പ്രതികളെ വെറുതെവിട്ട വിധി സുപ്രീംകോടതി റദ്ദാക്കി

Friday 1 February 2013 10:50 am IST

ന്യുദല്‍ഹി: സൂര്യനെല്ലി ലൈംഗിക പീഡനകേസില്‍ പ്രതികളെ വെറുതെവിട്ട കേരള ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. ഹൈക്കോടതി വിധി ഞെട്ടിക്കുന്നതാണെന്ന്‌ ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി കേസ്‌ വീണ്ടും പരിഗണിക്കാന്‍ ഹൈക്കോടതിക്ക്‌ നിര്‍ദേശം നല്‍കി. പ്രതികള്‍ മുന്നാഴ്ചക്കകം കീഴടങ്ങാനും കോടതി ആവശ്യപ്പെട്ടു. അവരുടെ ജാമ്യം കോടതി റദ്ദാക്കി.കേസ്‌ ആറുമാസത്തിനകം തീര്‍പ്പാക്കാനും കോടതി നിര്‍ദേശിച്ചു. എ.കെ.പട്നായിക്‌, ജസ്റ്റിസ്‌ ജ്ഞാന്‍സുധ മിശ്ര എന്നിവരടങ്ങിയ പ്രത്യേക ബഞ്ചാണ്‌ പ്രത്യാഘാതം സൃഷ്ടിച്ചേക്കാവുന്ന വിധി പുറപ്പെടുവിച്ചത്‌.
ഹൈക്കോടതി വിധി റദ്ദാക്കിയതോടെ കേസിന്‍ മേലുള്ള കീഴ്ക്കോടതി വിധി നിലവില്‍ വരും. വിചാരണ നടന്ന കോട്ടയത്തെ പ്രത്യേക വിചാരണ കോടതി ധര്‍മ്മരാജന്‍ ഉള്‍പ്പെടെയുള്ള 36 പ്രതികള്‍ക്കും തടവു ശിക്ഷ വിധിച്ചിരുന്നു.
ഇതിനെതിരെ പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ്‌ കോടതി 35 പേരെ വെറുതെ വിട്ടത്‌. പെണ്‍കുട്ടിയുടെ സമ്മതപ്രകാരമായിരുന്നു പീഡനമെന്ന ഹൈക്കോടതി പരമാര്‍ശത്തിലാണ്‌ സുപ്രീംകോടതി ഞെട്ടല്‍ പ്രകടിപ്പിച്ചത്‌. പ്രതികള്‍ക്ക്‌ വേണമെങ്കില്‍ നാലാഴ്ച്ചയ്ക്കകം ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കാമെന്ന്‌ കോടതി പറഞ്ഞെങ്കിലും വസ്തുതകള്‍ പരിഗണിച്ച്‌ മാത്രമേ ഹൈക്കോടതി പ്രതികള്‍ക്ക്‌ ജാമ്യം നല്‍കാനാവൂവെന്നും ബഞ്ച്‌ ഉത്തരവിട്ടു.
കേസ്‌ പരിഗണിച്ചതില്‍ ഹൈക്കോടതിക്ക്‌ സാങ്കേതിക പിഴവുണ്ടായി എന്ന്‌ കോടതി അഭിപ്രായപ്പെട്ടു. മാനഭംഗക്കേസുകള്‍ കൈകാര്യം ചെയ്യുന്നതിനു പ്രത്യേകം രൂപീകരിച്ച ബഞ്ചാണ്‌ സൂര്യനെല്ലി കേസ്‌ പരിഗണനയ്ക്കെടുത്തത്‌. സര്‍ക്കാരിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ പത്മനാഭന്‍ നായരാണ്‌ ഹാജരായത്‌. ഹൈക്കോടതി വിധിക്കു പ്രധാന തെളിവായ പെണ്‍കുട്ടിയുടേതായി പറയപ്പെടുന്ന കത്തിന്റെ വിശ്വാസ്യതയില്‍ സംശയിക്കുന്നതായി പത്മനാഭന്‍ നായര്‍ കോടതിയെ അറിയിച്ചു.
സൂര്യനെല്ലി പീഡനക്കേസിലെ അപ്പീല്‍ നീണ്ടുപോകുന്നത്‌ പെണ്‍കുട്ടിക്കുവേണ്ടി ഹാജരായ ചന്ദര്‍ ഉദയ്‌ സിങ്‌, രുക്സാന ചൗധരി, വി.കെ. ബിജു എന്നിവര്‍ മൂന്നാഴ്ച്ച മുമ്പ്‌ ചീഫ്‌ ജസ്റ്റിസ്‌ അല്‍തമാസ്‌ കബിറിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. 2005 ല്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച അപ്പീലില്‍ ഇതുവരെ വാദം നടക്കാത്തതില്‍ ചീഫ്‌ ജസ്റ്റിസ്‌ അല്‍തമാസ്‌ കബീറിന്റെ നേതൃത്വത്തിലുള്ള ബെഞ്ച്‌ അന്ന്‌ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ്‌ മാനഭംഗക്കേസുകള്‍ക്ക്‌ പ്രത്യേകമായി ബഞ്ച്‌ രൂപീകരിക്കാന്‍ ചീഫ്‌ ജസ്റ്റിസ്‌ തയ്യാറായത്‌. സൂര്യനെല്ലിക്കേസും അദ്ദേഹം അടിയന്തരമായി ബെഞ്ചിന്റെ പരിഗണനയ്ക്ക്‌ വിട്ടു. 2005 മുതല്‍ കോടതിയുടെ ആഴ്ചതോറുമുള്ള അന്യായപ്പട്ടികയില്‍ വരാറുള്ള കേസ്‌ ഏഴു വര്‍ഷമായിട്ടും പരിഗണിക്കാതെ മറ്റീവ്ക്കാറായിരുന്നു പതിവ്‌. അപ്പീല്‍ എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം സുപ്രീംകോടതി പരിഗണിച്ചപ്പോള്‍സൂര്യനെല്ലി കേസ്‌ ഇനിയും നീട്ടണമെന്ന്‌ സംസ്ഥാന സര്‍ക്കാറും കേസിലെ പ്രതികളും 2013 ജനുവരി 21ന്‌ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഈ ആവശ്യം സുപ്രീംകോടതി ബെഞ്ച്‌ തള്ളുകയായിരുന്നു.
1996 ലാണ്‌ കേസിന്‌ ആസ്പദമായ സംഭവം നടന്നത്‌. 42 പേര്‍ ചേര്‍ന്ന്‌ 40 ദിവസത്തോളം 16 കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണ്‌ കേസ്‌. 2000 സപ്തംബര്‍ ആറിന്‌ കോട്ടയത്തെ പ്രത്യേക വിചാരണ കോടതി 36 പ്രതികള്‍ക്കും തടവ്‌ ശിക്ഷ വിധിച്ചു. പിന്നീട്‌ വിചാരണ കോടതിയുടെ ഉത്തരവിനെതിരെ പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചു. വിചാരണക്കൊടുവില്‍ 2005 ജനവരി 20 നാണ്‌ ധര്‍മ്മരാജന്‍ ഒഴികെ മുഴുവന്‍ പ്രതികളേയും വെറുതെവിട്ടുകൊണ്ട്‌ ഹൈക്കോടതി വിധിപുറപ്പെടുവിച്ചത്‌.
സ്വന്തം ലേഖിക

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.