വീട്ടില്‍ക്കയറി ഗൃഹനാഥനെ കുത്തിക്കൊന്ന സംഭവത്തില്‍ അയല്‍വാസി പിടിയില്‍

Monday 25 July 2011 11:16 pm IST

കോട്ടയം: പട്ടാപ്പകല്‍ വീടിനുള്ളില്‍കയറി ഗൃഹനാഥനെ കുത്തിക്കൊന്ന കേസില്‍ അയല്‍വാസി പിടിയിലായി. ചിങ്ങവനം കുഴിമറ്റം കുന്നേല്‍ വീട്ടില്‍ മോനിച്ചന്‍ എന്നുവിളിക്കുന്ന ആഷ്ളി(33) ആണ്‌ പിടിയിലായത്‌. കുഴിമറ്റം പെരിഞ്ചേരിക്കുന്ന്‌ കോളനിയില്‍ തടത്തില്‍ ശിവശൈലത്തില്‍ കുമാര്‍(47)ആണ്‌ ഞായറാഴ്ച കുത്തേറ്റ്‌ മരിച്ചത്‌. കുമാറിണ്റ്റെ ഭാര്യ സരോജത്തിണ്റ്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ്‌ മോനിച്ചനെ ചിങ്ങവനം പോലീസ്‌ പിടികൂടിയത്‌. ചങ്ങനാശ്ശേരി സി.ഐ മനോജ്‌ സേവ്യര്‍,എസ്‌.ഐ ബാബു സെബാസ്റ്റ്യന്‍ എന്നിവരുടെ നേതൃത്വത്തിലാണ്‌ പ്രതിയെ അറസ്റ്റ്‌ ചെയ്തത്‌. ഞായറാഴ്ച ഉച്ചകഴിഞ്ഞ്‌ 3 മണിയോടെയാണ്‌ കുമാറിനെ മോനിച്ചന്‍ കൊലപ്പെടുത്തിയത്‌. മദ്യപിച്ചെത്തിയ മോനിച്ചന്‍ കുമാറുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും തുടര്‍ന്ന്‌ കയ്യിലുണ്ടായിരുന്ന കഠാര ഉപയോഗിച്ച്‌ കൊലപ്പെടുത്തുകയുമായിരുന്നു. ഉടന്‍ മോനിച്ചന്‍ സ്ഥലം വിടുകയും ചെയ്തു. വീടിനു പിറകില്‍ തുണിയലക്കിക്കൊണ്ടിരുന്ന സരോജത്തിണ്റ്റെ നിലവിളി കേട്ടെത്തിയ അയല്‍വാസികളാണ്‌ കുമാറിനെ ആശുപത്രിയിലെത്തിച്ചത്‌. ജില്ലാ ആശുപത്രിയിലെത്തിച്ച്‌ അടിയന്തിര ചികിത്സ ലഭ്യമാക്കിയെങ്കിലും പരുക്ക്‌ ഗുരുതരമായതിനേത്തുടര്‍ന്നാണ്‌ മരണം സംഭവിച്ചത്‌. മേസ്തിരിപ്പണിക്കാരനായ കുമാര്‍ തിരുവനന്തപുരം വട്ടിയൂര്‍ക്കാവ്‌ നെട്ടയം ഈയക്കുഴി കോളനിയില്‍ അപ്പുക്കുട്ടണ്റ്റെ മകനാണ്‌.കഴിഞ്ഞ 13 വര്‍ഷമായി നാട്ടകം കാക്കൂറ്‍ ഭാഗത്ത്‌ താമസിച്ചു വരികയായിരുന്നു. നാലുമാസം മുമ്പാണ്‌ കുഴിമറ്റത്തേക്ക്‌ മാറിയത്‌. അന്നുമുതല്‍ മോനിച്ചന്‍ ഇവരെ ശല്യപ്പെടുത്തിയിരുന്നതായി വിവരമുണ്ട്‌. പ്ളസ്‌ വണ്‍ വിദ്യാര്‍ത്ഥിയായ ശംഭു,7-ാം ക്ളാസ്‌ വിദ്യാര്‍ത്ഥിനിയായ ശിവപാര്‍വതി എന്നിവരാണ്‌ കുമാറിണ്റ്റെ മക്കള്‍.