കുറുപ്പംപടിയില്‍ മൃഗാശുപത്രി മുറ്റത്ത്‌ വെള്ളക്കെട്ട്‌ രൂക്ഷമാകുന്നു

Wednesday 27 July 2011 11:33 am IST

പെരുമ്പാവൂര്‍: രായമംഗലം ഗ്രാമപഞ്ചായത്തിലെ കുറുപ്പംപടി ടൗണില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള മൃഗാശുപത്രിയുടെ മുറ്റം വെള്ളത്തില്‍ മുങ്ങുന്നത്‌ ഇവിടെയെത്തുന്നവര്‍ക്ക്‌ ബുദ്ധിമുട്ടാകുന്നു. കുറുപ്പംപടി ടൗണില്‍ ബസ്സ്റ്റാന്റിന്‌ സമീപത്തായാണ്‌ മൃഗാശുപത്രികെട്ടിടം സ്ഥിതിചെയ്യുന്നത്‌.
ബസ്സ്റ്റാന്റില്‍ റോഡ്‌ കോണ്‍ക്രീറ്റ്‌ ചെയ്ത സമയത്ത്‌ മണ്ണിട്ട്‌ ഉയര്‍ത്തിയതിനാല്‍ മഴവെള്ളം ഒഴുകിപ്പോകാന്‍ തോടുകളോ മറ്റ്‌ സംവിധാനങ്ങളോ ഒന്നും അധികൃതര്‍ ഉണ്ടാക്കിയിരുന്നില്ല. നാല്‌വശവും ഉയര്‍ന്നിരിക്കുന്ന ഇവിടെ താഴ്‌ന്നപ്രദേശത്ത്‌ പ്രവര്‍ത്തിക്കുന്ന മൃഗാശുപത്രിക്കൊപ്പം ഒരു പബ്ലിക്‌ ലൈബ്രറിയും പ്രവര്‍ത്തിച്ച്‌ വരുന്നുണ്ട്‌.
മഴശക്തമായി തുടര്‍ച്ചയായി പെയ്താല്‍ മൃഗാശുപത്രിക്കുള്ളിലും, ലൈബ്രറിക്കുള്ളിലും വെള്ളം കയറാവുന്ന അവസ്ഥയാണ്‌ ഇപ്പോഴുള്ളത്‌. വെള്ളം ഒഴുകിപോകാതെ കെട്ടികിടക്കുന്നതിനാല്‍ ഇതുവഴി പോകുന്ന ആളുകള്‍ തെന്നിവീഴുന്നതും പതിവാണെന്ന്‌ നാട്ടുകാര്‍ പറയുന്നു. ലൈബ്രറിയില്‍ ദിവസേന നിരവധിആളുകള്‍ വന്നുപോകുന്ന സ്ഥലമാണ്‌. രായമംഗലം ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ളതാണ്‌ പ്രൈവറ്റ്‌ ബസ്‌ സ്റ്റാന്റ്‌. ഇത്തരത്തില്‍ ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന പ്രശ്നം ഉണ്ടായിട്ടും അത്‌ പരിഹരിക്കുന്നതിന്‌ യാതൊരുവിധ നടപടിയും അധികൃതര്‍ സ്വീകരിച്ചിട്ടില്ലെന്നും നാട്ടുകാര്‍ പറയുന്നു.