എസ്‌ഐഎഫ്‌എല്‍ അഴിമതി: കുഞ്ഞാലിക്കുട്ടി രാജിവെക്കണം-കെ. സുരേന്ദ്രന്‍

Thursday 31 January 2013 9:31 pm IST

കോഴിക്കോട്‌: വ്യവസായവകുപ്പിന്‌ കീഴിലുള്ള തൃശൂരിലെ എസ്‌ഐഎഫ്‌എല്ലുമായി ബന്ധപ്പെട്ട ആയുധലോഹ കരാറില്‍ നടന്ന അഴിമതി അന്വേഷണം അട്ടിമറിക്കപ്പെടാതിരിക്കാന്‍ വ്യവസായ വകുപ്പ്‌ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി രാജിവെച്ച്‌ അന്വേഷണം നേരിടണമെന്ന്‌ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വ്യവസായ വകുപ്പിന്റെ കീഴിലുള്ള സ്ഥാപനത്തിലെ ഇടപാടുകള്‍ വകുപ്പുമന്ത്രി അറിയാതെ നടക്കില്ല. മറ്റു കേസുകളിലെല്ലാം സംഭവിച്ചപോലെ ഇതും വഴി തെറ്റിക്കാന്‍ അദ്ദേഹത്തിനു സാധിക്കുമെന്നും കെ. സുരേന്ദ്രന്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.
സ്റ്റീല്‍ ഇന്‍ഡസ്ട്രീസ്‌ ഫോര്‍ജിംഗ്‌ ലിമിറ്റഡ്‌ മാനേജിംഗ്‌ ഡയറക്ടര്‍ ഷാനവാസും വ്യവസായ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ഉള്‍പ്പെട്ടിട്ടുള്ള ആയുധ നിര്‍മ്മാണ കരാര്‍ അഴിമതി സംബന്ധിച്ച ദുരൂഹതകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ്‌ വ്യവസായവകുപ്പ്‌ മന്ത്രി രാജിവെക്കണമെന്ന്‌ ആവശ്യപ്പെടുന്നത്‌. വ്യവസായ വകുപ്പിന്‌ കീഴില്‍ നടന്ന ഈ അഴിമതി ഗുരുതരമായ സുരക്ഷാവീഴ്ചയും വകുപ്പ്‌ മന്ത്രിയുടെ വിശ്വാസ്യത ചോദ്യം ചെയ്യുന്നതുമാണ്‌. എസ്‌ഐഎഫ്‌എല്‍ ആയുധ നിര്‍മ്മാണ സാമഗ്രികളുടെ കരാറുമായി ബന്ധപ്പെട്ട്‌ നടന്ന അഴിമതിയെപ്പറ്റി സര്‍ക്കാര്‍ വിജിലന്‍സ്‌ അന്വേഷണം പ്രഖ്യാപിച്ചാലും കുഞ്ഞാലിക്കുട്ടി മന്ത്രിസ്ഥാനത്തിരുന്നുകൊണ്ട്‌ ഇതിനെ അട്ടിമറിക്കുമെന്ന്‌ അദ്ദേഹത്തിന്റെ പൂര്‍വ്വകാല പ്രവര്‍ത്തനങ്ങളില്‍ നിന്ന്‌ മനസ്സിലാക്കാമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
അഴിമതിയുമായി ബന്ധപ്പെട്ടു നടക്കുന്ന സിബിഐ അന്വേഷണത്തില്‍ പ്രതിരോധ രഹസ്യങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന പല പ്രധാന രഹസ്യങ്ങളും ചോര്‍ന്നതായി കണ്ടെത്തിയിട്ടുണ്ട്‌. എസ്‌ഐഎഫ്‌എല്ലിന്റെ മാനേജിംഗ്‌ ഡയറക്ടര്‍ ഷാനവാസും ചെയര്‍മാന്‍ ഹംസയും കൊള്ളമുതല്‍ പങ്കുവക്കുന്നതിലുണ്ടായ തര്‍ക്കമാണ്‌ അഴിമതിക്കഥ പുറത്തുവരാന്‍ കാരണം. തീവ്രവാദ ബന്ധം ആരോപിക്കപ്പെട്ട്‌ ലീഗില്‍ നിന്നും പുറത്താക്കപ്പെട്ട വ്യക്തിയാണ്‌ ഹംസ. അങ്ങനെയൊരാള്‍ ചെയര്‍മാനായിരിക്കെ പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ന്നതിന്‌ പിന്നില്‍ ദുരൂഹതയുണ്ട്‌. ഹംസയും ഷാനവാസും വിചാരിച്ചാലും വ്യവസായ വകുപ്പ്‌ മന്ത്രി അറിയാതെ ഇത്തരത്തില്‍ ഒരു അഴിമതി നടക്കില്ല. കുപ്രസിദ്ധ ഇടനിലക്കാരി സുബി മാലി വ്യവസായ വകുപ്പിലെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടതിന്റെ പ്രധാന തെളിവുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്‌. അന്തര്‍ദേശീയ ബന്ധങ്ങളുള്ള സുബി മാലി പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയതിലൂടെ രാജ്യത്തിന്റെ സുരക്ഷ ആശങ്കയുളവാക്കുന്നതായിരിക്കുകയാണ്‌. ഇത്തരമൊരു സുപ്രധാന വിഷയത്തില്‍ കേന്ദ്ര പ്രതിരോധ വകുപ്പ്‌ മന്ത്രി എ.കെ. ആന്റണി ഇതുവരെ പ്രതികരിക്കാത്തതില്‍ ദുരൂഹതയുണ്ട്‌. സുബി മാലിയെ വ്യവസായ വകുപ്പിലെ ഉന്നതന്‍മാര്‍ക്ക്‌ പരിചയപ്പെടുത്തിയത്‌ എ.കെ. ആന്റണിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഒരു കോണ്‍ഗ്രസ്‌ നേതാവാണ്‌. എന്നാല്‍ താന്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ പേര്‌ ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ലെന്നും അന്വേഷണം ശരിയായ ദിശയിലാണ്‌ പോകുന്നതെങ്കില്‍ താമസിയാതെ പേര്‌ വെളിപ്പെടുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. സുബി മാലിയെ വ്യവസായ വകുപ്പിലെ ഉന്നതര്‍ക്ക്‌ പരിചയപ്പെടുത്തിയ കോണ്‍ഗ്രസ്‌ നേതാവ്‌ ആരെന്ന്‌ ആന്റണി വെളിപ്പെടുത്തണം. ബിജെപി കോഴിക്കോട്‌ ജില്ലാ പ്രസിഡന്റ്‌ പി. രഘുനാഥും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.