ഉത്തമ ഗുരു യഥാര്‍ത്ഥ മാതാവാണ്‌

Monday 25 July 2011 6:22 pm IST

സത്യത്തെ അറിയണമെങ്കില്‍ ഞാനെന്ന ഭാവം പോയിക്കിട്ടണം. സാധനകൊണ്ടു മാത്രം ഞാനെന്നഭാവം നഷ്ടപ്പെടുവാന്‍ പ്രയാസമാണ്‌.അഹംഭാവം നീങ്ങണമെങ്കില്‍ ഗുരുവിന്റെ നിര്‍ദ്ദേശാനുസരണം അഭ്യാസം ചെയ്യുകതന്നെ വേണം.ഗുരുവിന്റെ മുമ്പില്‍ തലകുനിക്കുമ്പോള്‍ നമ്മള്‍ ആ വ്യക്തിയെയല്ല, ആ വ്യക്തിയിലെ ആദര്‍ശത്തെയാണ്‌ വണങ്ങുന്നത്‌.നമുക്കും ആ തലത്തില്‍ എത്തുന്നതിനുവേണ്ടിയാണത്‌.
വിനയത്തിലൂടെയേ ഉന്നതിഉണ്ടാവുകയൂള്ളു.മാതാപിതാക്കളെയും അദ്ധ്യാപകരെയും മുതിര്‍ന്നവരേയും അനുസരിക്കുകയും ആദരിക്കുകയും ചെയ്യുന്നതിലൂടെ നമ്മള്‍ വളരുകയായിരുന്നു.അറിവ്‌ നേടുകയായിരുന്നു.നല്ല ഗുണങ്ങളും സ്വഭാവങ്ങളും വളര്‍ത്തുകയായിരുന്നു.അതുപോലെ ഗുരുവിന്റെ മുന്നിലെ ശിഷ്യന്റെ അനുസരണമൂലം അവന്‍ വിശാലതയിലേയ്ക്ക്‌ ഉയരുകയാണെന്ന്‌ ചെയ്യുന്നത്‌.മാവിന്‌ വേലി കെട്ടി,വെള്ളവും വളവും നല്‍കി വളര്‍ത്തുന്നത്‌ മാങ്ങയ്ക്ക്‌ വേണ്ടിയാണ്‌. ഗുരുവിനെ അനുസരിക്കുകയും ആദരിക്കുകയും ചെയ്യുന്നത്‌ ആ തത്ത്വത്തിനുവേണ്ടിയാണ്‌.
ഞാന്‍ എന്ന ഭാവത്തിലൂടെയുള്ള ശിഷ്യന്റെ കുതിപ്പ്‌ , അവനെ മാത്രമല്ല മറ്റുള്ളവരെയും അപകടത്തിലാക്കുമെന്ന്‌ ഗുരുവിനറിയാം.ഞാനെന്നും എന്റേതെന്നുമുള്ള ഭാവംവെച്ച്‌ നമ്മള്‍ സ്വയം നശിക്കാന്‍ പോകുന്ന സാഹചര്യങ്ങളില്‍ സദ്ഗുരുവിന്റെ വാക്കുകള്‍ അനുസരിക്കുന്നതിലൂടെ നമ്മള്‍ രക്ഷപ്പെടുന്നു. ഭാവിയില്‍ ആ സാഹചര്യങ്ങളെ ഒഴിവാക്കുവാന്‍ തക്കവണ്ണം പരിശീലനം ഗുരു നല്‍കുന്നു. ഗുരു സാമിപ്യം തന്നെ നമുക്ക്‌ ശക്തി പകരുന്നു.
ത്യാഗത്തിന്റെ മൂര്‍ത്തരൂപമാണ്‌ ഗുരു. സത്യം, ധര്‍മം, ത്യാഗം, പ്രേമം ഇവയൊക്കെ എന്തെന്ന്‌ നമുക്ക്‌ അറിയാന്‍ കഴിയുന്നത്‌ ഗുരുക്കന്മാര്‍ അതില്‍ ജീവിക്കുന്നതുകൊണ്ടാണ്‌. അവയുടെ ജീവന്‍ ഗുരുവാണ്‌. അവരെ അനുസരിക്കുകയും അനുകരിക്കുകയും ചെയ്യുന്നതിലൂടെ നമ്മളിലും ആ ഗുണങ്ങള്‍ വളരുന്നു. ഗുരുവിന്റെ മുന്നിലെ അനുസരണ അടിമത്തമല്ല; ശിഷ്യന്റെ സുരക്ഷിതത്വം, അതുമാത്രമാണ്‌ ഗുരുക്കന്മാരുടെ ലക്ഷ്യം. യഥാര്‍ത്ഥവഴികാട്ടിയാണ്‌ ഗുരു. ശരിയായ ഗുരു ശിഷ്യനെ ഒരിക്കലും അടിമയായി കാണില്ല. ശിഷ്യനോട്‌ നിറഞ്ഞ സ്നേഹം മാത്രമാണ്‌ ഗുരുവിനുള്ളത്‌. സ്വയം കഷ്ടപ്പെട്ടാലും ശിഷ്യന്‍ വിജയിക്കുന്നത്‌ കാണുവാനാണ്‌ അവര്‍ ആഗ്രഹിക്കുന്നത്‌. ഉത്തമ ഗുരു യഥാര്‍ത്ഥ മാതാവാണ്‌.പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.