ഖനി നിറച്ച്‌ കേരളം കിരീടത്തിലേക്ക്‌

Monday 1 September 2014 9:54 pm IST

ഇറ്റാവ: ദേശീയ സ്കൂള്‍ അത്ലറ്റിക്‌ മീറ്റില്‍ കേരളം എതിരാളികളില്ലാതെ കിരീടത്തിലേക്ക്‌ കുതിക്കുന്നു. ആദ്യ രണ്ട്‌ ദിനം ട്രാക്കിലും ഫീല്‍ഡിലും തിരിച്ചടി നേരിട്ട കേരളം മൂന്നാം ദിനമാണ്‌ യഥാര്‍ത്ഥത്തില്‍ പടയോട്ടം ആരംഭിച്ചത്‌. മൂന്നാം ദിവസത്തെ സ്വര്‍ണ്ണക്കുതിപ്പിന്റെ തുടര്‍ച്ചയെന്നോണമാണ്‌ നാലാം ദിവസവും കേരളം ട്രാക്കില്‍ വെന്നിക്കൊടിപാറിച്ചത്‌. മൂന്നാം ദിവസം 11 സ്വര്‍ണ്ണം പിടിച്ചെടുത്ത കേരളത്തിന്റെ താരങ്ങള്‍ ഇന്നലെയും 11 സ്വര്‍ണ്ണം സ്വന്തമാക്കി. കൂടാതെ എട്ട്‌ വെള്ളിയും നാല്‌ വെങ്കലവും കേരളത്തിന്റെ താരങ്ങള്‍ ഇന്നലെ പിടിച്ചെടുത്തു. ഇതോടെ കേരളത്തിന്റെ മെഡല്‍ സമ്പാദ്യം 26 സ്വര്‍ണ്ണവും 23 വെള്ളിയും 16 വെങ്കലവുമായി. ജമ്പിങ്ങ്പിറ്റില്‍ നിന്നും ട്രാക്കില്‍ നിന്നുമാണ്‌ കേരളം സ്വര്‍ണ്ണം വാരിയത്‌. ജമ്പിങ്ങ്‌ പിറ്റില്‍ നിന്ന്‌ നാല്‌ സ്വര്‍ണ്ണവും ഹര്‍ഡില്‍സില്‍ നാല്‌ സ്വര്‍ണ്ണവും നാല്‌ വെള്ളിയുമാണ്‌ കേരളത്തിന്റെ ചുണക്കുട്ടികള്‍ വാരിക്കൂട്ടിയത്‌.
സീനിയര്‍ പെണ്‍കുട്ടികളുടെ 5 കി.മീ. നടത്തത്തില്‍ കോഴിക്കോട്‌ മണിയൂര്‍ പഞ്ചായത്ത്‌ എച്ച്‌എസ്‌എസിലെ എ.എം. ബിന്‍സിയുടെ സ്വര്‍ണ്ണനേട്ടത്തോടെയാണ്‌ നാലാം ദിവസത്തെ മെഡല്‍ വേട്ടക്ക്‌ കേരളം തുടക്കമിട്ടത്‌. ഈയിനത്തില്‍ വെള്ളിമെഡലും കേരളത്തിന്‌ സ്വന്തമായി. പാലക്കാട്‌ പറളി ഹൈസ്കൂളിലെ എസ്‌. അക്ഷയയാണ്‌ വെള്ളി കരസ്ഥമാക്കിയത്‌. സംസ്ഥാന സ്കൂള്‍ മീറ്റിലും ഇരുവര്‍ക്കും തന്നെയായിരുന്നു സ്വര്‍ണ്ണവും വെള്ളിയും. കഴിഞ്ഞ ദിവസം നൂറ്‌ മീറ്റര്‍ സ്പ്രിന്റില്‍ കനത്ത തിരിച്ചടി നേരിട്ട കേരളം ഇന്നലെ ഹര്‍ഡില്‍സില്‍ ഉജ്ജ്വല പ്രകടനം നടത്തി. 6 വിഭാഗങ്ങളിലായി നടന്ന ഹ്രസ്വദൂര ഹര്‍ഡില്‍സില്‍ മൂന്ന്‌ സ്വര്‍ണ്ണവും അഞ്ച്‌ വെള്ളിയും രണ്ട്‌ വെങ്കലവും കേരളത്തിന്റെ ചുണക്കുട്ടികള്‍ പിടിച്ചടക്കി. സീനിയര്‍ ആണ്‍കുട്ടികളുടെ 110 മീറ്റര്‍, സീനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍, ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സ്‌ എന്നിവയിലാണ്‌ കേരളം സ്വര്‍ണ്ണം പിടിച്ചെടുത്തത്‌.
