ദക്ഷിണകൊറിയയുമായി ഇന്ത്യ ആണവകരാര്‍ ഒപ്പു വച്ചു

Tuesday 26 July 2011 4:18 pm IST

സോള്‍: ദക്ഷിണകൊറിയയുമായി ഇന്ത്യ സിവിലിയന്‍ ആണവ കരാര്‍ ഒപ്പുവച്ചു. ദക്ഷിണ കൊറിയന്‍ പ്രസിഡന്റ്‌ ലീ മ്യൂംഗ്‌ ബാക്കുമായി രാഷ്‌ട്രപതി പ്രതിഭാ പാട്ടീല്‍ നടത്തിയ ചര്‍ച്ചയ്ക്ക്‌ ശേഷമാണ്‌ കരാര്‍ ഒപ്പുവച്ചത്‌. ഇന്ത്യയിലെ ആണവ റിയാക്ടര്‍ പദ്ധതികളില്‍ ദക്ഷിണ കൊറിയയിലെ കമ്പനികള്‍ക്ക്‌ പങ്കാളിത്തം വഹിക്കാനാവുന്ന തരത്തിലുള്ളതാണ്‌ ആണവ കരാര്‍. 2008ല്‍ ആണവ വിതരണ രാഷ്‌ട്രങ്ങളില്‍ അംഗമായ ശേഷം ഇന്ത്യയുമായി ആണവ കരാറില്‍ ഒപ്പുവയ്ക്കുന്ന ഒമ്പതാമത്തെ രാജ്യമാണ്‌ ദക്ഷിണ കൊറിയ. അമേരിക്ക, ഫ്രാന്‍സ്‌, റഷ്യ, കാനഡ, മംഗോളിയ, കസാഖ്സ്ഥാന്‍, അര്‍ജന്റീന, നമീബിയ എന്നിവയാണ്‌ മറ്റു രാജ്യങ്ങള്‍. ആണവ കരാര്‍ ഒപ്പുവച്ചത്‌ ഇരു രാജ്യങ്ങളെയും സംബന്ധിച്ച്‌ വിജയമാണെന്ന്‌ വിദേശകാര്യ മന്ത്രാലയ സെക്രട്ടറി അറിയിച്ചു. രാജ്യത്തിന്‌ ആവശ്യമുള്ളതിന്റെ 35 ശതമാനം വൈദ്യുതിയാണ്‌ ദക്ഷിണ കൊറിയ 20 ആണവ കേന്ദ്രങ്ങളിലായി ഉല്‍പാദിപ്പിക്കുന്നത്‌. ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്തിലേക്ക്‌ ആണവ പദ്ധതികളുടെ കയറ്റുമതിയ്ക്കും ദക്ഷിണ കൊറിയ താല്‍പര്യം പ്രകടപ്പിക്കുന്നുണ്ട്‌.