ലാവലിന്‍: വിഎസിനെതിരെ പന്ന്യന്‍ രംഗത്ത്‌

Friday 1 February 2013 8:58 pm IST

തൃശൂര്‍: ലാവ്ലിന്‍ കേസില്‍ പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തിയ വിഎസ്സിനെതിരെ പന്ന്യന്‍ രവീന്ദ്രന്‍ രംഗത്ത്‌. പാര്‍ട്ടിക്ക്‌ അകത്തും പുറത്തും എന്തുപറയണമെന്ന വിവേചനാവകാശം വി എസിനുണ്ടെങ്കിലും ലാവലിന്‍ കേസുമായി ബന്ധപ്പെട്ട്‌ വന്ന പ്രസ്താവന അനവസരത്തിലായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തൃശൂരില്‍ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക്‌ മറുപടിപറയുകയായിരുന്നു പന്ന്യന്‍ രവീന്ദ്രന്‍. ഇന്ത്യാ-ചൈന യുദ്ധകാലത്ത്‌ സി പി ഐ നാഷണല്‍ കൗണ്‍സിലില്‍ വന്ന രണ്ട്‌ പ്രമേയങ്ങളുടെ പശ്ചാത്തലത്തില്‍ ചെയര്‍മാനായിരുന്ന ഡാങ്കെ തന്റെ പ്രമേയത്തെ എതിര്‍ത്തവരെ ഭരണകൂടത്തിന്‌ ഒറ്റിക്കൊടുത്തുവെന്നും അതേതുടര്‍ന്നാണ്‌ പാര്‍ട്ടി പിളര്‍ന്നതെന്നുമാണ്‌ വി എസ്‌ പറഞ്ഞത്‌. 30ഓളം പേര്‍ ചൈനീസ്‌ ചാരന്മാരാണെന്ന കുറ്റത്തിന്‌ ജയിലിലാവുകയും പുറത്തുവന്നതിനുശേഷം ചേര്‍ന്ന കൗണ്‍സിലില്‍ യോഗത്തില്‍ ഡാങ്കെയുടെ നിലപാടിനെ ചോദ്യം ചെയ്തുമാണ്‌ തങ്ങള്‍ പാര്‍ട്ടി വിട്ടതെന്നും വി എസ്‌ പറഞ്ഞിരുന്നു.
എന്നാല്‍, ഡാങ്കെ പട്ടികകൊടുത്തതുകൊണ്ടല്ല അക്കാലത്ത്‌ കമ്യൂണിസ്റ്റുകാരായ നേതാക്കള്‍ അകത്തുപോകേണ്ടിവന്നത്‌. 41 പേരെ അറസ്റ്റുചെയ്തിരുന്നു. അതില്‍ സി പി ഐയില്‍ ഉറച്ചുനിന്ന സി അച്യുതമേനോന്‍, ടി വി തോമസ്‌, ജെ ചിത്തരഞ്ജന്‍, എന്‍ ഇ ബലറാം, വി വി രാഘവന്‍, കെ പി പ്രഭാകരന്‍, ജോര്‍ജ്‌ ചടയംമുറി, സി ഉണ്ണിരാജ, സി ജനാര്‍ദ്ദനന്‍, കെ പി പ്രഭാകരന്‍, കെ സി മാത്യു, കെ എ രാജന്‍, ഇ പി ഗോപാലന്‍, ശര്‍മ്മാജി, പി പി ജോര്‍ജ്‌(കോട്ടയം), കെ ടി ജോര്‍ജ്‌, കെ എസ്‌ ആനന്ദന്‍, കെ വി സുരേന്ദ്രന്‍ തുടങ്ങിയ 18പേരും ഉള്‍പ്പെട്ടിരുന്നു. 1962 നവംബറിലാണ്‌ ഇവരെയെല്ലാം അറസ്റ്റുചെയ്ത്‌ ജയിലിലടച്ചത്‌. 1963 മാര്‍ച്ചില്‍ പുറത്തിറങ്ങി. ഡാങ്കെ ചെയര്‍മാനും ഇ എം എസ്‌ ജനറല്‍ സെക്രട്ടറിയുമായിരിക്കെ ഇവരെയെല്ലാം ഒറ്റിക്കൊടുത്ത്‌ ജയിലിലാക്കിയെന്ന വസ്തുത തെറ്റാണ്‌. ഈ സത്യത്തെ വി എസ്‌ മാറ്റിമറിച്ചതെന്തിനാണെന്ന്‌ വ്യക്തമല്ല, പന്ന്യന്‍ പറഞ്ഞു.
കേരളത്തില്‍ യു ഡി എഫ്‌ സംവിധാനവും സര്‍ക്കാരും പലതുകൊണ്ടും കുഴഞ്ഞുമറിഞ്ഞുകിടക്കുമ്പോഴാണ്‌ വി എസ്‌ ലാവലിന്‍ വിഷയത്തില്‍ ചര്‍ച്ചകൊണ്ടുവന്നത്‌. എല്‍ ഡി എഫിന്‌ രാഷ്ട്രീയ അനുകൂലാവസ്ഥ കൈവന്നിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ ഇത്തരം അഭിപ്രായപ്രകടനങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.