മന്‍മോഹന്റെ മുഖംമൂടിയഴിഞ്ഞു

Monday 25 July 2011 10:48 pm IST

ടെലികോം കുംഭകോണത്തിലെ മുഖ്യപ്രതികളാരൊക്കെയെന്ന്‌ ജയിലില്‍ കഴിയുന്ന മുന്‍മന്ത്രി എ.രാജയുടെ മൊഴികളിലൂടെ വ്യക്തമായിരിക്കുകയാണ്‌. രാജയും കനിമൊഴിയും ഏതാനും ഉദ്യോഗസ്ഥരും 2ജി സ്പെക്ട്രം അഴിമതിയില്‍ കുടുങ്ങിയപ്പോള്‍ തന്നെ ജനങ്ങളില്‍ ഒട്ടേറെ സംശയങ്ങള്‍ ഉടലെടുത്തതാണ്‌.
പിടിച്ചതിനെക്കാള്‍ വലുത്‌ മാളത്തിലുണ്ടെന്നും നിരീക്ഷിച്ചിരുന്നു. സിഎജിയും പ്രതിപക്ഷ കക്ഷികളും ഒടുവില്‍ സുപ്രീംകോടതിയും അഴിമതിയെക്കുറിച്ച്‌ വിമര്‍ശനം നടത്തിയപ്പോള്‍ എല്ലാം രാഷ്ട്രീയപ്രേരിതമെന്ന്‌ തള്ളിക്കളഞ്ഞവരാണ്‌ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ടെലികോം വകുപ്പിന്റെ ചുമതലയിലെത്തിയ മാനവശേഷി വകുപ്പു മന്ത്രിയുമൊക്കെ. കോണ്‍ഗ്രസ്‌ വക്താക്കള്‍ അതേറ്റുപാടി. കോണ്‍ഗ്രസ്‌ അധ്യക്ഷയാകട്ടെ വായില്‍ പൂട്ടുള്ളതു പോലെയായിരുന്നു ഇത്രകാലവും. ഇനി എന്തു പറയുമെന്നാണറിയേണ്ടത്‌.
ധനമന്ത്രിയായിരുന്ന പി.ചിദംബരത്തിന്റെ അനുമതിയോടെ ആണ്‌ 2ജി സ്പെക്ട്രം വില്‍പന നടത്തിയതെന്നാണ്‌ മന്ത്രി എ.രാജ പറഞ്ഞിരിക്കുന്നത്‌. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിലാണ്‌ ചിദംബരം അനുമതി നല്‍കിയതെന്നും അദ്ദേഹം വിശദീകരിക്കുന്നു. മറിച്ചാണെങ്കില്‍ പ്രധാനമന്ത്രി അതു നിഷേധിക്കട്ടെ എന്നും രാജ വെല്ലുവിളിക്കുന്നു. ദല്‍ഹിയിലെ പ്രത്യേക സിബിഐ കോടിതിയിലാണ്‌ രാജ ഇക്കാര്യങ്ങള്‍ അറിയിച്ചത്‌. 2ജി ഇടപാടില്‍ താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ്‌ രാജ ആവര്‍ത്തിച്ചിട്ടുള്ളത്‌.
നിയമാനുസൃതമായി മാത്രമേ പ്രവര്‍ത്തിച്ചിട്ടുള്ളു എന്നാണ്‌ രാജയുടെ വാദം. 1993 മുതലുള്ള ടെലികോം മന്ത്രിമാരുടെ നയം പിന്തുടര്‍ന്നു. താന്‍ പിന്തുടര്‍ന്ന നയം തെറ്റാണെങ്കില്‍ 1993 മുതലുളള എല്ലാ ടെലികോം മന്ത്രിമാരെയും ജയിലില്‍ അടയ്ക്കണമെന്നും എ.രാജ ആവശ്യപ്പെട്ടിട്ടുണ്ട്‌. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ ധനമന്ത്രിയാണ്‌ സ്പെക്ട്രം വിതരണത്തിന്‌ അനുമതി നല്‍കിയതെന്നും രാജ പറഞ്ഞ സാഹചര്യത്തില്‍ പ്രശ്നം അതീവ ഗൗരവമുളവാക്കുന്നതാണ്‌. കഴിഞ്ഞ ഫെബ്രുവരിയിലാണ്‌ 2ജി സ്പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട്‌ എ.രാജ അറസ്റ്റിലായത്‌. തുടര്‍ന്ന്‌ കനിമൊഴിയും ജയിലിലായി. അഴിമതി ആരോപണത്തെ തുടര്‍ന്ന്‌ ദയാനിധി മാരന്‍ മന്ത്രിസ്ഥാനം ഒഴിഞ്ഞെങ്കിലും നടപടി സ്വീകരിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.
