ഉത്സവത്തിനിടെ ആനയുടെ കുത്തേറ്റ്‌ മൂന്ന്‌ മരണം

Sunday 27 January 2013 10:58 pm IST

പെരുമ്പാവൂര്‍: രായമംഗലം കൂട്ടുമഠം ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ ഇടഞ്ഞ ആനയുടെ കുത്തേറ്റ്‌ മൂന്നുപേര്‍ മരിച്ചു. 25 ഓളം പേര്‍ക്ക്‌ പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്‌. രായമംഗലം കരുപ്പപാറ നാണി (65), കുറുപ്പംപടി തിയറ്ററിന്‌ സമീപം രവിയുടെ ഭാര്യ രമ (58), ഒക്കല്‍ കൈപ്പിള്ളിയില്‍ ഇന്ദിര എന്നിവരാണ്‌ മരിച്ചത്‌. പരിക്കേറ്റവരെ പെരുമ്പാവൂര്‍, കോലഞ്ചേരി എന്നിവിടങ്ങളിലെ വിവിധ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ട്‌ 6 മണിയോടെയാണ്‌ സംഭവം. ശീവേലി എഴുന്നള്ളിപ്പ്‌ കഴിഞ്ഞ്‌ ക്ഷേത്രത്തിന്‌ അകത്തേക്ക്‌ പ്രവേശിക്കുന്നതിനിടെ തിടമ്പേറ്റിയിരുന്ന തെച്ചിക്കോട്ട്കാവ്‌ രാമചന്ദ്രന്റെ പുറത്തുനിന്നും മറ്റൊരു ആനയുടെ പുറത്തേക്ക്‌ തിടമ്പ്‌ മാറ്റിയിരുന്നു.
ഇതേത്തുടര്‍ന്ന്‌ ഇടഞ്ഞ രാമചന്ദ്രന്‍ തൊട്ടടുത്തുനിന്ന കാളകുത്താന്‍ കണ്ണന്‍ എന്ന ആനയെ കുത്തി. അതിനുശേഷം അമ്പലത്തിന്‌ ചുറ്റും ഓടിയ രാമചന്ദ്രന്‍ ഗോപുരം കടന്ന്‌ അമ്പലത്തിലേക്ക്‌ കടക്കുന്ന വഴിയില്‍ പറനിറക്കാന്‍ നിന്ന സ്ത്രീകളെ കുത്തുകയായിരുന്നു. ഇവര്‍ക്ക്‌ ഓടിമാറാന്‍ കഴിഞ്ഞില്ല. പരിഭ്രാന്തരായ ജനം നാലുപാടും ചിതറി ഓടുന്നതിനിടയിലാണ്‌ ഒട്ടേറെപ്പേര്‍ക്ക്‌ പരിക്കേറ്റത്‌. രാമചന്ദ്രനെ ഉടനെതന്നെ പാപ്പാന്മാര്‍ ചേര്‍ന്ന്‌ തളച്ചു. രാമചന്ദ്രന്റെ കുത്തേറ്റ ആന കിലോമീറ്ററോളം ഓടിയശേഷമാണ്‌ നിന്നത്‌. സംഭവം ഉണ്ടായ ഉടനെ കുറുപ്പംപടി പോലീസ്‌ സ്ഥലത്തെത്തി. ആലുവ റൂറല്‍ എസ്പി സതീഷ്‌ ബിനോ,ആര്‍ഡിഒ ഒ. ഷാനവാസ്‌ എന്നിവരും ജനപ്രതിനിധികളും എത്തിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.