ഹനീഫയുടെ സ്നേഹത്തിന്റെ നിലയ്ക്കാത്ത ഓര്‍മ്മകളില്‍ ലാലും മമ്മൂട്ടിയും

Sunday 3 February 2013 11:19 pm IST

കൊച്ചി: സ്നേഹത്തിന്റെ നിലക്കാത്ത നീര്‍ച്ചാലായിരുന്ന കൊച്ചിന്‍ ഹനീഫയെ മറക്കാന്‍ അദ്ദേഹത്തെ ഒരിക്കല്‍ പരിചയപ്പെട്ടവര്‍ക്കാര്‍ക്കും കഴിയില്ലെന്ന്‌ മമ്മൂട്ടി. സൗഹൃദത്തിന്റെയും അടുപ്പത്തിന്റെയും ഓര്‍മകള്‍ വാക്കുകളിലൊതുങ്ങുന്നതല്ലെന്ന്‌ മോഹന്‍ലാല്‍. കൊച്ചിന്‍ ഹനീഫയുടെ മൂന്നാം ചരമവാര്‍ഷിക ദിനത്തില്‍ ഹനീഫയുടെ സുഹൃദ്സംഘം ഒരുക്കിയ കൂട്ടായ്മയിലായിരുന്നു മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സാന്നിധ്യം.
നടനവൈവിധ്യത്തിന്റെയും നര്‍മത്തിന്റെയും പ്രസാദം നിറഞ്ഞ വഴിത്താര മലയാള കലാലോകത്തിന്‌ തുറന്നു നല്‍കിയ കൊച്ചിന്‍ ഹനീഫയെ ഓര്‍മിക്കാന്‍ വൈഎംസിഎ ഹാളിലൊരുക്കിയ ചെറിയ പരിപാടിയിലേക്കെത്തിയവര്‍ അദ്ദേഹത്തിന്റെ വിപുലമായ സുഹൃദ്‌ വലയത്തിന്റെ ചെറിയൊരു പതിപ്പായിരുന്നു. സംവിധായകരായ ജോണ്‍ പോള്‍, ജോഷി, സിദ്ധിഖ്‌, ലാല്‍ ജോസ്‌, നടന്‍ ഹരിശ്രീ അശോകന്‍. പിന്നെ സഹപാഠികള്‍, ആരാധകര്‍, ബന്ധുക്കള്‍.
അഭിനയലോകത്തേക്ക്‌ തന്നെ നയിച്ച പ്രചോദനങ്ങളിലൊന്നായിരുന്നു കൊച്ചിന്‍ ഹനീഫയെന്ന്‌ മമ്മൂട്ടി പറഞ്ഞു. ഹനീഫയുമായുള്ള പരിചയം അഭിമാനമായാണ്‌ താന്‍ കൊണ്ടുനടന്നിരുന്നത്‌. അദ്ദേഹത്തിന്റെ പ്രകടനത്തെ വികലമായി അനുകരിച്ചാണ്‌ അഭിനയരംഗത്ത്‌ ചുവടുവച്ചതെന്നും മമ്മൂട്ടി ഓര്‍മിച്ചു. ഭാവാഭിനയകലയില്‍ ഹനീഫ നടത്തിയ പരീക്ഷണങ്ങള്‍ അന്നത്തെ പരിമിതമായ സാഹചര്യങ്ങളില്‍ വലിയൊരു മാറ്റത്തിനാണ്‌ വഴി തുറന്നത്‌. തന്റെ വീഴ്ചയിലും താഴ്ചയിലും ആശ്വസിപ്പിക്കാനും പിന്തുണക്കാനും ഹനീഫ എപ്പോഴുമുണ്ടായിരുന്നെന്ന്‌ മമ്മൂട്ടി പറഞ്ഞു.
നിര്‍മാതാവ്‌ പിലാക്കണ്ടി മുഹമ്മദലി അധ്യക്ഷത വഹിച്ചു. ഹൈബി ഈഡന്‍ എംഎല്‍എ, ജോണ്‍ പോള്‍, ലാല്‍ ജോസ്‌, ഹരിശ്രീ അശോകന്‍, കലാഭവന്‍ അന്‍സാര്‍, ചന്ദ്രഹാസന്‍ വടുതല, അഞ്ജു അഷറഫ്‌, എ.എന്‍. രവീന്ദ്രദാസ്‌, കുട്ടന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.