ദല്‍ഹിയിലെ പ്രത്യേക കോടതിയില്‍ കേസില്‍ വാദം നടക്കുമ്പോഴാണ്‌ രാജ സര്‍വരെയും ഞെട്ടിക്കുന്ന സത്യം പറഞ്ഞത്‌. അരുണ്‍ ഷൂരിയും ദയാനിധി മാരനും മന്ത്രിമാരായിരുന്നപ്പോള്‍ സ്പെക്ട്രം ലൈസന്‍സ്‌ അനുവദിച്ചിട്ടുണ്ട്‌. താന്‍ മാത്രമെങ്ങനെ ഈ കേസില്‍ ചോദ്യം ചെയ്യപ്പെടുന്നുവെന്നും സ്പെക്ട്രം നടപടികളില്‍ ക്രമക്കേടുണ്ടെങ്കില്‍ 1993 മുതലുള്ള എല്ലാ ടെലികോം മന്ത്രിമാരെയും തന്നോടൊപ്പം ജയിലില്‍ കിടക്കേണ്ടതല്ലേയെന്നും രാജ ചോദിക്കുന്നുണ്ട്‌. പഴയകാല ഇടപാടുകളില്‍ ക്രമക്കേടുണ്ടെന്ന്‌ ഒരു അന്വേഷണ ഏജന്‍സിയും ഒരു കോടതിയും അഭിപ്രായപ്പെട്ടിട്ടില്ല എന്ന കാര്യം രാജ മറച്ചു വയ്ക്കുകയും ചെയ്തിരിക്കുന്നു. ഡിബി റിയാലിറ്റീസുമായുള്ള കരാര്‍ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിലാണ്‌ ഒപ്പിട്ടത്‌. യൂണിടെക്കുമായുള്ള കരാറില്‍ അധാര്‍മികമായി ഒന്നും ചെയ്തിട്ടില്ല. എന്‍ഡിഎ സര്‍ക്കാര്‍ കൊണ്ടുവന്ന നടപടികള്‍ പിന്തുടരുക മാത്രമാണ്‌ താന്‍ മന്ത്രിയായിരിക്കുമ്പോള്‍ ചെയ്തതെന്നും അത്‌ സര്‍ക്കാരിന്റെ നയമായിരുന്നുവെന്നും രാജ കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്‌. തിഹാര്‍ ജയിലില്‍ കഴിയുന്ന എ. രാജയെ സിബിഐ പ്രത്യേക കോടതി ജഡ്ജ്‌ ഒ.പി. സെയ്നി മുമ്പാകെയാണ്‌ അന്വേഷണസംഘം ഹാജരാക്കിയത്‌.
എ. രാജയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും ആഭ്യന്തരമന്ത്രി ചിദംബരവും രാജി വയ്ക്കണമെന്ന ആവശ്യം ഉയര്‍ന്നു കഴിഞ്ഞു. ഇരുവരും പദവിയില്‍ തുടരാന്‍ അര്‍ഹരല്ല. അഴിമതിയുടെ കാര്യത്തില്‍ കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പ്‌ വ്യക്തമായെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി പ്രസ്താവിച്ചിരിക്കുകയാണ്‌. കോണ്‍ഗ്രസ്‌ സഖ്യകക്ഷിയുടെ മന്ത്രിയെ ബലിയാടാക്കി. വിഷയം എങ്ങനെ കോണ്‍ഗ്രസ്‌ കൈകാര്യം ചെയ്യുമെന്ന്‌ പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി വിശദീകരിക്കണമെന്നും ഗഡ്കരി ആവശ്യപ്പെട്ടിട്ടുണ്ട്‌. ഇതിനെക്കുറിച്ച്‌ പ്രധാനമന്ത്രിക്കും കോണ്‍ഗ്രസ്‌ അധ്യക്ഷയ്ക്കും എന്തു പറയാനാകും?
ബിജെപിയുടെ ആവശ്യത്തെ ചെറുക്കാന്‍ കോണ്‍ഗ്രസും ചിദംബരവും ബാലിശമായ വാദമാണ്‌ ഉന്നയിക്കുന്നത്‌. ഹിന്ദുഭീകരതയെക്കുറിച്ച്‌ അന്വേഷിക്കാതിരിക്കാനാണ്‌ സ്പെക്ട്രം അഴിമതി ചര്‍ച്ചാ വിഷയമാക്കുന്നതെന്നാണ്‌ ചിദംബരം പറയുന്നത്‌. ഹിന്ദു ഭീകരത എന്ന ഉമ്മാക്കി കാട്ടി സകല നെറികേടുകളില്‍നിന്നും തടിയൂരാമെന്നാണ്‌ ചിദംബരം കണക്കുകൂട്ടുന്നത്‌. ഹിന്ദുഭീകരത ഉണ്ടെങ്കില്‍ എന്തിന്‌ ചിദംബരം ഔദാര്യം കാണിക്കുന്നു? സ്പെക്ട്രം കുംഭകോണം കണ്ടെത്തിയത്‌ സിഎജിയാണ്‌. ബിജെപിയല്ല. അന്വേഷണം നടത്താന്‍ ശക്തമായ നിലപാടെടുത്തത്‌ സുപ്രീംകോടതിയാണ്‌. അന്വേഷണം നടത്തുന്നത്‌ സിബിഐയാണ്‌. ഇപ്പോഴാകട്ടെ മുന്‍കേന്ദ്രമന്ത്രി രാജയാണ്‌ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെയും ആഭ്യന്തരമന്ത്രി ചിദംബരത്തിന്റെയും പേരു പരാമര്‍ശിച്ചിട്ടുള്ളത്‌. രാജയുടെ പാര്‍ട്ടി ഇപ്പോഴും കേന്ദ്രഭരണമുന്നണിയിലെ ഘടകകക്ഷിയാണ്‌. അതൊക്കെ വിസ്മരിച്ചു കൊണ്ട്‌ തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നവരെ താറടിക്കാനുള്ള ശ്രമം അല്‍പത്തമാണ്‌. രാജ്യത്തെ വിറ്റുതുലയ്ക്കാനും വിവിധങ്ങളായ അഴിമതിയിലൂടെ ലക്ഷക്കണക്കിന്‌ കോടിരൂപ കൊള്ളയടിക്കുകയും ചെയ്തവര്‍ ജല്‍പനങ്ങളുമായി അധികാരക്കസേരകയില്‍ കടിച്ചുതൂങ്ങാതെ രാജിവച്ചു പോവുകയാണ്‌ മര്യാദ. ആ മര്യാദയാണ്‌ ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്‌.പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.