കൊച്ചി വിമാനത്താവളത്തില്‍ റഡാര്‍ സ്റ്റേഷന്‍ ഉടന്‍ പ്രവര്‍ത്തനം തുടങ്ങും

Saturday 19 January 2013 10:49 pm IST

നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ റഡാര്‍ സ്റ്റേഷന്റെ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. വിമാനത്താവളത്തിനോടനുബന്ധിച്ച്‌ നിര്‍മ്മിക്കുന്ന റഡാര്‍ സ്റ്റേഷന്‍ നിര്‍മ്മിക്കുന്നതിനായി ചെക്ക്‌ റിപ്പബ്ലിക്കന്‍ കമ്പനി നിര്‍മ്മിച്ച്‌ എയര്‍പോര്‍ട്ട്‌ അതോറിറ്റി വാങ്ങിയ റഡാര്‍ കഴിഞ്ഞ ആഴ്ച നെടുമ്പാശ്ശേരിയില്‍ എത്തി. റഡാര്‍ സ്ഥാപിക്കുന്നതിനുള്ള മന്ദിരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വളരെ മുമ്പേതന്നെ പൂര്‍ത്തീകരിച്ചിരുന്നു. റഡാര്‍ സ്ഥാപിച്ചാല്‍ ഉടന്‍തന്നെ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. റഡാറിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞാല്‍ ഏത്‌ പ്രതികൂല കാലാവസ്ഥയിലും വിമാനങ്ങള്‍ കൊച്ചിയില്‍ ഇറക്കുവാന്‍ കഴിയുമെന്നു മാത്രമല്ല, ഇപ്പോള്‍ വിമാനം ഇറങ്ങുന്നതിനും പറക്കുന്നതിനും ഉപയോഗിക്കുന്ന സമയം ലാഭിക്കാന്‍ കഴിയും. ഇത്‌ മൂലം കൊച്ചിയില്‍ വരുന്ന വിമാനകമ്പനികള്‍ക്ക്‌ വന്‍ സാമ്പത്തിക ലാഭം ഉണ്ടാകും. ഇത്‌ കൊച്ചിയിലേക്ക്‌ കൂടുതല്‍ വിമാനസര്‍വ്വീസുകള്‍ വരുന്നതിന്‌ സഹായിക്കുകയും ചെയ്യും. അപ്രോച്ച്‌ സര്‍വെയ്‌ലന്‍സ്‌ റഡാര്‍, മോണോ പ്ലസ്‌ സെക്കണ്ടറി സര്‍വെയ്‌ലന്‍സ്‌ റഡാര്‍ എന്നീ രണ്ടുതരം റഡാറുകള്‍ കൂടിചേര്‍ന്ന അത്യാധുനിക റഡാര്‍ സംവിധാനമാണ്‌ ഇവിടെ സ്ഥാപിക്കുന്നത്‌. റഡാര്‍ സ്റ്റേഷന്‌ ചുറ്റും ഇരുപത്‌ മെയില്‍ നോട്ടിക്കല്‍ പരിധിയിലുള്ള വിമാനങ്ങളുടെ നിരീക്ഷണത്തിലാണ്‌ അപ്രോച്ച്‌ സര്‍വെയ്‌ലന്‍സ്‌ റഡാര്‍ ഉപയോഗിക്കുന്നത്‌. മോണോ പ്ലസ്‌ സെക്കണ്ടറി സര്‍വെയ്‌ലന്‍സ്‌ റഡാറുകള്‍ക്ക്‌ വിമാനങ്ങളുടെ സ്ഥാനം, ദിശ എന്നിവയോടൊപ്പം ഏത്‌ തരം വിമാനമാണെന്നും എത്ര ഉയരത്തിലാണ്‌ വിമാനം ഉള്ളതെന്നും നിര്‍ണ്ണയിക്കുവാന്‍ സാധിക്കും. ഇറുന്നൂറ്‌ നോട്ടിക്കല്‍ മെയിലാണ്‌ ഇത്തരം റഡാറുകളുടെ പരിധി. റഡാര്‍ സംവിധാനം സ്ഥാപിക്കുന്നതോടെ വിമാനങ്ങളുടെ ലാന്‍ഡിംഗ്‌ സമയം ഇപ്പോഴുള്ള 6 മുതല്‍ 9 മിനിറ്റില്‍നിന്ന്‌ 3 മിനിറ്റായി കുറയുന്നതിനാല്‍ വിമാനങ്ങളുടെ ഹോള്‍ഡിംഗ്‌ സമയം വളരെയധികം കുറയ്ക്കാന്‍ കഴിയും. അതുവഴി ഇന്ധനനഷ്ടം കുറയും ചെയ്യും. റഡാര്‍ പൂര്‍ണ്ണമായ്‌ പ്രവര്‍ത്തനസജ്ജമായി കഴിയുമ്പോള്‍ വിമാനങ്ങളുടെ ലാന്റിംഗും ടേക്ക്‌ ഓഫ്‌ പൂര്‍ണ്ണമായും റഡാര്‍ കണ്‍ട്രോളറുടെ നിയന്ത്രണത്തിലായിരിക്കുമെന്നതിനാല്‍ വളരെ കുറഞ്ഞ കാഴ്ചയില്‍ പോലും സുരക്ഷിതമായി വിമാനങ്ങള്‍ ലാന്റ്‌ ചെയ്യാന്‍ കഴിയും. ഏപ്രില്‍ മാസത്തോടുകൂടി റഡാര്‍ പൂര്‍ണ്ണമായി പ്രവര്‍ത്തനസജ്ജമാകുമെന്ന്‌ കരുതുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.