വി.എസിന്റെ ബന്ധുവിന് ഭൂമി നല്‍കിയത് ചട്ടലംഘനം - സര്‍ക്കാര്‍

Monday 25 July 2011 4:15 pm IST

കൊച്ചി: മുഖ്യമന്ത്രിയായിരുന്ന കാലത്ത്‌ വി.എസ്‌.അച്യുതാനന്ദന്റെ ബന്ധുവും വിമുക്ത ഭടനുമായ സോമന്‌ എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ ഭൂമി അനുവദിച്ചത്‌ ചട്ടങ്ങള്‍ ലംഘിച്ചാണെന്ന്‌ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സോമന്‍, ഭാര്യ കമല എന്നിവര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സര്‍ക്കാര്‍ നിലപാടറിയിക്കുകയായിരുന്നു. വളരെ തിടുക്കത്തിലാണ് ഭൂമി കൈമാറിയത്. നടപടിക്രമങ്ങള്‍ പാലിക്കാതെ വളരെ വേഗത്തില്‍ ഭൂമി നല്‍കാന്‍ ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നു. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും വലിയ വീഴ്ചയാണുണ്ടായിരിക്കുന്നത്. അതിനാല്‍ ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നു സര്‍ക്കാര്‍ വ്യക്തമാക്കി. കേസില്‍ സര്‍ക്കാരിന്റെ വാദം കേട്ട കോടതി വിധി പറയാനായി മാറ്റിവച്ചു. ഇടതു ഭരണത്തിന്‍റെ അവസാന കാലത്താണ് സോമന് കാസര്‍ഗോഡ് ജില്ലയിലെ ഷെര്‍ളി വില്ലെജില്‍ 4.22 ഏക്കര്‍ ഭൂമി അനുവദിച്ചത്. വിമുക്ത ഭടനായ ഇയാള്‍ക്കു നല്‍കിയ ഭൂമി തിരിച്ചെടുക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചു. എന്നാല്‍ സര്‍ക്കാര്‍ നടപടിക്കെതിരെ സോമന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.