ജനുവരിയുടെ നഷ്ട്ങ്ങള്‍

Friday 12 May 2017 12:48 pm IST

കുംഭമാസത്തിലെ രാത്രികളില്‍ ശാര്‍ക്കര തുള്ളല്‍പ്പുരയില്‍ അരങ്ങേറിയ കാളീനാടകം കണ്ടുവളര്‍ന്ന സാംസ്കാരിക പാരമ്പര്യത്തില്‍ ജീവിച്ച നാല്‌ സുഹൃത്തുക്കള്‍. പിന്നീടവര്‍ ലോകമറിയുന്ന കാലാകാരന്മാരായി മലയാള നാടക-സിനിമാ വേദികളില്‍ വെന്നിക്കൊടി പാറിച്ചു. സമകാലീനരായ ആ നാലു സുഹൃത്തുക്കളെയും മരണം പുല്‍കിയത്‌ ജനുവരി മാസത്തിലായിരുന്നു. ജനുവരികളില്‍ സംഭവിച്ച ആ നഷ്ടം കേവലം ചിറയിന്‍കീഴിലെ ശാര്‍ക്കരയുടെ മാത്രം നഷ്ടമായിരുന്നില്ല. സാംസ്കാരിക കേരളത്തിന്റെ ആകെ നഷ്ടമായിരുന്നു. നാടകാചാര്യന്‍ ജി.ശങ്കരപ്പിള്ള, മഹാനടന്‍ പ്രേംനസീര്‍, ഗാനരചയിതാവ്‌ ചിറയിന്‍കീഴ്‌ രാമകൃഷ്ണന്‍നായര്‍, അഭിനയത്തിന്റെ കൊടിയേറ്റം നടത്തിയ ഭരത്‌ ഗോപി.... ഈ നാലുപേരുടെയും മരണം ജനുവരിയിലായിരുന്നു. ജനുവരിയുടെ വലിയ നഷ്ടങ്ങള്‍. നാടകാചാര്യന്‍ ജി.ശങ്കരപ്പിള്ള അന്തരിച്ചത്‌ ജനുവരി 16-ാ‍ംതീയതിയിലെ രാത്രിയിലാണ്‌. ഗതിയറിയാതെ മലയാള നാടക പ്രസ്ഥാനം ഉഴറിനിന്ന സമയത്താണ്‌ ശങ്കരപ്പിള്ള നാടകത്തിന്റെ ലോകത്തേയ്ക്ക്‌ കാല്‍വച്ചത്‌. 1930 ജൂണ്‍ 22ന്‌ ചിറയിന്‍കീഴ്‌ നാലുതട്ടവിള വീട്ടില്‍ പ്രശസ്തനും പണ്ഡിതനുമായ അദ്ധ്യാപകന്‍ ഒറ്റവീട്ടില്‍ ഗോപാലപിള്ളയുടേയും കമലാക്ഷി അമ്മയുടേയും മകനായിട്ടാണ്‌ ജി.ശങ്കരപ്പിള്ള ജനിച്ചത്‌. ശാര്‍ക്കര ക്ഷേത്രത്തില്‍ കുംഭമാസത്തില്‍ 9 ദിവസമായിട്ട്‌ അരങ്ങേറുന്ന കാളിയൂട്ട്‌ ചടങ്ങുകള്‍ രാത്രി തെങ്ങോലക്കറ്റകള്‍ കത്തിച്ച വെളിച്ചത്തില്‍ സാമൂഹിക വിമര്‍ശന കഥകള്‍ നാടകരൂപത്തില്‍ അവതരിപ്പിക്കുന്നത്‌ കണ്ടുവളര്‍ന്ന ശങ്കരന്‌ നാടകമല്ലാതെ മേറ്റ്ന്താണ്‌ ജീവിതം. ശങ്കരപ്പിള്ളയുടെ ആദ്യ നാടകം സ്നേഹദൂതന്‍ ആണ്‌. നല്ല നാടകങ്ങള്‍ ജനങ്ങളില്‍ എത്തിക്കുവാന്‍ പ്രസാധന ലിറ്റില്‍ തീയറ്റേഴ്സ്‌ എന്ന പ്രസ്ഥാനം അദ്ദേഹം രൂപീകരിച്ചു. 