കുമരകം ബോട്ട്‌ ദുരന്തത്തിന്‌ ഇന്ന്‌ 9 വയസ്‌: ദുരന്ത സ്മാരകം വിലങ്ങണിഞ്ഞു തന്നെ

Tuesday 26 July 2011 11:24 pm IST

കുമരകം:2002 ജൂലൈ 27ന്‌ ഉണ്ടായ കുമരകം ബോട്ടപകടത്തിന്‌ ഇന്ന്‌ 9 വയസ്‌. കുമരകം തീരത്തോടടുത്തുകൊണ്ടിരുന്ന യാത്രാബോട്ടാണ്‌ അന്ന്‌ ദുരന്തത്തിനിരയായത്‌. അന്നത്തെ ബോട്ടപകടത്തില്‍ വേമ്പനാട്‌ കായലിണ്റ്റെ അടിത്തട്ടില്‍ ജീവന്‍ പൊലിഞ്ഞത്‌ 29 പേരുടേതായിരുന്നു. മരണമടഞ്ഞവരില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെട്ടിരുന്നു. സ്ഥലവാസികളുടെ ജിവന്‍ പണയം വച്ചുള്ള രക്ഷാപ്രവര്‍ത്തനം കൂടുതല്‍ പേരെ മരണത്തില്‍ നിന്നും രക്ഷിച്ചു. ഇത്‌ ഏറെ പ്രശംസ പിടിച്ചു പറ്റുകയു ചെയ്തിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനുള്ള സമ്മാനവും ജീവന്‍ പൊലിഞ്ഞവരുടെ സ്മരണ നിലനിര്‍ത്താനും ലക്ഷ്യമിട്ട്‌ സര്‍ക്കാര്‍ രണ്ടു വര്‍ഷത്തിനു ശേഷം കുമരം ബോട്ടുജെട്ടിയില്‍ ദുരന്ത സ്മാരകം പണിതീര്‍ത്തു. നേരത്തെ ബോട്ടു ജെട്ടിയിലുണ്ടായിരുന്ന കംഫര്‍ട്ട്‌ സ്റ്റേഷനും വിശ്രമമുറിയും പൊളിച്ചു നീക്കിയാണ്‌ സ്മാരക മന്ദിരം പണിതുയര്‍ത്തിയത്‌.7 വര്‍ഷം പിന്നിടുമ്പോഴും സ്മാരകമന്ദിരം പൂട്ടിയിട്ട നിലയില്‍ മറ്റൊരു ദുരന്തസ്മാരകമായി കുമരകം ബോട്ടുജെട്ടിയില്‍ കാഴ്ചവസ്തുവായി നിലകൊള്ളുന്നു. നിലവിലുണ്ടായിരുന്ന സൌകര്യങ്ങള്‍ പൊളിച്ചു നീക്കിയതിനാല്‍ കുമരകം ബോട്ടുജെട്ടിയില്‍ ബോട്ടു യാത്രക്കെത്തുന്ന സ്ത്രീകളും കുട്ടികളുമടക്കമുള്ള യാത്രക്കാര്‍ പ്രാഥമികാവശ്യങ്ങള്‍ നിര്‍വ്വഹിക്കാനും വിശ്രമിക്കാനുമിടം തേടിയും നെട്ടോട്ടമോടുന്നു. ഇതിനൊക്കെ സാക്ഷിയായി വിലങ്ങണിഞ്ഞ്‌ ദുരന്തസ്മാരകം കാഴ്ച വസ്തുവായി നില്‍ക്കാന്‍ തുടങ്ങിയിട്ട്‌ ഇന്നേക്ക്‌ 7 വര്‍ഷം തികയുന്നു..