നെല്‍വയല്‍ നിയമഭേദഗതി പാടില്ല: കുമ്മനം

Monday 28 January 2013 9:43 pm IST

പത്തനംതിട്ട: കൊടുംവരള്‍ച്ചയുടെ പിടിയില്‍ അകപ്പെട്ട കേരളത്തിന്‌ ആകെ രക്ഷ നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമമാണെന്നും അതു ഭേദഗതിചെയ്യാന്‍ നടത്തുന്ന ഏതുനീക്കവും ആത്യന്തികമായി നാടിനെ മരുഭൂമിയാക്കി മാറ്റുമെന്നും ആറന്മുള പൈതൃക ഗ്രാമകര്‍മ്മ രക്ഷാധികാരി കുമ്മനം രാജശേഖരന്‍ പ്രസ്താവിച്ചു.
നെല്‍വയല്‍ നിയമം ഭേദഗതി ചെയ്ത്‌ ആറന്മുള വിമാനത്താവള പദ്ധതിയുടെ തടസ്സങ്ങള്‍ നീക്കുന്നതിനെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ്‌ ഉന്നതാധികാരസമിതിയുടെ യോഗം ഇന്ന്‌ ചേരും. കഴിഞ്ഞ കാലങ്ങളില്‍ നികത്തിയ നെല്‍വയലുകള്‍ക്ക്‌ നിയമസാധുതയും മേലില്‍ നികത്തുവാനുളള അനുമതിയും തേടി ഭൂ മാഫിയകള്‍ സര്‍ക്കാരില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തിവരികയാണ്‌. നെല്‍വയലും നീര്‍ത്തടവും നികത്തിയാലുണ്ടാകുന്ന ഗുരുതരമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്ക്‌ ഒട്ടും ചെവികൊടുക്കാതെ സര്‍ക്കാര്‍ ഭൂമാഫിയകള്‍ക്ക്‌ മുന്നില്‍ മുട്ടുമടക്കുന്നത്‌ ഖേദകരമാണ്‌. പമ്പാനദി വറ്റിവരണ്ടുകഴിഞ്ഞു.
ചരിത്രത്തിലാദ്യമായി ആറന്മുള ക്ഷേത്രത്തിലെ കിണറിലും വെള്ളമില്ലാതായി. ചുറ്റുപാടും കടുത്ത വരള്‍ച്ചയും ജലക്ഷാമവുംകൊണ്ട്‌ പൊറുതിമുട്ടുമ്പോള്‍ ആറന്മുള നെല്‍വയലും നീര്‍ത്തടവും നീര്‍ച്ചാലും മണ്ണിട്ട്‌ നികത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കുന്നത്‌ മാപ്പര്‍ഹിക്കാത്ത അപരാധമാണ്‌.
പമ്പാനദിയെ രക്ഷിക്കുവാനും സമീപ നീര്‍മറിപ്രദേശങ്ങളും നീര്‍ത്തടങ്ങളും പരിരക്ഷിക്കാനും വേണ്ടി തയ്യാറാക്കിയ 375 കോടി രൂപയുടെ പമ്പാ ആക്ഷന്‍ പ്ലാന്‍ സര്‍ക്കാര്‍ അട്ടിമറിച്ചു. കേന്ദ്രസര്‍ക്കാര്‍ നല്‍കിയ 80 കോടി രൂപ വകമാറ്റി ചെലവഴിച്ചു. ആറന്മുള നെല്‍വയല്‍ നികത്തിയാല്‍ കടുത്ത ജലക്ഷാമവും കൃഷിനാശവും ഭൂചനവും ഉണ്ടാകുമെന്ന മുന്നറിയിപ്പോടെ ജില്ലാ കൃഷിവകുപ്പ്‌ അസിസ്റ്റന്റ്‌ ഡയറക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട്‌ സര്‍ക്കാര്‍ പൂഴ്ത്തി.
ജലസമൃദ്ധമായിരുന്ന പത്തനംതിട്ട ജില്ലയെ വരള്‍ച്ചബാധിത പ്രദേശമായി പ്രഖ്യാപിക്കേണ്ടിവന്നത്‌ സര്‍ക്കാരിന്റെ പിടിപ്പുകേടും ജനവിരുദ്ധ നയവും മൂലമാണ്‌. ഈ വൈകിയ വേളയിലെങ്കിലും ജനങ്ങളെ ഓര്‍ത്ത്‌ ആറന്മുള നീര്‍ത്തടവും നെല്‍വയലും നീര്‍ച്ചാലും ഭൂമാഫിയകള്‍ക്ക്‌ എറിഞ്ഞുകൊടുക്കരുതെന്നും 140 എംഎല്‍എമാര്‍ ഒറ്റക്കെട്ടായി 2008 ല്‍ പാസ്സാക്കിയ നെല്‍വയല്‍ സംരക്ഷണ നിയമം എന്തുവിലകൊടുത്തും പരിരക്ഷിക്കണമെന്നും യുഡിഎഫ്‌ നേതാക്കളോട്‌ കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.