ഇന്ത്യന്‍ സൈന്യം നിയന്ത്രണ രേഖ മറികടന്നിട്ടില്ല - ബിക്രം സിങ്

Wednesday 16 January 2013 4:35 pm IST

ഖൈരെയ്: ഇന്ത്യന്‍ ആക്രമണത്തില്‍ പാക് സൈനികന്‍ കൊല്ലപ്പെട്ടിട്ടില്ലെന്ന് കരസേന മേധാവി ബിക്രം സിങ്. ഇന്ത്യന്‍ സൈന്യം നിയന്ത്രണ രേഖ മറികടന്നിട്ടില്ല. ഇന്ത്യയുടെ ജവാന്മാര്‍ മാനുഷികമൂല്യങ്ങള്‍ക്ക് വില കല്‍പ്പിക്കുന്നവരാണെന്നും ബിക്രം സിങ് പറഞ്ഞു. രണ്ട് ഇന്ത്യന്‍ സൈനിക‌ര്‍ക്കു നേരെയുണ്ടായ ആക്രമണത്തില്‍ അതിര്‍ത്തിയില്‍ ഇപ്പോഴും സംഘര്‍ഷം പുകയുകയാണ്. രണ്ട് ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ ആക്രമണമുണ്ടായതായും ബിക്രം സിങ് പറഞ്ഞു. അതിര്‍ത്തിയില്‍ പാക് സൈന്യത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെടുകയും ശിരസറുത്തു മാറ്റപ്പെടുകയും ചെയ്ത ലാന്‍സ് നായിക് ഹേം രാജിന്റെ ഭവനം സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു ബിക്രം സിങ്. ഉത്തര്‍പ്രദേശിലെ കോസി കലാനിലെത്തിയാണ്‌ അദ്ദേഹം കുടുംബത്തെ സന്ദര്‍ശിച്ചത്‌. ഹേംരാജിന്റെ തല പാക്‌ സൈനികര്‍ വെട്ടിമാറ്റിയിരുന്നു. ഇത്‌ വീണ്ടെടുത്ത്‌ നല്‍കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഭാര്യയും അമ്മയും അഞ്ച്‌ ദിവസം നിരാഹാരമനുഷ്ഠിക്കുകയും ചെയ്തിരുന്നു. കരസേനാമേധാവി നേരിട്ട്‌ കുടുംബത്തെ സന്ദര്‍ശിക്കുമെന്ന ഉറപ്പിന്‍മേല്‍ പിന്നീട്‌ നിരാഹാരം അവസാനിപ്പിക്കുകയായിരുന്നു. കുടുംബത്തിന്‌ സാധ്യമായ എല്ലാ സഹായവും പിന്തുണയും നല്‍കുമെന്ന്‌ ജനറല്‍ ബിക്രം സിംഗ്‌ പറഞ്ഞു. കരസേനാ മേധാവിയെന്ന നിലയില്‍ ഹേംരാജിന്റെ കുടുംബത്തെ സ്വന്തം കുടുംബം പോലെയാണ്‌ താന്‍ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിര്‍ത്തി സംഘര്‍ഷത്തില്‍ പാക് സൈന്യം കള്ളം പറയുകയാണ്. ഇന്ത്യന്‍ സേന വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്നും അതിര്‍ത്തി രേഖ കടന്നുവെന്നുമുള്ള പാക് ആരോപണം ശരിയല്ല. ഇന്ത്യന്‍ സേന പാക് സൈനികനെ കൊലപ്പെടുത്തിയിട്ടില്ല. എന്നാല്‍ പാക് ആക്രമണത്തെ പ്രതിരോധിക്കുന്നതിനിടെ മരിച്ചതാകാമെന്നും ബ്രികം സിങ് പറഞ്ഞു. ഹേം രാജിന്റെ കുടുംബത്തിന്റെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്നും ഇക്കാര്യം കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.