ഡോക്ടര്‍മാര്‍ സ്പെഷ്യലിസ്റ്റ്‌ ഒപികള്‍ ബഹിഷ്കരിച്ചു

Monday 25 July 2011 8:17 pm IST

കണ്ണൂറ്‍: ശമ്പള പരിഷ്കരണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട്‌ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ആഹ്വാനം ചെയ്ത അനിശ്ചിതകാല പണിമുടക്കിന്‌ മുന്നോടിയായി സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ സ്പെഷ്യലിസ്റ്റ്‌ ഔട്ട്‌ പേഷ്യണ്റ്റ്‌ വിഭാഗം ബഹിഷ്കരിച്ചു. പ്രശ്ന പരിഹാരത്തിനായി സര്‍ക്കാരുമായി നടത്തുന്ന ചര്‍ച്ച വിജയിക്കുന്നില്ലെങ്കില്‍ സ്വകാര്യ പ്രാക്ടീസ്‌ നിര്‍ത്തിവെക്കുന്നതടക്കമുള്ള സമര പരിപാടികളുമായി മുന്നോട്ട്‌ പോകുമെന്ന്‌ കെജിഎംഒഎ പ്രഖ്യാപിച്ചിട്ടുണ്ട്‌. ഡോക്ടര്‍മാര്‍ സ്പെഷ്യലിസ്റ്റ്‌ ഒപി ബഹിഷ്കരിച്ചെങ്കിലും ജനറല്‍ ഒപിയില്‍ രോഗികളെ പരിശോധിച്ചു. പനിക്കാലമായതിനാല്‍ നൂറുകണക്കിന്‌ രോഗികളാണ്‌ നിത്യേനയെന്നോണം ആശുപത്രികളിലെത്തുന്നത്‌. ഈ സാഹചര്യത്തില്‍ പണിമുടക്ക്‌ ഒത്തുതീര്‍പ്പിലെത്തിക്കുന്നതിനുള്ള തീവ്രശ്രമത്തിലാണ്‌ സര്‍ക്കാരും സംഘടനകളും.