സീനിയര്‍ ആണ്‍കുട്ടികളുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ സ്വര്‍ണ്ണവും വെങ്കലവും കേരളത്തിന്റെ ചുണക്കുട്ടികള്‍ സ്വന്തമാക്കി. കോതമംഗലം സെന്റ്‌ ജോര്‍ജ്‌ എച്ച്‌എസ്‌എസിലെ എം.എന്‍. നസിമുദ്ദീന്‍ സ്വര്‍ണ്ണവും ഇതേ സ്കൂളിലെ അനസ്ബാബു വെങ്കലവും കരസ്ഥമാക്കി. സീനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സ്‌ തിരുവനന്തപുരത്ത്‌ നടന്ന സംസ്ഥാന സ്കൂള്‍ മീറ്റിന്റെ ആവര്‍ത്തനമായി. ഇടുക്കി വണ്ണപ്പുറം എസ്‌എന്‍എംഎച്ച്‌എസിലെ ടി.എസ്‌. ആര്യ സ്വര്‍ണ്ണവും സായി തൃശൂരിലെ പി. മെര്‍ലിന്‍ വെള്ളിയും കരസ്ഥമാക്കി. സീനിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ പി. മെര്‍ലിന്‍ സ്വര്‍ണ്ണം കരസ്ഥമാക്കി. ജൂനിയര്‍ പെണ്‍കുട്ടികളുടെ ഹര്‍ഡില്‍സില്‍ ആലപ്പുഴ തത്തംപിള്ളി സെന്റ്‌ മൈക്കിള്‍സ്‌ എച്ച്‌എസിലെ സൗമ്യ വര്‍ഗ്ഗീസ്‌ സ്വന്തം പിടിച്ചടക്കി. ഈയിനത്തില്‍ കോട്ടയം എസ്ജിഎച്ച്‌എസ്‌എസിലെ ഡിബി സെബാസ്റ്റ്യന്‍ വെള്ളിയും നേടി. തിരുവനന്തപുരത്ത്‌ നടന്ന സംസ്ഥാന സ്കൂള്‍ മീറ്റിലും സൗമ്യക്കായിരുന്നു ഈയിനത്തില്‍ സ്വര്‍ണ്ണം. നേരത്തെ 100 മീറ്ററില്‍ വെങ്കലവും 4ഃ100 മീറ്റര്‍ റിലേയില്‍ സ്വര്‍ണ്ണവും സൗമ്യ സ്വന്തമാക്കിയിരുന്നു. അതേസമയം ജൂനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ കോതമംഗലം സെന്റ്‌ ജോര്‍ജ്‌ എച്ച്‌എസ്‌എസിലെ അനിലാഷ്‌ ബാലന്‍ വെള്ളിമെഡല്‍ കൊണ്ട്‌ തൃപ്തിപ്പെട്ടു.
സീനിയര്‍ പെണ്‍കുട്ടികളുടെ വോള്‍വോള്‍ട്ടില്‍ സ്വര്‍ണ്ണവും വെള്ളിയും കേരളത്തിന്‌ സ്വന്തം. എറണാകുളം കോതമംഗലം സെന്റ്‌ ജോര്‍ജ്‌ എച്ച്‌എസ്‌എസിലെ എമിത ബാബു സ്വര്‍ണ്ണവും ഇതേ സ്കൂളിലെ മരിയ മാര്‍ട്ടിന്‍ വെള്ളിയും നേടി. സംസ്ഥാന മീറ്റില്‍ മരിയ മാര്‍ട്ടിനായിരുന്നു സ്വര്‍ണ്ണം. എമിതക്ക്‌ വെള്ളിമെഡലായിരുന്നു ലഭിച്ചിരുന്നത്‌.
ജൂനിയര്‍ ആണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജമ്പില്‍ പാലക്കാട്‌ കുമരംപുത്തൂര്‍ കെഎച്ച്‌എസിലെ അബ്ദുള്ള അബൂബക്കര്‍ കേരളത്തിനായി സ്വര്‍ണ്ണം നേടി. ജൂനിയര്‍ പെണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജമ്പില്‍ കോഴിക്കോട്‌ കുളത്തുവയല്‍ സെന്റ്‌ ജോര്‍ജ്‌ എച്ച്‌എസ്‌എസിലെ ഇ.ആര്‍. രഞ്ജുക സ്വര്‍ണ്ണം നേടി. മ്പില്‍സീനിയര്‍ ആണ്‍കുട്ടികളുടെ ഹൈജമ്പില്‍ പ്രതീക്ഷിച്ചപോലെ എറണാകുളം എളമക്കര എച്ച്‌എസ്‌എസിലെ ശ്രീനിത്‌ മോഹന്‍ സ്വര്‍ണ്ണം നേടി. തിരുവനന്തപുരത്ത്‌ നടന്ന സംസ്ഥാന മീറ്റില്‍ ദേശീയ റെക്കോര്‍ഡ്‌ തകര്‍ത്ത പ്രകടനത്തോടെ ശ്രീനിത്മോഹന്‍ സ്വര്‍ണ്ണം നേടിയെങ്കിലും ദേശീയ മീറ്റില്‍ റെക്കോര്‍ഡ്‌ മറികടക്കാന്‍ കഴിഞ്ഞില്ല. സീനിയര്‍ പെണ്‍കുട്ടികളുടെ ഹാമര്‍ത്രോയില്‍ കോതമംഗലം മാര്‍ ബേസില്‍ എച്ച്‌എസ്‌എസിലെ ആതിര മുരളീധരനും സീനിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ തൃശൂര്‍ സായിയിലെ പി. മെര്‍ലിനും കേരളത്തിന്‌ വേണ്ടി സ്വര്‍ണ്ണം കരസ്ഥമാക്കി. മേളയുടെ സമാപനദിവസമായ ഇന്ന്‌ 4ഃ400 മീറ്റര്‍ റിലേ, 800 മീറ്റര്‍ മത്സരങ്ങളും ക്രോസ്‌ കണ്‍ട്രി മത്സരങ്ങളും നടക്കും. നേരത്തെ ട്രിപ്പിള്‍ സ്വര്‍ണ്ണം കരസ്ഥമാക്കിയ പി.യു. ചിത്ര ഈയിനത്തിലും മത്സരിക്കുന്നുണ്ട്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.