ജില്ലാ സഹകരണ ആശൂപത്രി തുടങ്ങാന്‍ കാല്‍നൂറ്റാണ്ട്‌ മുമ്പ്‌ വാങ്ങിയ സ്ഥലം കാടുകയറി

Tuesday 26 July 2011 11:33 pm IST

കടുത്തുരുത്തി: സഹകരണ ആശൂപത്രി തുടങ്ങാന്‍ 25 വര്‍ഷം മുമ്പ്‌ വാങ്ങിയ സ്ഥലം ഇടതു - വലതു മുന്നണികളുടെ കെടുകാര്യസ്ഥതമൂലം കാടുകയറിയ അവസ്ഥയില്‍. നിര്‍ദ്ധനരായ രോഗികള്‍ക്ക്‌ ചികില്‍സാ സൌകര്യമൊരുക്കുന്നതിനായി രണ്ടുപതിറ്റാണ്ടുകള്‍ക്ക്‌ മുന്‍പ്‌ ശിലാസ്ഥാപനം നടത്തിയ കാപ്പുന്തലയിലെ സഹകരണആശുപത്രിയുടെ നിര്‍മാണമാണ്‌ ശിലയില്‍തന്നെയൊതുങ്ങി കഴിയുന്നത്‌. കുത്തുരുത്തി, ഞീഴൂറ്‍, മാഞ്ഞൂറ്‍ പഞ്ചായത്തുകളിലെ ആയിരകണക്കിന്‌ രോഗികളുടെ ആരോഗ്യസംരക്ഷണത്തിനായി 25 ലക്ഷത്തോളം രൂപ വിനയോഗിച്ചാണ്‌ ആശുപത്രി നിര്‍മാണത്തിനായി ജില്ലാ സഹകരണ ആശുപത്രി ബോര്‍ഡ്‌ 6.5 ഏക്കര്‍ സ്ഥലം വാങ്ങിയത്‌. ജില്ലാ സഹകരണ ബാങ്ക്‌ പ്രസിഡണ്റ്റായിരുന്ന കെ.കെ.ജോസഫ്‌ മുന്‍കൈയെടുത്താണ്‌ ആശുപത്രിക്കുളള സ്ഥലം വാങ്ങിയതും മറ്റ്‌ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട്‌ നീക്കിയതും. 1988ല്‍ സഹകരണവകുപ്പ്‌ മന്ത്രിയായിരുന്ന ടി.കെ.രാമകൃഷ്ണനെക്കൊണ്ട്‌ ആശുപത്രിയുടെ ശിലാസ്ഥാപനവും നടത്തിയിരുന്നു. പി.സി.തോമസ്‌ എം എല്‍ എയായിരിക്കുമ്പോഴാണ്‌ ആശുപത്രിയുടെ ശിലാസ്ഥാപനം നടന്നത്‌. പിന്നീട്‌ മാറിവന്ന ഇടത്‌ വലത്‌ സര്‍ക്കാരുകള്‍ ഈ പ്രദേശത്തോട്‌ കാണിച്ച അവഗണനയാണ്‌ ആശുപത്രി നിര്‍മാണം അനന്തമായി നീളാനിടയാക്കിയത്‌. കാപ്പുന്തല ആശുപത്രി പൂര്‍ത്തിയാകുന്നതോടെ ഇതിനോടുനുബന്ധിച്ച്‌ ഒരു സ്കാനിംഗ്‌ യൂണിറ്റും ഓഫീസും പ്രവര്‍ത്തിപ്പിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും സ്ഥാപിതതാല്‍പര്യക്കാരായ ചില ജനപ്രതിനിധികളിടപ്പെട്ട്‌ ഇവ രണ്ടും പിന്നീട്‌ കോട്ടയം മെഡിക്കല്‍ കോളജാശുപത്രിക്ക്‌ സമീപത്തേയേക്ക്‌ മാറ്റി. മെഡിക്കല്‍ കോളജിനെ ആശ്രയിക്കാതെ നാട്ടില്‍തന്നെ മികച്ച ചികിത്സ ലിക്കുമെന്ന സ്വപ്നം കണ്ട നാട്ടുകാരും പിന്നീട്‌ നിരാശരായി. ആശുപത്രി നിര്‍മാണത്തിനായി ശിലാഫലകം സ്ഥാപിച്ചതിനൊപ്പം മെയിന്‍ റോഡരികില്‍ ജില്ലാ സഹകരണ ആശുപത്രി കാപ്പുന്തല എന്ന ബോര്‍ഡും അധികൃതര്‍ നാട്ടിയിരുന്നു. അനാഥപ്രേതത്തെപോലെ റോഡരികില്‍ നിന്നിരുന്ന ഈ ബോര്‍ഡ്‌ കാലപഴക്കത്തില്‍ അടുത്തിടെ ദ്രവിച്ച്‌ താഴെവീണു. പിന്നിട്‌ ഇതും കാണാതായി. ആശുപത്രിക്കായി വാങ്ങിയ സ്ഥലം പിന്നീട്‌ എംവിഐപി കനാല്‍ നിര്‍മാണത്തിലെ കല്ലും മണ്ണും നിക്ഷേപിക്കുന്നതിനായി ഉപയോഗിച്ചിരുന്നു. കാടുപിടിച്ച്‌ കിടക്കുന്ന സ്ഥലം സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായി മാറിയതോടെ നാട്ടുകാരും ദുരിതത്തിലായി. അനാഥമായി കാടുപിടിച്ച്‌ കിടന്ന സ്ഥലം ഓഷധചെടികള്‍ വച്ചുപിടിപ്പിക്കുന്നതിനായി പാട്ടത്തിന്‌ നല്‍കിയിരുന്നെങ്കിലും കാട്‌ വെട്ടിതെളിച്ചുകഴിഞ്ഞപ്പോള്‍ മറ്റ്‌ കാരണങ്ങളാല്‍ ഈ പദ്ധതിയും ഉപേക്ഷിക്കുകയായിരുന്നു. കെ.ടി.സുഗുണന്‍ ജില്ലാ സഹകരണ ആശുപത്രി ബോര്‍ഡ്‌ പ്രസിഡണ്റ്റായിരിക്കെ ഈ സ്ഥലത്ത്‌ ആയൂര്‍വേദ ആശുപത്രി നിര്‍മിക്കാമെന്നആശയം ബോര്‍ഡിന്‌ മുന്നില്‍ സമര്‍പ്പിക്കുകയും മെംബര്‍മാരുടെ അംഗീകാരത്തോടെ കാര്യങ്ങള്‍ മുന്നോട്ട്‌ നീക്കുകയും ചെയ്തിരുന്നു. മെയിന്‍ റോഡരികില്‍ ഇത്രയേറേ സൌകര്യങ്ങളുളള സ്ഥലം ലഭ്യമായിട്ടും ഉപയോഗപ്പെടുത്താന്‍ തയാറാവാത്തതില്‍ പ്രതിഷേധം ശക്തമാണ്‌.