സൂര്യനെല്ലി: പ്രതിഷേധം ശക്തം; സംഘര്‍ഷം

Wednesday 6 February 2013 10:32 pm IST

തിരുവനന്തപുരം: സൂര്യനെല്ലിക്കേസില്‍ ആരോപണ വിധേയനായ പി.ജെ.കുര്യനെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമാകുന്നു. നിയമസഭക്കുള്ളിലും പുറത്തും ഈ ആവശ്യം ഉന്നയിച്ച്‌ പ്രതിപക്ഷം രംഗത്തുവന്നു. ഇടത്‌ മഹിളാസംഘടനകള്‍ ഇന്നലെ നടത്തിയ നിയമസഭാമാര്‍ച്ച്‌ സംഘര്‍ഷത്തില്‍ കലാശിച്ചു. ഇതിനിടെ രണ്ടു വനിതാ എംഎല്‍എമാരെ പോലീസ്‌ മര്‍ദിച്ചുവെന്നാരോപിച്ച്‌ സഭക്കുള്ളിലും പ്രതിപക്ഷം പ്രതിഷേധം ഉയര്‍ത്തി. നടുത്തളത്തില്‍ ഇറങ്ങി ബഹളം വെച്ചതിനെ തുടര്‍ന്ന്‌ ഇന്നലെ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ സഭ പിരിഞ്ഞു.
നാടകീയ രംഗങ്ങളാണ്‌ ഇന്നലെ സഭയില്‍ അരങ്ങേറിയത്‌. ഗവര്‍ണറുടെ നയപ്രഖ്യാപനത്തിന്‍മേലുള്ള നന്ദിപ്രമേയ ചര്‍ച്ച പുരോഗമിക്കുന്നതിനിടെ പ്രതിപക്ഷനേതാവ്‌ വി.എസ്‌. അച്യുതാനന്ദനും കോടിയേരി ബാലകൃഷ്ണനുമാണ്‌ എംഎല്‍എമാരെ പോലീസ്‌ അറസ്റ്റ്‌ ചെയ്തതായി സഭയെ അറിയിച്ചത്‌. പരിശോധിച്ച്‌ വിശദീകരണം നല്‍കാമെന്ന്‌ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. രാവിലെ മുതല്‍ നടന്ന മഹിളാ സംഘടനകളുടെ മാര്‍ച്ചിനിടെ സിപിഐയില്‍ നിന്നുള്ള വനിതാ എംഎല്‍എമാരായ ഇ.എസ്‌ ബിജിമോള്‍ക്കും ഗീതാഗോപിക്കും പരിക്കേറ്റതാണ്‌ സഭയെ പ്രക്ഷുബ്ധമാക്കിയത്‌. സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കണമെന്നും പോലീസുകാരെ സസ്പെന്‍ഡ്‌ ചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍, സംഭവത്തെക്കുറിച്ച്‌ എഡിജിപി അന്വേഷിക്കുമെന്നും റിപ്പോര്‍ട്ട്‌ ലഭിച്ച ശേഷം നടപടി സ്വീകരിക്കുമെന്നും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മറുപടി നല്‍കി.
മറുപടിയില്‍ തൃപ്തരാകാതെ പ്രതിപക്ഷം ബഹളം വെച്ചതിനെ തുടര്‍ന്ന്‌ പ്രാഥമിക വിവരം ശേഖരിച്ച മന്ത്രി എംഎല്‍എമാരെ അറസ്റ്റ്‌ ചെയ്തിട്ടില്ലെന്ന്‌ അറിയിച്ചു. ഇ.എസ്‌.ബിജിമോള്‍ സമരം ചെയ്തുകൊണ്ടിരിക്കുയാണെന്നും ഗീതാഗോപി പോലീസ്‌ വാഹനത്തില്‍ സ്വയംകയറി പോയതാണെന്നും മറുപടി നല്‍കി.
ഇതോടെ, പിന്മാറിയ പ്രതിപക്ഷം സമരം നടന്ന പി.എം.ജി ജംഗ്ഷനിലേക്ക്‌ പോയി. അവിടെ നിന്ന്‌ പോലീസ്‌ മര്‍ദനത്തില്‍ പരിക്കേറ്റ ഇ.എസ്‌.ബിജിമോളെയും കൂട്ടി പ്രതിപക്ഷനേതാവ്‌ വി.എസ്‌.അച്യുതാനന്ദന്റെ നേതൃത്വത്തില്‍ സഭയിലെത്തിയ പ്രതിപക്ഷം വീണ്ടും നടുത്തളത്തില്‍ ഇറങ്ങി ബഹളം വെച്ചു.
പോലീസുകാരെ സസ്പെന്‍ഡ്‌ ചെയ്ത്‌ അന്വേഷണം നടത്തണമെന്ന്‌ പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇ.എസ്‌.ബിജിമോളും തനിക്കുണ്ടായ അനുഭവം വിശദീകരിച്ചു. പോലീസ്‌ മര്‍ദിച്ചതായും താലി മാല ഉള്‍പ്പെടെ നഷ്ടപ്പെട്ടതായും ബിജിമോള്‍ പറഞ്ഞു. ഇതോടെ, വീണ്ടും പ്രതിപക്ഷം ബഹളം വെച്ച്‌ നടുത്തളത്തിലിറങ്ങി നടപടികള്‍ തടസപ്പെടുത്തി. സഭാനടപടികള്‍ നിര്‍ത്തി വെച്ച്‌ വീണ്ടും ചേര്‍ന്നെങ്കിലും പ്രതിപക്ഷം ബഹളം തുടരുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.