1952 ല്‍ മലയാളം ഐശ്ചിക വിഷമായി ഓണേഴ്സ്‌ ബിരുദം ഒന്നാം റാങ്കില്‍ നേടിയ ശങ്കരപ്പിള്ള പത്തനംതിട്ടയിലും, മധുര ഗാന്ധിഗ്രാം ഇന്‍സ്റ്റിറ്റിയൂട്ടിലും അദ്ധ്യപകനായിരുന്നു. നാടക പ്രസ്ഥാനത്തെ കൈപിടിച്ച്‌ ഉയര്‍ത്തുന്നതിന്‌ വേണ്ടി യൂറോപ്യന്‍ ശൈലിയില്‍ കോഴിക്കോട്‌ യൂണിവേഴ്സിറ്റിയില്‍ സ്കൂള്‍ ഓഫ്‌ ഡ്രാമ സ്ഥാപിച്ചത്‌ ശങ്കരപ്പിള്ളയുടെ അശ്രാന്ത പരിശ്രമത്തിന്റെ ഫലവും കൂടിയായിരുന്നു. സ്ഥാപക ഡയറക്ടറും അദ്ദേഹമായിരുന്നു. മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ സ്കൂള്‍ ഓഫ്‌ ലെറ്റേഴ്സ്‌ ഡയറക്ടര്‍, തഞ്ചാവൂര്‍ രംഗചേതനയുടെ രക്ഷാധികാരി, കേരള സംഗീത നാടക അക്കാദമി ചെയര്‍മാന്‍, നാഷണല്‍ സ്കൂള്‍ ഓഫ്‌ ഡ്രാമയിലെ ഭരണ സമിതി അംഗം എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ച ശങ്കരപ്പിള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ്‌, കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ്‌ സാഹിത്യ പ്രവര്‍ത്തക സംഘം അവാര്‍ഡ്‌ തുടങ്ങിയ അനേകം പുരസ്കാരങ്ങള്‍ നേടിയിരുന്നു. ഓരോ നാടകവും ഓരോ പരീക്ഷണങ്ങളാക്കിയ ശങ്കരപ്പിള്ള മലയാള നാടക അരങ്ങുകളില്‍ തകര്‍ത്താടുന്ന സമയത്താണ്‌ മരണമെന്ന കോമാളി അദ്ദേഹത്തെ അവസാന രംഗമാടിച്ചത്‌. ജനുവരിയിലെ 16-ാ‍ംതീയതി രാത്രിയില്‍ ശങ്കരപ്പിള്ള നാടകലോകത്തിന്‌ ആഘാതമേല്‍പ്പിച്ചുകൊണ്ട്‌ കാലയവനിക പൂകി....... ശങ്കരപിള്ളയുടെ വേര്‍പാടില്‍ വേദനിച്ചുനിന്ന ജന്‍മനാടായ ചിറയിന്‍കീഴിന്‌ വീണ്ടുമൊരു ആഘാതമേല്‍പ്പിച്ചുകൊണ്ടാണ്‌ ജനുവരിയിലെതന്നെ മറ്റൊരു 16-ാ‍ംതീയതി വന്നെത്തിയത്‌. പതിറ്റാണ്ടുകള്‍ പ്രേക്ഷകര്‍ നെഞ്ചോട്‌ ചേര്‍ത്തു നടന്നിരുന്ന മലയാള സിനിമയ്ക്ക്‌ ഗിന്നസ്‌ ബുക്കില്‍ ഇടം നേടിക്കൊടുത്ത മഹാനടന്‍, പത്മഭൂഷണും പത്മശ്രീയും ശാര്‍ക്കര മണ്ണിലേയ്ക്ക്‌ കൊണ്ടുവന്ന മലയാളസിനിമയുടെ നിത്യഹരിത നായകന്‍ പ്രേംനസീറിന്റെ വിയോഗ വാര്‍ത്തയുമായാണ്‌ ആ മഞ്ഞണിഞ്ഞ ദിനമെത്തിയത്‌. ശങ്കരപ്പിള്ളയെപ്പോലെതന്നെ ശാര്‍ക്കര ക്ഷേത്രത്തില്‍ വര്‍ഷാവര്‍ഷം കാളിയൂട്ട്‌ ചടങ്ങുകള്‍ കണ്ട്‌ തുള്ളല്‍പ്പുരയില്‍ പൊന്നറമാരുടെ വേഷപ്പകര്‍ച്ചയിലാടിയ കാളീനാടകത്തിലെ മിഴിവുറ്റ അവതരണരീതി കണ്ടുവളര്‍ന്ന പ്രേംനസീര്‍ മലയാള സിനിമയെ തന്റെ സിദ്ധിയും സൗന്ദര്യവും കൊണ്ട്‌ കീഴടക്കി. പത്മശ്രീയും പത്മഭൂഷണും നേടിയ സമയത്തും താന്‍ നടനായില്ലെങ്കില്‍ ശാര്‍ക്കര ദേവിയ്ക്ക്‌ പൂവ്‌ കെട്ടി ജീവിക്കുമായിരുന്നു എന്ന്‌ തുറന്നുപറഞ്ഞ ആ മഹാനടന്‍ ക്ഷേത്രത്തില്‍ തന്റെതന്നെ പേരില്‍ ഒരു ആനയെ നടയ്ക്കിരുത്തുകയും ചെയ്തിരുന്നു. ഇന്ത്യന്‍ സിനിമയുടെ അദ്ഭുതമായി ആരാധക വൃന്ദത്തിന്റെ നടുവില്‍ നില്‍ക്കുമ്പോഴും തന്നിലെ മനുഷ്യ സ്നേഹവും സഹാനുഭൂതിയും കൈമോശം വരാതെ നോക്കിയിരുന്നു. 1952-ല്‍ മരുമകള്‍ എന്ന സിനിമയില്‍ അരങ്ങേറ്റം കുറിച്ച അബ്ദുള്‍ ഖാദറിന്റെ രണ്ടാമത്തെ സിനിമയായ വിശപ്പിന്റെ വിളിയുടെ സെറ്റില്‍വച്ച്‌ തിക്കുറിശ്ശി സുകുമാരന്‍ നായരാണ്‌ പ്രേംനസീര്‍ എന്ന പേര്‌ അദ്ദേഹത്തിന്‌ നല്‍കിയത്‌. മലയാള സിനിമയിലെ കാമുക സങ്കല്‍പ്പത്തിന്‌ പുതയ മാനം നല്‍കിയ നസീര്‍ പുരാണ വേഷവും വില്ലന്‍ വേഷങ്ങളുമെല്ലാം തന്റേതായ രീതിയില്‍ അവതരിപ്പിച്ചപ്പോള്‍ പതിറ്റാണ്ടുകളോളം സിനിമാലോകം അദ്ദേഹത്തിന്റെ കരങ്ങളില്‍ ഭദ്രമായിരുന്നു. നടനെന്നപോലെ ഒരു മികച്ച സാമൂഹിക പ്രവര്‍ത്തകനുംകൂടിയായിരുന്നു അദ്ദേഹം. ചിറയിന്‍കീഴിലെ കൂന്തള്ളൂര്‍ സ്കൂള്‍, ചിറയിന്‍കീഴ്‌ ഹോസ്പിറ്റല്‍, പാലകുന്ന്‌ ലൈബ്രറി അങ്ങനെ തുടങ്ങി ഒട്ടനവധി സംരഭങ്ങള്‍ നസീറിന്റെ സാമ്പത്തിക സഹായത്താല്‍ വളര്‍ന്നുവന്നിട്ടുണ്ട്‌. ജനുവരിയിലെ ആ മഞ്ഞണിഞ്ഞ ദിനത്തില്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ മരണം അദ്ദേഹത്തെ തേടിയെത്തിയപ്പോള്‍ വിങ്ങിപ്പൊട്ടിയ ആരാധകരുടെ മനസ്സിലെ ദുഖം തണുപ്പിക്കാന്‍ ഒരു മഞ്ഞിനുമായില്ല. അന്നു മാത്രമല്ല ഈ 24-ാ‍ം വാര്‍ഷികത്തില്‍പ്പോലും നസീറിന്റെ വേര്‍പാട്‌ നല്‍കിയ ദുഃഖം മാറുന്നില്ല. കൊതിതീരുംവരെ ഇവിടെ സ്നേഹിച്ചു മരിച്ചവരുണ്ടോ എന്നുപാടി അദ്ദേഹം യവനികയ്ക്കുള്ളില്‍ മറഞ്ഞെങ്കിലും കഴിഞ്ഞ 24 ജനുവരികള്‍ അദ്ദേഹത്തിന്റെ ആരാധകരിലും വേദനയുടെ ഓര്‍മപ്പെടുത്തലുകളായാണ്‌ മാറിയത്‌. മലയാള ചലച്ചിത്ര