പാര്‍ലമെന്റ്‌ കര്‍ത്തവ്യം മറന്നാല്‍ ജനകീയ പ്രക്ഷോഭമുണ്ടാവും: മീരാ കുമാര്‍

Tuesday 29 January 2013 4:12 pm IST

ന്യൂദല്‍ഹി: സാമൂഹിക അസമത്വത്തെയും അനാചാരങ്ങളെയും നേരിടാന്‍ പാര്‍ലമെന്റ്‌ പരാജയപ്പെട്ടാല്‍ ജനകീയ പ്രക്ഷോഭങ്ങള്‍ക്കു സാക്ഷിയാകേണ്ടിവരുമെന്നു ലോക്സഭാ സ്പീക്കര്‍ മീര കുമാര്‍. സോഷ്യോളജി ഇന്‍ സാനിറ്റേഷന്‍ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച പരിശീലന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍. പാര്‍ലമെന്റ്‌ ഉത്തരവാദിത്വങ്ങള്‍ യഥാസമയം നിര്‍വഹിച്ചില്ലെങ്കില്‍ ജനങ്ങള്‍ തെരുവിലിറങ്ങും. രക്തച്ചൊരിച്ചിലിനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല. സാമൂഹിക അസമത്വത്തിനും തെറ്റായ ആചാരങ്ങള്‍ക്കുമെതിരേ നടപടിയെടുക്കുകയെന്ന കടമ ഭരണകൂടം നിര്‍വഹിക്കണം. പാര്‍ലമെന്റ്സമ്മേളനങ്ങള്‍ തടസംകൂടാതെ മുന്നോട്ടു പോകണം. നിയമ നിര്‍മാണമെന്ന ദൗത്യം എല്ലായ്പ്പോഴും യാഥാര്‍ഥ്യമാക്കണം. ചില പ്രത്യേക വിഭാഗങ്ങള്‍ക്കുമേല്‍ തോട്ടിപ്പണി അടിച്ചേല്‍പ്പിക്കുന്നത്‌ നികൃഷ്ടമായ ആചാരമാണ്‌. സമൂഹ മനസിന്റെ ശുദ്ധീകരണത്തിലൂടെ മാത്രമേ ഇത്തരം ചെയ്തികള്‍ അവസാനിപ്പിക്കാനാവു. തോട്ടിപ്പണി നിരോധിക്കുന്ന ബില്ലിനു എല്ലാ പാര്‍ട്ടികളുടെയും പിന്തുണ ലഭിക്കുമെന്നും മീരാ കുമാര്‍ പ്രത്യാശ പ്രകടിപ്പിച്ചു. ബില്ലിനു എംപിമാര്‍ പൂര്‍ണ പിന്തുണ നല്‍കണമെന്ന്‌ ചടങ്ങില്‍ സംബന്ധിച്ച കേന്ദ്ര ഗ്രാമ വികസന മന്ത്രി ജയറാം രമേശ്‌ അഭ്യര്‍ഥിച്ചു. അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിച്ചാല്‍ രണ്ടു മൂന്നു മാസത്തിനകം ബില്‍ പാസാക്കാനാവുമെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.