മനോജ്‌ വധം: സിപിഎം ഏരിയാ നേതാക്കള്‍ക്കും പങ്കെന്ന്‌ കണ്ടെത്തല്‍

Monday 28 January 2013 9:12 pm IST

കോഴിക്കോട്‌: പയ്യോളിയിലെ ബി.എം.എസ്‌ നേതാവ്‌ സി.ടി മനോജിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ സി.പി.എം ഏരിയാ നേതാക്കള്‍ക്കും പങ്കുള്ളതായി ക്രൈംബ്രാഞ്ച്‌ അന്വേഷണസംഘം കണ്ടെത്തി. മനോജിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയില്‍ ഏരിയാകമ്മിറ്റി അംഗം മുതല്‍ ബ്രാഞ്ച്‌ നേതാക്കള്‍ വരെ പങ്കെടുത്തുവെന്ന്‌ നേരത്തെ പിടിയിലായ പ്രതികള്‍ മൊഴിനല്‍കിയിരുന്നു. ഈ മൊഴി ശരിവെക്കുന്നതാണ്‌ ക്രൈംബ്രാഞ്ച്‌ സംഘത്തിന്റെ ഇപ്പോഴത്തെ കണ്ടെത്തല്‍. എട്ടു സിപിഎം നേതാക്കള്‍ കൂടി കേസില്‍ പ്രതിയാകുമെന്നാണറിയുന്നത്‌. ഗൂഢാലോചനയിലും കൊലപാതകകൃത്യത്തിലും പങ്കാളികളായവര്‍ വരെ ഇതില്‍ പെടും. മനോജ്‌ വധത്തില്‍ സി.പി.എമ്മിന്‌ പങ്കില്ലെന്ന്‌ വാദിച്ച്‌ സി.പി.എം ജില്ലാ സെക്രട്ടറിയടക്കം രംഗത്തുവന്നിരുന്നു. ഇതിനിടയിലാണ്‌ നേതൃത്വത്തിന്റെ ഭീഷണികള്‍ വകവെക്കാതെ സി.പി.എം നേതൃത്വത്തിലുള്ള പലപ്രമുഖര്‍ക്കും കൊലപാതകത്തില്‍ പങ്കുള്ളതായി പ്രതികള്‍ വെളിപ്പെടുത്തിയത്‌. അന്വേഷണം പൂര്‍ത്തിയാകുന്നതോടെ സി.പി.എം നേതൃത്വം കടുത്ത പ്രതിസന്ധിയില്‍ അകപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല. പതിനഞ്ചു പ്രതികളാണ്‌ ഇപ്പോള്‍ പ്രതിപ്പട്ടികയില്‍ ഉള്ളത്‌.
ഒന്നാം പ്രതിയും പയ്യോളി ഓട്ടോ സെക്ഷന്‍(സി.ഐ.ടി.യു) സെക്രട്ടറിയുമായ പുതിയോട്ടില്‍ അജിത്‌ കുമാര്‍(33), രണ്ടാം പ്രതിയും ഡി.വൈ.എഫ്‌.ഐ പയ്യോളി വില്ലേജ്‌ സെക്രട്ടറി ജിതേഷ്‌ കുമാര്‍(28), മൂന്നാം പ്രതിയും സി.പി.എം പയ്യോളി ലോക്കല്‍ കമ്മിറ്റി അംഗവും ഡി.വൈ.എഫ്‌.ഐ പയ്യോളി ബ്ലോക്ക്‌ ജോയിന്റ്‌ സെക്രട്ടറിയുമായ വടക്കയില്‍ ബിജു(35), നാലാം പ്രതി അയനിക്കാട്‌ ചാക്കേരി നിസാം(27), അഞ്ചാം പ്രതി അയനിക്കാട്‌ ചൊറിയഞ്ചാല്‍ താരേമ്മല്‍ നിധീഷ്‌(22), ആറാം പ്രതി ചൊറിയഞ്ചാല്‍ താരേമ്മല്‍ പ്രിയേഷ്‌(22), ഏഴാം പ്രതി പുറക്കാട്‌ കോട്ടൂര്‍താഴെ അജിത്‌(31), എട്ടാം പ്രതി മേപ്പയില്‍ സ്വദേശികളായ വള്ളുപറമ്പത്ത്‌ ഷനൂജ്‌(23), ഒമ്പതാം പ്രതി പാറച്ചാലില്‍ സനൂപ്‌(23), പത്താം പ്രതി കമ്പിവളപ്പില്‍ ഉമേഷ്‌(26), 11-ാ‍ം പ്രതി പെരുമാള്‍പുരം കളത്തില്‍ സുനീഷ്‌(26), 12-ാ‍ം പ്രതി മുചുകുന്ന്‌ സ്വദേശികളായ മീത്തലെ പുതിയേടത്ത്‌ അഖില്‍നാഥ്‌(25), 13-ാ‍ം പ്രതി ചെറുവാലത്ത്‌ മീത്തല്‍ റംഷീദ്‌(21), 14-ാ‍ം പ്രതി അയനിക്കാട്‌ ചൊറിയഞ്ചാല്‍ താരേമ്മല്‍ അഖില്‍ എന്ന ഉണ്ണി(19) എന്നിവരാണ്‌ നിലവില്‍ പ്രതികള്‍. പതിനഞ്ചാം പ്രതി തിക്കോടി തെരുവിന്‍താഴെ ഉണ്ണികൃഷണന്‍(25) ഒളിവിലാണ്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.