ഗാനരചയിതാവും സാഹിത്യകാരനും നാടകരചയിതാവുമായ ചിറയിന്‍കീഴ്‌ രാമകൃഷ്ണന്‍ നായരുടെ വിയോഗമാണ്‌ മറ്റൊരു ജനുവരി ചിറയിന്‍കീഴിനെ കണ്ണീരിലാഴ്ത്തിയത്‌. ശാര്‍ക്കരയിലെ മീനഭരണിക്കാലത്ത്‌ ഇന്ത്യയിലെ തന്നെ പ്രഗത്ഭരായ കലാകാരന്‍മാര്‍ അവരുടെ കഴിവുതെളിയിക്കുവാന്‍ ദേവീ കടാക്ഷമേറ്റ മണ്ണില്‍ എത്തിച്ചേരാറുണ്ട്‌. ആ ദിനങ്ങളില്‍ വീട്ടില്‍പ്പോലും കയറാതെ ശാര്‍ക്കര പറമ്പില്‍ കിടന്ന സുഹൃത്തുക്കളാണ്‌ പ്രേംനസീറും രാമകൃഷ്ണന്‍ നായരും. ഒടുവില്‍ ഉത്സവം കഴിയുമ്പോള്‍ വീട്ടുകാര്‍ അടികൊടുത്ത്‌ വേണം വീട്ടില്‍ കൊണ്ടുപോകാന്‍. തമിഴ്‌നാട്‌ നാഗര്‍കോവില്‍ ലക്ഷ്മിപുരം കോളേജ്‌, മദ്രാസ്‌ പ്രസിഡന്‍സി കോളേജ്‌ എന്നിവിടങ്ങളിലെ അദ്ധ്യാപകനായിരുന്നു രാമകൃഷ്ണന്‍ നായര്‍. പ്രേം നസീറിന്റെ നിര്‍ബന്ധപ്രകാരമാണ്‌ രാമകൃഷ്ണന്‍നായര്‍ ആദ്യ സിനിമഗാനം രചിക്കുന്നത്‌. ദേവരാജന്‍ മാഷിന്റെ ഈണത്തില്‍ ഇന്നലെ ഇന്ന്‌ എന്ന സിനിമയ്ക്കുവേണ്ടി രചിച്ച സ്വര്‍ണ്ണ യവനികയ്ക്കുള്ളിലെ സ്വപ്ന നാടകം എന്ന ഹിറ്റു ഗാനമാണ്‌ ആദ്യ രചന. ഏഴിലം പാലത്തണലില്‍ ഏഴഴകുള്ള, ചെമ്പകം പൂത്തുലഞ്ഞ നീലരാവില്‍, വേനല്‍ക്കിനാവുകളെ... തുടങ്ങിയ 190 ഗാനങ്ങളാണ്‌ അദ്ദേഹത്തിന്റെ സംഭാവനയായിട്ടുള്ളത്‌. പ്രശസ്ത സംഗീത സംവിധായകന്‍ ദേവരാജന്‍, എ.റ്റി. ഉമ്മര്‍, എം.കെ അര്‍ജുനന്‍, ദക്ഷിണാമൂര്‍ത്തി, എം.സ്‌ വിശ്വനാഥന്‍, തുടങ്ങിയവര്‍ക്കുവേണ്ടി രാമകൃഷ്ണന്‍ നായര്‍ തൂലിക ചലിപ്പിച്ചിട്ടുണ്ടെങ്കിലും ദേവരാജന്‍ മാഷുമായിട്ടാണ്‌ ഏറ്റവും കൂടുതല്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്‌. രാമകൃഷ്ണന്‍ നായര്‍ മലയാള സിനിമാസാഹിത്യ രംഗത്ത്‌ ഉയര്‍ച്ചയില്‍ നില്‍ക്കുന്ന സമയത്താണ്‌ മറ്റൊരു ജനുവരിയില്‍ മരണം അദ്ദേഹത്തെ പ്രേംനസീറിനരുകിലേയ്ക്ക്‌ കൂട്ടിക്കൊണ്ടുപോയി ആ തൂലിക നിശ്ചലമാക്കിയത്‌. തൂലികയില്‍ നിറയ്ക്കുവാനായി ഒരുപാട്‌ മഷി അപ്പോഴും ബാക്കിയുണ്ടായിരുന്നു. പക്ഷേ ജനുവരി വീണ്ടും......... 