പറവൂര്‍ പെണ്‍വാണിഭം: എ.എസ്‌.ഐ കസ്റ്റഡിയില്‍

Monday 25 July 2011 3:25 pm IST

കൊച്ചി: പറവൂര്‍ പെണ്‍‌വാണിഭ കേസില്‍ പോലീസ് ഓഫീസര്‍ പിടിയിലായി. തൃശൂര്‍ സ്വദേശിയും കേരള ആംഡ്‌ പോലീസ്‌ ബറ്റാലിയനിലെ എ.എസ്‌.ഐയുമായ പത്മകുമാര്‍ ആണ്‌ കസ്റ്റഡിയിലായത്. തൃശൂര്‍ കെ.എ.പി ഒന്ന് ബറ്റാലിയനിലെ ബാന്‍ഡ് സംഘത്തിലാണ് പത്മകുമാര്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇയാളെ കൊച്ചിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ വച്ച് ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തു. എറണാകുളത്തുള്ള ഒരു ഫ്ലാറ്റില്‍ വച്ചാണ് പത്മകുമാര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. തൃശൂരില്‍ റിയല്‍ എസ്റ്റേറ്റും സാമ്പത്തിക ഇടപാടുകളും നടത്തുന്നയാളാണ് പത്മകുമാര്‍. ഇതുമായി ബന്ധപ്പെട്ട് നേരത്തേ തന്നെ ഇയാള്‍ക്കെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. ഡി.വൈ.എസ്.പിയാണ് താനെന്നാ‍ണ് ഇയാള്‍ പുറത്ത് പലരെയും ധരിപ്പിച്ചിരുന്നത്. പെണ്‍കുട്ടിയോടും ഇയാള്‍ ഇങ്ങനെയാണ് പറഞ്ഞിരുന്നത്. കേസില്‍ ഉള്‍പ്പെട്ട പോലീസ് ഉദ്യോഗസ്ഥന്‍ ആരാണെന്ന് കണ്ടെത്തണമെന്ന് കഴിഞ്ഞ ദിവസം എറണാകുളം സെഷന്‍സ് കോടതി ക്രൈംബ്രാഞ്ചിനോട് ആവശ്യപ്പെട്ടിരുന്നു. സൌദിയിലെ ദമാമിലെ ഒരു ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോ.ഹാരിസിനും പാലക്കാട് സ്വദേശി നസീറിനുമൊപ്പമാണ് പത്മകുമാര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. നസീറും ഇപ്പോള്‍ വിദേശത്താണ്. ഇവരെ നാട്ടിലേക്ക് കൊണ്ടു വരുന്നതിനുള്ള ശ്രമങ്ങള്‍ ക്രൈംബ്രാഞ്ച് നടത്തി വരികയാണ്. ഡോ.ഹാരിസിനെ ഈയാഴ്ചയോടെ തന്നെ നാട്ടിലേക്ക് കൊണ്ടു വരാന്‍ കഴിയുമെന്നാണ് ക്രൈംബ്രാഞ്ച് പ്രതീക്ഷിക്കുന്നത്.