കയര്‍ വിപണി വിപുലീകരിക്കും : അടൂര്‍ പ്രകാശ്‌

Tuesday 29 January 2013 10:24 pm IST

കൊച്ചി: ഫെബ്രുവരിയില്‍ ആലപ്പുഴയില്‍ നടക്കുന്ന കയര്‍ കേരള അന്താരാഷ്ട്ര പ്രദര്‍ശനമേള കയറിന്റേയും കയര്‍ ഉല്‍പ്പന്നങ്ങളുടേയും ആഭ്യന്തര വിദേശ വിപണന സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുമെന്ന്‌ മന്ത്രി അടൂര്‍ പ്രകാശ്‌ പറഞ്ഞു. 100 വിദേശരാജ്യങ്ങളില്‍ നിന്നായി 200 പ്രതിനിധികള്‍ എത്തിച്ചേരുമെന്ന്‌ പ്രതീക്ഷിയ്ക്കുന്ന ഈ മേള കയര്‍ ഉല്‍പ്പന്ന വിപണന രംഗത്ത്‌ ഒരു ചരിത്രമായി മാറുമെന്നും മന്ത്രി പറഞ്ഞു.
ബാംഗ്ലൂരിലെ ബസവന്‍ഗുഡി ഗാന്ധിബസാറില്‍ കയര്‍ഫെഡ്‌ ആരംഭിച്ച പുതിയ ഷോറൂം "കേരളാ കയര്‍ ഹൗസ്‌" ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചേര്‍ത്തല കയര്‍ മാറ്റ്സ്‌ ആന്റ്‌ മാറ്റിംഗ്‌ കോ-ഓപ്പറേറ്റീവ്‌ സൊസൈറ്റിയുമായി സഹകരിച്ചാണ്‌ ബാഗ്ലൂരില്‍ ഷോറൂം തുറന്നത്‌.
കയര്‍ ഉല്‍പ്പന്ന വൈവിദ്ധ്യവല്‍ക്കരണത്തിന്‌ സമഗ്രമായ പദ്ധതി സര്‍ക്കാര്‍ ആസൂത്രണം ചെയ്തുവരികയാണെന്നും മന്ത്രി പറഞ്ഞു. പിരി മേഖലയുടെ വളര്‍ച്ച ഉറപ്പാക്കുവാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ബാംഗ്ലൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ കാട്ടേ സത്യനാരായണന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കയര്‍ഫെഡ്‌ ചെയര്‍മാന്‍ എസ്‌.എല്‍. സജികുമാര്‍ ആദ്യവില്‍പ്പന നിര്‍വ്വഹിച്ചു. ചേര്‍ത്തല കയര്‍ മാറ്റ്സ്‌ ആന്റ്‌ മാറ്റിംഗ്‌ കോ-ഓപ്പറേറ്റീവ്‌ സൊസൈറ്റി പ്രസിഡന്റ്‌ പി.വി.പൊന്നപ്പന്‍, കയര്‍ഫെഡ്‌ മാനേജിംഗ്‌ ഡയറക്ടര്‍ കെ.എം.മുഹമ്മദ്‌ അനില്‍, ജനറല്‍ മാനേജര്‍ ബി. സുനില്‍ എന്നിവര്‍ സംസാരിച്ചു. പുതിയ ഷോറൂമില്‍ നിന്നും വില്‍ക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക്‌ 10 ശതമാനം വിലക്കിഴിവ്‌ മന്ത്രി പ്രഖ്യാപിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.