2008 ജനുവരിയുടെ ദിനം ചിറയിന്‍കീഴ്‌ നിവാസികളെ ദുഖത്തിലാഴ്ത്തിയത്‌ മറ്റൊരു മരണമാണ്‌. അഭിനയ മികവിന്റെ ഭരത്‌ നേടി കൊടിയേറ്റം നടത്തിയ മഹാനടന്‍ ഭരത്‌ ഗോപി ജീവിതത്തില്‍നിന്ന്‌ കൊടിയിറക്കം നടത്തി. വര്‍ഷാവര്‍ഷം തൃക്കൊടിയേറ്റ്‌ നടക്കുന്ന ശാര്‍ക്കരയുടെ മണ്ണില്‍നിന്നും ഇന്ത്യന്‍ ചലച്ചിത്രലോകത്തിന്റെ അത്യുന്നതിയിലേയ്ക്ക്‌ ഗോപിയെന്ന ചെറുപ്പക്കാരന്‍ നടത്തിയ കൊടിയേറ്റം സമാനതകളില്ലാത്തതായിരുന്നു. ജി. ശങ്കരപ്പിള്ളയുടെ പ്രസാധന ലിറ്റില്‍ തീയറ്ററിലൂടെ അഭിനയക്കളരിയിലേയ്ക്ക്‌ കാല്‍വച്ച ഗോപി ശങ്കരപ്പിള്ളയുടെ ശിക്ഷണത്തില്‍ അഭിനയത്തിനുള്ള തന്റെ കഴിവിനെ ചീകിമിനുക്കുകയായിരുന്നു. അടൂര്‍ഗോപാലകൃഷ്ണന്റെ ചിത്രലേഖയുമായി സഹകരിച്ചിരുന്നു. 1972-ല്‍ സ്വയംവരം എന്ന സിനിമയിലൂടെയാണ്‌ ഗോപി ചലച്ചിത്ര അഭിനയരംഗത്തേയ്ക്ക്‌ കടന്നുവരുന്നത്‌. 1977ലെ രണ്ടാമത്തെ ചിത്രമായ കൊടിയേറ്റമാണ്‌ ഭരത്ഗോപിയെ കൊടിയേറ്റം ഗോപിയായും ഇന്ത്യന്‍ സിനിമയുടെ ഭരത്‌ ഗോപിയായും മാറ്റിയത്‌. കൊടിയേറ്റത്തിലെ ശങ്കരന്‍കുട്ടിയെ അവതരിപ്പിച്ചതിനാണ്‌(1972) ഗോപിയ്ക്ക്‌ ഭരത്‌ അവാര്‍ഡു ലഭിക്കുന്നത്‌. ആ വര്‍ഷത്തെ മികച്ച നടനുള്ള സ്റ്റേറ്റ്‌ അവാര്‍ഡും അദ്ദേഹത്തിനുതന്നെ ലഭിച്ചു. തുടര്‍ന്ന്‌ അഞ്ചോളം മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡുകളും മൂന്നോളം ഇന്റര്‍നാഷണല്‍ അവാര്‍ഡുകളും മറ്റനവധി പുരസ്കാരങ്ങളും ലഭിച്ച ഭരത്‌ ഗോപിയ്ക്ക്‌ 1991ല്‍ പത്മശ്രീയും കലാരംഗത്തെ സംഭാവനയ്ക്ക്‌ ഗവണ്‍മെന്റ്‌ അദ്ദേഹത്തിന്‌ നല്‍കുകയായിരുന്നു. മികച്ച നടനെന്നതിലുപരി അദ്ദേഹം നിര്‍മാതാവും സംവിധായകനും എഴുത്തുകാരനും കൂടിയാണ്‌. അഭിനയത്തിന്റെ ഈ ഭരത്‌ ചക്രവര്‍ത്തിയെ മരണം നമ്മില്‍നിന്നും തട്ടിയെടുത്തത്‌ ഒരു ജനുവരി 29നായിരുന്നു. തങ്ങളുടെ അഭിമാനങ്ങളായ അപൂര്‍വ പ്രതിഭകളെ കൊണ്ടുപോയ ജനുവരിയെ ചിറയിന്‍കീഴ്‌ എന്ന ഗ്രാമത്തിനും പ്രത്യേകിച്ച്‌ ശാര്‍ക്കരയ്ക്കും കലാലോകത്തിനും കണ്ണീരോടെ മാത്രമേ ഓര്‍ക്കാന്‍ കഴിയൂ.

  • ഹരി.ജി.ശാര്‍ക്കര
 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.