസൈനികരെ ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്തു. ലാന്‍സ്‌ നായിക്‌ ഹേമരാജ്‌, സുധാകര്‍ സിംഗ്‌ എന്നിവരെ തലവെട്ടി കൊലപ്പെടുത്തിയതിനു പുറമെ രണ്ടുപേരെ മാരകമായി പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഇന്ത്യന്‍ സൈനികരുടെ തലവെട്ടി ട്രോഫിയാക്കി കൊണ്ടുപോയ പാക്‌ സൈന്യത്തിന്റെ നടപടി നൂറ്റാണ്ടുകളായി അവര്‍ തുടരുന്ന പൈശാചിക ആശയാവിഷ്കാരത്തിന്റെ ഭാഗമാണ്‌. ഭാരതത്തെ നിരവധി മാര്‍ഗങ്ങളിലൂടെ പാക്കിസ്ഥാന്‍ നിരന്തരം ആക്രമിച്ചുകൊണ്ടിരിക്കുകയാണ്‌. അത്‌ 26/11, ജമ്മുകാശ്മീര്‍, രാജസ്ഥാന്‍, പഞ്ചാബ്‌ അതിര്‍ത്തികളിലും ബംഗ്ലാദേശ്‌, നേപ്പാള്‍, മ്യാന്മാര്‍ അതിര്‍ത്തികളിലും കൂടിയുള്ള ഭീകരരുടെ നുഴഞ്ഞുകയറ്റം എന്നിങ്ങനെ പലതരത്തിലാണ്‌. പാക്‌ അധീന കാശ്മീരില്‍ ചൈനീസ്‌ സൈന്യത്തിന്‌ താവളമൊരുക്കിയതും യുദ്ധാരംഭത്തിനുള്ള പദ്ധതിയാണ്‌. പാക്‌ ആഭ്യന്തര മന്ത്രി ഇന്ത്യയിലെത്തി 26/11 ലെ ജിഹാദി ആക്രമണത്തിന്‌ ഇന്ത്യയെ കുറ്റപ്പെടുത്തി. ദല്‍ഹി മുതല്‍ വാരണാസി വരെയും ബംഗളൂരു മുതല്‍ മുംബൈ വരെയും നിരവധി ജിഹാദി ഭീകരാക്രമണങ്ങളില്‍ ആയിരക്കണക്കിന്‌ ഇന്ത്യക്കാരെ കൊലപ്പെടുത്തുന്നതിലും പാക്കിസ്ഥാന്‍ ഉള്‍പ്പെട്ടിട്ടുണ്ട്‌. ഇപ്പോള്‍ അതിക്രൂരവും മനുഷ്യത്വരഹിതവുമായ നുഴഞ്ഞുകയറ്റവും ആക്രമണവും നമ്മുടെ ധീരജവാന്മാര്‍ക്കു നേരെ നടത്തിയിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മറ്റേതെങ്കിലും രാജ്യാതിര്‍ത്തിയിലാണ്‌ ഇത്തരം ഹീന ആക്രമണം നടത്തിയതെങ്കില്‍ അവിടുത്തെ സര്‍ക്കാര്‍ ആക്രമണകാരികളുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചേനെ. പക്ഷേ നമ്മുടെ രാജ്യത്തെ സര്‍ക്കാര്‍ ഇപ്പോഴും പാക്കിസ്ഥാനെ ഭാരതത്തിന്റെ ശത്രുവായി കരുതാന്‍ തയ്യാറായിട്ടില്ല. തങ്ങള്‍ ശത്രുക്കളാണെന്ന്‌ നിരവധി അടയാളങ്ങള്‍ കാണിച്ചിട്ടും പാക്കിസ്ഥാനുമായി സമാധാനചര്‍ച്ചകള്‍ക്കും ക്രിക്കറ്റ്‌, വാണിജ്യബന്ധങ്ങള്‍, പ്രത്യേക വ്യവസായങ്ങള്‍ക്ക്‌ പാക്കിസ്ഥാന്‌ മുന്തിയ പരിഗണന, ഇന്ത്യയില്‍ പാക്‌ ബാങ്കുകള്‍ തുറക്കാന്‍ ഒത്താശ, സാംസ്കാരിക വിനിമയം, ഡോ.ഫായിയെ പോലെ ഇന്ത്യാവിരുദ്ധ ചിന്തയുള്ള ഇന്ത്യന്‍ പൗരന്മാരെ പാക്‌ വശത്ത്‌ ചേരാന്‍ സഹായിക്കുക എന്നിങ്ങനെ നിരവധി പ്രവര്‍ത്തനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഏകോപിപ്പിച്ചു വരികയാണ്‌. പാക്കിസ്ഥാനുമായുള്ള ചര്‍ച്ചകളില്‍ രാജ്യാന്തര നയതന്ത്രജ്ഞത നഷ്ടപ്പെടുത്തിയ സര്‍ക്കാര്‍ നമ്മുടെ അതിര്‍ത്തിസേനകളെയോ രാഷ്ട്രത്തെയോ സംരക്ഷിക്കുന്നില്ല. വിദേശനയതന്ത്രം, സമാധാനചര്‍ച്ചകള്‍ എന്നിവയുടെ പേരു പറഞ്ഞ്‌ ശത്രുക്കള്‍ക്ക്‌ നമ്മുടെ അതിര്‍ത്തി ലംഘിച്ച്‌ 600 മീറ്റര്‍ അകത്തേക്കു കയറാന്‍ അവസരമൊരുക്കി. ഇത്‌ നമ്മുടെ സൈന്യത്തെയും ജീവന്‍ ബലിനല്‍കിയ വീരസൈനികരെയും അപമാനിക്കുന്നതാണ്‌. പാക്കിസ്ഥാനെ നിലയ്ക്കുനിര്‍ത്തുന്നതില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതായും തൊഗാഡിയ കൂട്ടിച്ചേര്‍ത്തു. പാക്കിസ്ഥാനുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും അവസാനിപ്പിച്ച്‌ ഇന്ത്യന്‍ സര്‍ക്കാര്‍ സൈന്യത്തെ സജ്ജമാക്കി തിരിച്ചടിക്കണം. പാക്‌ ആക്രമണത്തില്‍ നഷ്ടമായ ഭൂപ്രദേശങ്ങള്‍ തിരിച്ചു പിടിക്കണം. നമ്മുടെ കര-നാവിക-വായു സേനകള്‍ മികവുറ്റതും പാക്കിസ്ഥാനെ നിമിഷനേരം കൊണ്ട്‌ പരാജിതരാക്കാനും കഴിവുള്ളവരാണ്‌. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ വോട്ടുബാങ്ക്‌ നയം ഭാരതത്തിന്റെ സുരക്ഷ കഴിഞ്ഞ കുറേക്കാലമായി അപകടത്തിലാക്കിയിരിക്കുകയാണ്‌. നിരന്തരമുള്ള പാക്‌ ആക്രമണത്തെ സഹിച്ച്‌ നമ്മള്‍ സമാധാനം പാലിക്കണമെന്നു പറയാന്‍ അമേരിക്കയും ചൈനയുമടക്കമുള്ള മറ്റൊരു രാജ്യത്തിനും അവകാശമില്ല. വിരമിച്ച സൈനികത്തലവന്മാരുടെയും രഹസ്യാന്വേഷണവിഭാഗം തലവന്മാരുടെയും ഉപദേശമനുസരിച്ച്‌ പദ്ധതി തയ്യാറാക്കി പ്രവര്‍ത്തിച്ച്‌ എന്നെന്നേക്കുമായി പാക്കിസ്ഥാന്റെ ഏകപക്ഷീയ കരാറുകളും രാജ്യാന്തര യുദ്ധനിയമങ്ങളുടെ ലംഘനവും അവസാനിപ്പിക്കുകയാണ്‌ വേണ്ടത്‌. ഇതിനു പകരം ന്യൂനപക്ഷ വോട്ടുബാങ്ക്‌ പ്രീണനത്തിന്റെ ഭാഗമായി ഭാരതത്തിലെ ഹിന്ദുക്കളെ ജയിലിലടച്ച്‌ പാക്കിസ്ഥാന്റെയും അവരുടെ സഖ്യകക്ഷികളുടെയും സമ്മര്‍ദ്ദത്തിനു മുന്നില്‍ നട്ടെല്ലു വളയ്ക്കുകയാണ്‌ ചെയ്യുന്നത്‌. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ പാക്കിസ്ഥാന്‍ ജമ്മുകാശ്മീരിലും അതിര്‍ത്തിയിലുമായി ഒളിഞ്ഞും തെളിഞ്ഞും നടത്തിയ വിവിധ ജിഹാദി ആക്രമണങ്ങളില്‍ 20,000ത്തോളം സൈനിക-പോലീസ്‌-പാരാമിലിട്ടറി ജവാന്മാരാണ്‌ കൊല്ലപ്പെട്ടത്‌. രാഷ്ട്രത്തിന്‌ വേണ്ടി ജീവത്യാഗം ചെയ്തവര്‍ക്കു വേണ്ടി ആരും ഇതുവരെ ഒരു മനുഷ്യാവകാശങ്ങളും ഉയര്‍ത്തിയിട്ടില്ല. ഇവരുടെ കുടുംബങ്ങള്‍ നിത്യദുഃഖത്തിലും ദാരിദ്ര്യത്തിലുമാണ്‌. ഇപ്പോഴും സൈന്യത്തില്‍ ധീരന്മാരായ ചെറുപ്പക്കാര്‍ ചേരുന്നത്‌ സര്‍ക്കാര്‍ ദൗര്‍ബല്യം മൂലം തലവെട്ടി മാറ്റപ്പെടാനല്ല. പാക്കിസ്ഥാനോട്‌ ഇനിയും ഈ ദുര്‍ബല നിലപാട്‌ തുടര്‍ന്നാല്‍ അഖണ്ഡഭാരതം ജനാധിപത്യപരമായി ധീരതയോടെ തലയുയര്‍ത്തി നിന്ന്‌ പൊരുതും. വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങള്‍ക്ക്‌ ഉചിതമായ ആദരവും സ്ഥാനമാനങ്ങളും ധനസഹായവും നല്‍കണമെന്നും തൊഗാഡിയ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.