ലക്ഷ്മിവിലാസം ഹൈസ്‌കൂളിന്റെ സുവര്‍ണജൂബിലി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം

Thursday 31 January 2013 5:54 pm IST

പോത്തന്‍കോട്: ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന പോത്തന്‍കോട് ലക്ഷ്മിവിലാസം ഹൈസ്‌കൂളിലന്റെ സുവര്‍ണജൂബിലി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം. വൈകുന്നേരം പ്രവേശനകവാടം മുതല്‍ സ്‌കൂള്‍ അങ്കണംവരെ നൂറുകണക്കിന് മണ്‍ചിരാതുകളില്‍ ദീപം തെളിയുമ്പോള്‍ അന്‍പതുവര്‍ഷം പിന്നിടുന്ന വിദ്യാലയം പ്രകാശപൂരിതമാകും. ദീപാഞ്ജലിയെന്ന ഈ പരിപാടി വനിതാകമ്മിഷന്‍ മുന്‍ അധ്യക്ഷ ജസ്റ്റിസ് ഡി.ശ്രീദേവി ഉദ്ഘാടനം ചെയ്യും. സ്‌കൂളിലെ രണ്ടായിരത്തിലേറെ വിദ്യാര്‍ത്ഥികളുടെ വീടുകളില്‍ ജൂബിലി ദീപം തെളിയിച്ച് സുവര്‍ണജൂബിലി സന്ദേശമെത്തിക്കും.നാളെ വൈകുന്നേരം 6ന് പൈതൃകം പരിപാടിയില്‍ സ്‌കൂളിന്റെ സ്ഥാപകന്‍ മുരുക്കുംപുഴ കുഞ്ഞന്‍മുതലാളിയുടെ ഭവനത്തില്‍ നിന്ന് യുവജക്ഷേമബോര്‍ഡ് അഡീഷണല്‍ ഡയറക്ടര്‍ നുജുമുദ്ദീന്‍ തെളിയിക്കുന്ന ജൂബിലി ദീപം കായികപ്രതിഭകള്‍ക്ക് കൈമാറും. പ്രഥമപ്രധാന അധ്യാപകന്‍ പി.സി.നാടാറിന്റെ നെയ്യാറ്റിന്‍കരയിലെ ജന്മഗൃഹത്തില്‍ നിന്ന് ആരംഭിക്കുന്ന പതാകജാഥയും കായികതാരങ്ങള്‍ വഹിക്കുന്ന ജൂബിലി ദീപവും പോത്തന്‍കോട് ജംഗ്ഷനില്‍ സംഗമിച്ച് വിദ്യാലയത്തിലേക്ക് വിളംബരഘോഷയാത്ര നടക്കും.ഫെബ്രുവരി 2ന് വൈകുന്നേരം 4ന് പോത്തന്‍കോട് ജംഗ്ഷനില്‍ നിന്നാരംഭിക്കുന്ന സാംസ്‌കാരിക കലാജാഥ പ്രൊഫ.വട്ടപ്പറമ്പില്‍ ഗോപിനാഥപിള്ള ഉദ്ഘാടനം ചെയ്യും. അയ്യായിരത്തിലേറെ പൂര്‍വ്വവിദ്യാര്‍ത്ഥികളും നിലവിലെ വിദ്യാര്‍ത്ഥികളും സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളും സാംസ്‌കാരിക കലാസമിതികളും അണിനിരക്കും.തുടര്‍ന്ന് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷപരിപാടികളുടെ ഉദ്ഘാടനം പൂര്‍വ്വവിദ്യാര്‍ത്ഥിയും കേന്ദ്രതൊഴില്‍സഹമന്ത്രിയുമായ കൊടിക്കുന്നില്‍ സുരേഷ് നിര്‍വഹിക്കും. സുവര്‍ണജൂബിലി ശിലാസ്ഥാപനം അഡ്വ.എ.സമ്പത്ത് എംപി നടത്തും. വിദ്യാലയത്തിലെ നിലവിലെ മാനേജര്‍ കെ.പ്രഫുല്ലചന്ദ്രനെ ഒ.രാജഗോപാല്‍ അനുമോദിക്കും. ദേശീയ നീന്തല്‍താരം സ്വാതിസുന്ദറിനെ എം.എ.വാഹീദ് എംഎല്‍എ അനുമോദിക്കും. പാലോട് രവി എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കടകംപള്ളി സുരേന്ദ്രന്‍, എം.മുനീര്‍, വി.ശ്രീകല, ജി.സതീശന്‍നായര്‍, വി.വിമല്‍കുമാര്‍, എം.ബാലമുരളി, പിറ്റിഎ പ്രസിഡന്റ് ശാസ്തവട്ടം ഷാജി, എസ്.എം.ജയശ്രീ എന്നിവര്‍ സംസാരിക്കും. 3-ാം തീയതി രാവിലെ 10ന് സംഗമം, വൈകുന്നേരം 3ന് ഗുരുവന്ദനം എന്നിവ നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.