തൃപ്രയാറില്‍ ആന ഇടഞ്ഞോടിയത് പരിഭ്രാന്തി പരത്തി

Monday 28 January 2013 11:51 am IST

തൃശൂര്‍: തൃപ്രയാറില്‍ എഴുന്നള്ളിപ്പിനായി കൊണ്ടുവന്ന ആനയിടഞ്ഞു. തൃപ്രയാര്‍ ക്ഷേത്രത്തിനടുത്തുള്ള സമുദായം മഠം പറമ്പില്‍ അഴിച്ചുകെട്ടുന്നതിനിടെയാണ് ആന ഇടഞ്ഞോടിയത്‌. ദേവസ്വം ബോര്‍ഡിന്റെ അച്യുതന്‍ കുട്ടി എന്ന ആനയാണ് ഇടഞ്ഞത്. രണ്ടു ദിവസമായി അനുസരണക്കേടു കാട്ടിനിന്ന ആനയെ ശീവേലിക്ക്‌ ഏഴുന്നള്ളിക്കാറില്ല. പകരം മറ്റൊരു ആനയെയാണ്‌ എഴുന്നള്ളിക്കാറുള്ളത്‌. ചെമ്മാപ്പിള്ളി കടവിലേക്കാണ്‌ ആന ഇടഞ്ഞോടിയത്‌. പിന്നാലെ ജനങ്ങളും കൂടിയതോടെ ആനയും പരിഭ്രാന്തനായി. കടവില്‍നിന്നു തിരിച്ച ആന വീണ്ടും സമുദായം മഠം പറമ്പില്‍ വന്നുനിന്നു. വെള്ളം കുടിച്ചു തുടങ്ങിയതോടെ പാപ്പാന്‍മാര്‍ ആനയെ തളച്ചു. അനിഷ്ടസംഭവങ്ങള്‍ ഉണ്ടായിട്ടില്ല. തൃശൂരില്‍നിന്ന്‌ എലിഫന്റ്‌ സ്ക്വാഡിനെ വരുത്തി ആനയെ പരിശോധിക്കുമെന്ന്‌ ദേവസ്വം മാനേജര്‍ എം.എസ്‌. കാശി വിശ്വനാഥന്‍ പറഞ്ഞു. പെരുമ്പാവൂരില്‍ ക്ഷേത്രത്തിലെ തൈപ്പൂയ ഉത്സവത്തിനിടെ ഇടഞ്ഞ ആന ഇന്നലെ മൂന്നു പേരെ കൊലപ്പെടുത്തിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.