ബ്രസീലിലെ തീപിടിത്തം: മരണം 233 ആയി

Monday 28 January 2013 8:09 pm IST

ബ്രസീല്‍: ബ്രസീലില്‍ നിശാക്ലബ്ബിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 233 ആയി. ഇത്തരമൊരു സംഭവം ഉണ്ടായ പശ്ചാത്തലത്തില്‍ രാജ്യത്ത്‌ മൂന്ന്‌ ദിവസത്തെ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചു. ബ്രസീലില്‍ കഴിഞ്ഞ അഞ്ച്‌ ദശാബ്ദത്തിനിടെയുണ്ടായ ഏറ്റവും ദാരുണമായ സംഭവമാണിതെന്ന്‌ അധികൃതര്‍ അറിയിച്ചു. മരിച്ചവരില്‍ അധികവും വിദ്യാര്‍ത്ഥികളാണ്‌. തീ പിടിത്തത്തില്‍ ഉയര്‍ന്ന്‌ പൊങ്ങിയ പുക ശ്വസിച്ചാണ്‌ കുട്ടികളില്‍ അധികവും മരിച്ചതെന്ന്‌ അധികൃതര്‍ വ്യക്തമാക്കി. 2014 ല്‍ നടക്കുന്ന ഫുട്‌ ബോള്‍ ലോകകപ്പിനോടനുബന്ധിച്ച്‌ തലസ്ഥാന നഗരമായ ബ്രസീലി നടത്താന്‍ നിശ്ചയിച്ചിരുന്ന ആഘോഷപരിപാടികള്‍ മാറ്റിവെച്ചു. അപകടം നടന്ന സാന്റോ മറിയയില്‍ 30 ദിവസത്തെ ദു:ഖാചരണമാണ്‌ പ്രഖ്യാപിച്ചിരിക്കുന്നത്‌. ചിലിയില്‍ സന്ദര്‍ശനം നടത്തുകയായിരുന്ന ബ്രസീലിയന്‍ പ്രസിഡന്റെ്‌ ഡില്‍മാ റൂസഫ്‌ സന്ദര്‍ശനം വെട്ടിച്ചുരുക്കി തിരിച്ചെത്തി. അപകടത്തില്‍ പരിക്കേറ്റ്‌ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ കണ്ട്‌ സന്ദര്‍ശനം നടത്തുകയും കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുന്നതയും അദ്ദേഹം വ്യക്തമാക്കി. സംഭവത്തെക്കുറിച്ച്‌ അന്വേഷണം നടത്താന്‍ അദ്ദേഹം ഉത്തരവിട്ടിട്ടുണ്ട്‌. അതേസമയം എമര്‍ജന്‍സി എക്സിറ്റുകളുടെ അഭാവം അപകടത്തിന്റെ തോത്‌ വര്‍ദ്ധിപ്പിച്ചതും അന്വേഷണത്തിന്റെ പരിധിയില്‍ വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ 245 പേര്‍ മരിച്ചെന്നാണ്‌ വിശദീകരണം വന്നിരുന്നതെങ്കിലും പിന്നീട്‌ മരിച്ചവരുടെ പട്ടിക വന്നപ്പോള്‍ 233 പേര്‍ എന്ന്‌ സ്ഥിരീകരിക്കുകയായിരുന്നു. നഗരത്തിലെ വിവിധ ആശുപത്രികളില്‍ നൂറോളം പേര്‍ ഇപ്പോഴും ചികിത്സയിലാണ്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.