കോട്ടയം ജില്ലാ പഞ്ചായത്ത്‌ ആയുര്‍വേദ ആശുപത്രി അധികൃതരുടെ അനാസ്ഥയില്‍ നട്ടം തിരിയുന്നു

Tuesday 26 July 2011 11:36 pm IST

റെജി ദിവാകരന്‍ കോട്ടയം; കോട്ടയം ജില്ലാ പഞ്ചായത്ത്‌ ആയുര്‍വേദാശുപത്രി അധികൃതരുടെ പിടിപ്പുകേടുകൊണ്ട്‌ രോഗികള്‍ നട്ടം തിരിയുന്നു. ആശുപത്രിയുടെ ഒപി വിഭാഗത്തിലേക്കു കയറുമ്പോള്‍ ആദ്യം കണ്ണില്‍പ്പെടുന്ന നോട്ടീസില്‍ നടുവേദനാക്ളീനിക്‌, സന്ധി രോഗക്ളിനിക്‌ എന്നിവ മരുന്നുതീര്‍ന്നതിനാല്‍ താല്‍കാലികമായി പ്രവര്‍ത്തനം നിര്‍ത്തിയിരിക്കുന്നുവെന്ന ബോര്‍ഡാണ്‌. ആയുര്‍വേദ ചികിത്സയില്‍ ചെയ്യേണ്ട ചികിത്സക്കായി എത്തുന്ന നടുവേദനകാര്‍ക്കും സന്ധിവേദനക്കാര്‍ക്കും ഈ നോട്ടീസ്‌ ബോര്‍ഡ്‌ വേദന സമ്മാനിക്കുന്നു. ഭാരതത്തിലെ പ്രത്യേകിച്ച്‌ കേരളത്തിണ്റ്റെ പാരമ്പര്യ ചികിത്സാ സമ്പദായത്തിന്‌ വിദേശീയരുടെയും സ്വദേശികളുടെയും വിശ്വാസ്യത വര്‍ദ്ധിക്കുകയും ധാരാളം രോഗികള്‍ ആയുര്‍വേദ ചികിത്സക്കു വിധേയരാകുകയും ചെയ്തതോടെ ചികിത്സാ ചിലവും വര്‍ദ്ധിച്ചു. ഇതിനൊരാശ്വാസമായി സാധാരണക്കാര്‍ക്ക്‌ അത്താണിയായിത്തീര്‍ന്ന ജില്ലാ പഞ്ചായത്ത്‌ ആയുര്‍വേദ ആശുപത്രിക്കാണ്‌ മരുന്നുകളുടെ അഭാവവും താമസസൌകര്യങ്ങളുടെ കുറവും, ഡോക്ടര്‍മാരുടെ പരിമിതിയും മൂലം ദുഃസ്ഥിതി അനുഭവിക്കേണ്ടിവന്നിരിക്കുന്നത്‌. ഒരുകാലത്ത്‌ ആയുര്‍വേദ വൈദ്യത്തില്‍ പേരെടുത്ത വയസ്കരകുടുംബം ആയുര്‍വേദ ആശുപത്രിക്കായി ദാനം നല്‍കിയ സ്ഥലത്താണ്‌ ഇന്ന്‌ ജില്ലാ പഞ്ചാ. ആയുര്‍വേദ ആശുപത്രി സ്ഥിതിചെയ്യുന്നത്‌. ൨൫ സെണ്റ്റോളം വരുന്ന ആശുപത്രി വളപ്പ്‌ രോഗികളുടെ ആധിക്യം മൂലം പരിമിതപ്പെട്ട അവസ്ഥയിലാണ്‌. ചീഫ്‌ മെഡിക്കല്‍ ഓഫീസര്‍, സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍, മെഡിക്കല്‍ ഓഫീസര്‍, രണ്ട്‌ സ്പെഷ്യലിസ്റ്റ്‌ ആയുര്‍വേദ ഡോക്ടര്‍മാരാണ്‌ ആശുപത്രിയില്‍ ജീവനക്കാരായുള്ളത്‌. ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സക്കെത്തുന്ന രോഗികളെ ചികിത്സിക്കാന്‍ ഈ ഡോക്ടര്‍മാര്‍തന്നെ പരിമിതമായിരിക്കുമ്പോള്‍ സ്ഥലം മാറി പോയ രണ്ടു ഡോക്ടര്‍മാരുടെ തസ്തിക ഇപ്പോഴും ഒഴിഞ്ഞുകിടക്കുന്ന അവസ്ഥയാണ്‌ നിലവിലുള്ളത്‌. ഔട്ട്‌ പേഷ്യണ്റ്റ്‌ വിഭാഗത്തില്‍ ഡോക്ടര്‍മാരെ കാണാനെത്തുന്ന നിരവധി പേരടങ്ങുന്ന ക്യൂവിലെ രോഗികള്‍ വെയിലത്ത്‌ വാടിയും മഴയത്ത്‌ നനഞ്ഞും മണിക്കുറുകള്‍ നിന്നാണ്‌ ഡോക്ടറെ കാണുന്നത്‌. രോഗികള്‍ക്ക്‌ മഴയും വെയിലും കൊള്ളാതെ ക്യൂവില്‍ നില്‍കാനുള്ള സൌകര്യം അടിയന്തിരമായി ആശുപത്രി മാനേജ്മെണ്റ്റ്‌ കമ്മിറ്റി ഒരുക്കിക്കൊടുക്കേണ്ടത്‌ മനുഷ്യത്വത്തിണ്റ്റെ ഭാഗമാണ്‌. ജില്ലാപഞ്ചായത്തിണ്റ്റെ ഫണ്ടുപയോഗിച്ച്‌ സര്‍ക്കാര്‍ വക സ്ഥാപനമായ ഔഷധിയില്‍ നിന്നുള്ള ഗുണമേന്‍മയുള്ള ആയുര്‍വേദ ഔഷധങ്ങളാണ്‌ ഇവിടേക്ക്‌ വിതരണം ചെയ്യുന്നതെങ്കിലും ഇവിടെയെത്തുന്ന രോഗികള്‍ക്ക്‌ ഇപ്പോള്‍ ഇഷ്യൂ ചെയ്യുന്ന മരുന്നുകള്‍ തികയാത്തത്‌ രോഗികള്‍ക്ക്‌ തിരിച്ചടിയാകുന്നു. പ്രോജക്ടു വഴി ഒരു മാസത്തേക്ക്‌ ആശുപത്രിയില്‍ എത്തുന്ന മരുന്ന്‌ ഇപ്പോള്‍ രോഗികകള്‍ക്ക്‌ രണ്ടു ദിവസത്തേക്കാണ്‌ നല്‍കപ്പെടുന്നത്‌. മരുന്നിനുള്ള ഫണ്ട്‌ ൧൧ലക്ഷമായി ഉയര്‍ത്തിയാല്‍ രണ്ടു ദിവസത്തിനു പകരം രണ്ടാഴ്ചത്തേക്ക്‌ ഒരുമിച്ചു നല്‍കാനാവും. ഇത്‌ ആശുപത്രിയിലെ രോഗികളായി എത്തുന്നവരുടെ തിരക്കു കുറക്കാനാകുകയും രോഗികള്‍ക്ക്‌ മരുന്നുവാങ്ങാന്‍ എത്തേണ്ടത്‌ രണ്ടു ദിവസം എന്നത്‌ രണ്ട്‌ ആഴ്ചയായി പരിമിതപ്പെടുത്താനും കഴിയും. ഇപ്പോഴത്തെ മരുന്ന്‌ ഇഷ്യുപ്രകാരം ഒരു മാസത്തേക്കു നല്‍കപ്പെടുന്ന ൧൨൦൦ ഗുളികകള്‍ ഒരു ദിവസം കൊണ്ടു തീരുന്ന അവസ്ഥയാണുള്ളത്‌. അതുകൊണ്ടുതന്നെ ക്ളിനിക്കുകള്‍ വേണ്ടവിധത്തില്‍ പ്രവര്‍ത്തിക്കുന്നില്ല. മരുന്നുകളുടെ അഭാവം നിര്‍ദ്ധനരായ രോഗികളെ ഏറെ ക്ളേശിപ്പിക്കുന്ന അവസ്ഥയാണ്‌ ഇവിടെയുള്ളത്‌. കഷായം ഒഴിച്ച്‌ മറ്റു പല മരുന്നുകളും പുറത്തു നിന്നുള്ള ആയുര്‍വേദ മെഡിക്കല്‍ ഷോപ്പുകളിലേക്ക്‌ ഡോക്ടര്‍മാര്‍ കുറിച്ചു കൊടുക്കുകയാണ്‌. ഇത്‌ പ്രൈവറ്റ്‌ ആയുര്‍വേദ മെഡിക്കല്‍ ഷോപ്പുകാര്‍ക്ക്‌ കൊയ്ത്തുകാലമാകുമ്പോള്‍, നിര്‍ദ്ധനരായ രോഗികള്‍ പണത്തിണ്റ്റെ അഭാവംമൂലം നട്ടം തിരിയുവാനിടയാക്കുന്നു. കിടത്തി ചികിത്സിക്കേണ്ട രോഗികള്‍ക്കും അടിസ്ഥാന സൌകര്യമൊരുക്കാന്‍ വിവിധ രാഷ്ട്രീയക്കാരും സംഘടനാഭാരവാഹികളും ഉള്‍ക്കൊള്ളുന്ന ൨൫ അംഗങ്ങളുള്ള ഹോസ്പിറ്റല്‍ മാനേജ്മെനൃ കമ്മറ്റിക്കു കഴിയുന്നില്ലെന്നത്‌ പരിതാപകരമാണ്‌. നാല്‌ മുറികളുള്ള പഴയ കെട്ടിടത്തിനുള്ളിലെ പേ വാര്‍ഡും ൫൦ കട്ടിലുകളുള്ള ൨ വാര്‍ഡുകലും മാത്രമാണിവിടെയുള്ളത്‌. കിടത്തി ചികിത്സിക്കേണ്ട രോഗികളുടെ ഓരോ ദിവസത്തെയും സംഖ്യ കണക്കാക്കുമ്പോള്‍ ഇത്‌ വലിയ പരിമിതയാണെന്നു കാണാം. കുറഞ്ഞത്‌. ൧൦൦ കിടക്കകളെങ്കിലും ഐപിക്കായി ഉണ്ടാകേണ്ടതും അനിവാര്യമാണ്‌. ആയുര്‍വേദ ആശുപത്രിയിലെ ചികിത്സാ ഫലപ്രദമായതോടെ രോഗികളുടെ എണ്ണം ഗണ്യമായി കൂടിയത്‌ മനസിലാക്കി കോട്ടയം ജില്ലാ പഞ്ചായത്ത്‌ ആശുപത്രിയുടെ വികസനം ജില്ലാ പഞ്ചാ. ആശുപത്രിയുടെ വികസനം ത്വരിതപ്പെടുത്തേണ്ട ഹോസ്പിറ്റല്‍ മാനേജ്മെണ്റ്റ്‌ കമ്മറ്റി ഉണര്‍ ന്നു പ്രവര്‍ത്തിക്കേണ്ടകാലം അതിക്രമിച്ചിരിക്കുന്നതായാണ്‌ വിലയിരുത്തപ്പെടുന്നത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.