പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലുകള്‍ തള്ളി; അന്വേഷണമില്ല

Saturday 2 February 2013 11:13 pm IST

തിരുവനന്തപുരം: സൂര്യനെല്ലി കേസില്‍ ആരോപണവിധേയനായ പി.ജെ. കുര്യനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെ രംഗത്തെത്തി. രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ.കുര്യനെതിരെ സൂര്യനെല്ലി പെണ്‍കുട്ടി വീണ്ടും നടത്തിയ വെളിപ്പെടുത്തലുകള്‍ തള്ളിയ മുഖ്യമന്ത്രി അതിന്മേല്‍ യാതൊരു തരത്തിലുള്ള അന്വേഷണവും നടത്തില്ലെന്നും പറഞ്ഞു. ഇന്നലെ പ്രത്യേക വാര്‍ത്താ സമ്മേളനം വിളിച്ചാണ്‌ മുഖ്യമന്ത്രി കുര്യനെ രക്ഷിക്കാന്‍ വാദങ്ങളുമായി രംഗത്തെത്തിയത്‌. പി.ജെ. കുര്യനെതിരായ ആരോപണങ്ങള്‍ നിര്‍ഭാഗ്യകരവും വേദനാജനകവുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ അഭിപ്രായം. അന്വേഷണ സംഘങ്ങളും കോടതികളും കുറ്റവിമുക്തനാക്കിയിട്ടും രാഷ്ട്രീയ ലക്ഷ്യത്തോടെ കുര്യനെ കടന്നാക്രമിക്കുന്നതു ശരിയല്ല. 17 വര്‍ഷം മുന്‍പു സൂര്യനെല്ലി പെണ്‍കുട്ടി പറഞ്ഞ കാര്യങ്ങള്‍ ആവര്‍ത്തിക്കുക മാത്രമാണ്‌ ഇപ്പോഴും ചെയ്തിരിക്കുന്നത്‌. എന്നാല്‍ പുതിയ ഏതോ വെളിപ്പെടുത്തല്‍ പോലെയാണ്‌ മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നത്‌. ഒന്നുമില്ലാത്ത കാര്യത്തില്‍ നിന്നും വിവാദമുണ്ടാക്കാനാണ്‌ ശ്രമം. ഇത്തരം സംഭവങ്ങളെ രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കരുത്‌, മുഖ്യമന്ത്രി പറഞ്ഞു.
എന്നാല്‍ കുര്യനെ ന്യായീകരിക്കാനും പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലിനെ നിരാകരിക്കാനും വാദമുഖങ്ങള്‍ നിരത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക്‌ വ്യക്തമായ ഉത്തരം നല്‍കിയില്ല. അന്വേഷണോദ്യോഗസ്ഥനായ കെ.കെ.ജോഷ്വയുടെ വെളിപ്പെടുത്തല്‍ ഉദ്യോഗസ്ഥര്‍ തമ്മിലുള്ള പ്രശ്നമാണെന്നായിരുന്നു മറുപടി. പി.ജെ കുര്യന്‍ ഇപ്പോള്‍ എന്‍എസ്‌എസ്‌ സെക്രട്ടറി സുകുമാരന്‍ നായരെ ന്യായീകരിക്കുന്നതും ഈ കേസും തമ്മില്‍ ബന്ധമൊന്നുമില്ലെന്ന്‌ ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. ജോഷ്വായും സിബി മാത്യൂസും തമ്മില്‍ ചില പ്രശ്നങ്ങളുണ്ടായിരുന്നുവെന്നതു പുറത്തായിരുന്നു. ഇതേക്കുറിച്ചു കൂടുതലൊന്നും പറയുന്നില്ല.
ജോഷ്വാ വെളിപ്പെടുത്തിയ കാര്യം നേരത്തെ തന്നെ പുറത്തുവന്നതാണ്‌. സംഭവദിവസം അഞ്ചുമണിക്കുശേഷം കുര്യന്‍ 23 പേരെ ഫോണ്‍ ചെയ്തിരുന്നു. ഇവരെയെല്ലാം അന്വേഷണസംഘ തലവനായ സിബി മാത്യൂസ്‌ ചോദ്യം ചെയ്യുകയും ചെയ്തു. ഇതെല്ലാം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. കേസ്‌ അന്വേഷിച്ച സിബി മാത്യൂസ്‌ മറ്റാരെയും പങ്കെടുപ്പിക്കാതെ ഒറ്റയ്ക്കാണ്‌ പെണ്‍കുട്ടിയുടെ മൊഴിയെടുത്തതെന്ന കെ.കെ. ജോഷ്വായുടെ വെളിപ്പെടുത്തലിനോടും മുഖ്യമന്ത്രി പ്രതികരിച്ചില്ല.
കുര്യനെതിരായ കേസില്‍ എല്ലാ സാക്ഷി മൊഴികളും സാഹചര്യങ്ങളുമെല്ലാം അന്വേഷണം നടത്തിയതാണ്‌. കേസില്‍ സുപ്രീംകോടതി തീരുമാനമെടുക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ സര്‍ക്കാരിന്‌ ഒന്നും ചെയ്യാന്‍ കഴിയില്ലന്ന്‌ പറഞ്ഞ അദ്ദേഹം വീണ്ടുമൊരു അന്വേഷണത്തെ പാടെ നിരാകരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.