റിലയന്‍സ്‌ ഇന്‍ഡസ്ട്രീസിന്റെ ലാഭത്തില്‍ വര്‍ധന

Saturday 19 January 2013 10:31 pm IST

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ കമ്പനികളില്‍ ഒന്നായ റിലയന്‍സ്‌ ഇന്‍ഡസ്ട്രീസിന്റെ മൂന്നാം പാദ ലാഭം പ്രതീക്ഷിച്ചതിലും ഉയര്‍ന്നു. ഡിസംബറില്‍ അവസാനിച്ച ത്രൈമാസത്തില്‍ ലാഭം 24 ശതമാനം ഉയര്‍ന്ന്‌ 5,502 കോടി രൂപയിലെത്തി. കഴിഞ്ഞ നാല്‌ പാദങ്ങളിലും നഷ്ടം നേരിട്ടതിന്‌ ശേഷമാണ്‌ റിലയന്‍സ്‌ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്‌ എന്ന പ്രത്യേകതയുമുണ്ട്‌. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 4440 കോടി രൂപയായിരുന്നു ലാഭം. ഇക്കാലയളവില്‍ കമ്പനിയുടെ വിറ്റുവരവ്‌ 10 ശതമാനം ഉയര്‍ന്ന്‌ 96,307 കോടി രൂപയിലെത്തി. മൂന്നാം പാദത്തില്‍ റിലയന്‍സിന്റെ ലാഭം 14 ശതമാനം ഉയര്‍ന്ന്‌ 5,100 കോടി രൂപയിലെത്തുമെന്നായിരുന്നു നിരീക്ഷകര്‍ കണക്കാക്കിയിരുന്നത്‌. വില്‍പന 10 ശതമാനം വര്‍ധിച്ച്‌ 96,307 കോടി രൂപയിലെത്തി. റിഫൈനിംഗ്‌ മാര്‍ജിനും 9.6 ഡോളറായി ഉയര്‍ന്നു. പെട്രോളിയം ഉത്പന്നങ്ങളുടെ കയറ്റുമതി 16.6 ശതമാനം വര്‍ധിച്ച്‌ 66,915 കോടിയിലെത്തുകയും ചെയ്തു. പെട്രോകെമിക്കല്‍ ശേഷി ഉയര്‍ത്തുന്നതിനും റിഫൈനിംഗ്‌ ബിസിനസിന്റെ മൂല്യം വര്‍ധിപ്പിക്കുന്നതിനുമായി ഒരു ലക്ഷം കോടിയിലധികം രൂപയുടെ നിക്ഷേപം നടത്തുമെന്ന്‌ റിലയന്‍സ്‌ ഇന്‍ഡസ്ട്രീസ്‌ ലിമിറ്റഡ്‌ ചെയര്‍മാന്‍ മുകേഷ്‌ അംബാനി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.