കരുണാകരന്‍ കമ്മിഷനെതിരെ വി.എസ്

Tuesday 29 January 2013 1:33 pm IST

തിരുവനന്തപുരം: ലാവ്‌ലിന്‍ വിഷയത്തില്‍ പിണറായി വിജയനെതിരേ താന്‍ പ്രവര്‍ത്തിച്ചുവെന്ന ആരോപണമന്വേഷിച്ച പാര്‍ട്ടി കമ്മീഷനെതിരേ പ്രതിപക്ഷ നേതാവ്‌ വി.എസ്‌ അച്യുതാനന്ദന്‍ പരസ്യമായി രംഗത്തെത്തി. പി. കരുണാകരന്‍ കമ്മീഷന്‍ തന്റെ ഭാഗം കേട്ടില്ലെന്ന്‌ വി.എസ്‌ കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത്‌ വിളിച്ച വാത്താസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട്‌ പ്രതികരിക്കുകയായിരുന്നു വി.എസ്‌. താന്‍ ഉള്‍പ്പെട്ട ആരോപണം അന്വേഷിക്കുമ്പോള്‍ തനിക്കെന്താണ്‌ പറയാനുള്ളതെന്ന്‌ കേള്‍ക്കണം. കരുണാകരന്‍ തന്റെ അഭിപ്രായം കേട്ടിട്ടില്ല. തന്റെ ഭാഗങ്ങള്‍ കേള്‍ക്കാതെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. എന്തുകൊണ്ട് ഇത്തരം റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയതെന്ന് മാധ്യമങ്ങള്‍ അന്വേഷിക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു. പിണറായി വിജയന്റെ സേവ പിടിക്കാനാണ് മുന്‍ പ്രൈവറ്റ് സെക്രട്ടറി എസ് രാജേന്ദ്രന്‍ ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ ആരോപണം ഉന്നയിച്ചത്. ജസ്റ്റീസ് എച്ച്.എല്‍.ദത്തു,​ ബാലി എന്നിവരുമായി ലാവ്‌ലിന്‍ കേസ് സംബന്ധിച്ച് സംസാരിച്ചിട്ടില്ലെന്നും വി.എസ് പറഞ്ഞു. മുഖ്യമന്ത്രിയായിരിക്കെ ചീഫ് ജസ്റ്റീസുമാരുള്‍പ്പടെയുള്ളവര്‍ തന്നെ കാണാന്‍ വന്നിട്ടുണ്ട്. അതില്‍ അസ്വാഭാവികതയൊന്നുമില്ല. എന്നാല്‍ ഇവരൊക്കെ തന്നെ കാണാന്‍ വന്നത് ലാവ്‌ലിന്‍ കേസ് സംബന്ധിച്ച് സംസാരിക്കാനാണെന്ന് പുറത്ത് നിന്ന് ഊഹിക്കുകയാണ് രാജേന്ദ്രന്‍ ചെയ്യുന്നത്. അതിലൂടെ പിണറായി വിജയന് സേവ പിടിക്കാനാണ് രാജേന്ദ്രന്‍ ശ്രമിക്കുന്നത്. ഇക്കാര്യങ്ങളെല്ലാം ജനങ്ങള്‍ക്ക് മനസിലാകുമെന്നും വി.എസ് പറഞ്ഞു. പിണറായി വിജയന്‍ കൂടി നിര്‍ദേശിച്ചാണ് രാജേന്ദ്രനെ സെക്രട്ടറിയാക്കിയത്. തന്നെ കാണാന്‍ വരുന്ന ചിലരെ കാണാന്‍ രാജേന്ദ്രന്‍ അനുവദിച്ചിരുന്നില്ല. അതുകൊണ്ട് അയാളെ പറഞ്ഞുവിടുകയായിരുന്നു. ഇതിലുള്ള ദേഷ്യമാണ് ആരോപണം ഉന്നയിക്കാന്‍ രാജേന്ദ്രനെ പ്രേരിപ്പിച്ചതെന്നും വി.എസ് പറഞ്ഞു. കിളിരൂര്‍,​ കവിയൂ‌ര്‍ കേസുകളില്‍ അന്വേഷണം ഇഴഞ്ഞു നീങ്ങിയതോടെയാണ് ബന്ധുക്കള്‍ തന്നെ വന്നുകണ്ടത്. അവരുടെ അഭ്യര്‍ത്ഥന പ്രകാരമാണ് അന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്ന ശിവരാജ് പാട്ടീലിനെ കണ്ടത്. അല്ലാതെ അദ്ദേഹവുമായി ലാവ്‌ലിന്‍ കേസ് സംസാരിക്കാനായിരുന്നില്ല കൂടിക്കാഴ്ച. ക്രൈം നന്ദകുമാറിനെ ദല്ലാള്‍ നന്ദകുമാറായി തെറ്റിദ്ധരിപ്പിച്ചു. എല്ലാത്തിനും മറുപടിയുണ്ടെന്നും ഇപ്പോള്‍ വിശദീകരിക്കുന്നില്ലെന്നും വിഎസ് പറഞ്ഞു. ലാവ്‌ലിന്‍ കേസില്‍ സിബിഐ അന്വേഷണത്തിന് വിഎസ് രഹസ്യനീക്കം നടത്തിയെന്ന ഗുരുതര ആരോപണമുള്ള പി കരുണാകരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സംസ്ഥാന സമിതിക്ക് നേരത്തെ സമര്‍പ്പിച്ചിരുന്നു. എസ് രാജേന്ദ്രന്റെ ആരോപണത്തെ തുടര്‍ന്നാണ് അന്വേഷണത്തിന് കമ്മറ്റിയെ നിയോഗിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.